തുള്ളിയില്ല കുടിക്കാൻ, ഏറെയാണ് ദുരിതം; വരൾച്ചയുടെ പിടിയിലായി പമ്പാ നദിയും

Mail This Article
പത്തനംതിട്ട ∙ ജില്ലയിലെ മലയോരപ്രദേശങ്ങളിൽ ശുദ്ധജല ക്ഷാമം രൂക്ഷമായിട്ട് ദിവസങ്ങളായി. വേനൽ കടുക്കുന്നതിനു മുൻപേ ജലസ്രോതസ്സുകൾ വറ്റിവരളുന്ന സ്ഥിതി. കോട്ടാങ്ങൽ, കൊറ്റനാട്, എഴുമറ്റൂർ പഞ്ചായത്തുകളിലെ മലയോര മേഖലകളിൽ ജലക്ഷാമമുണ്ട്. നിർമലപുരം, നാഗപ്പാറ, കെടികെട്ടിപ്പാറ, തടത്തെമല, പുളിക്കൻപാറ, മോത്താനം, അറഞ്ഞിക്കൽ, വട്ടരി, വേങ്ങഴ, പുളിക്കാമറ്റം, കൂലിപ്പാറ, അയ്യങ്കാവിൽമല, മഠത്തിങ്കൽമല, പുള്ളോലി, നാടമലക്കുന്ന് മേഖലകളിൽ സ്വകാര്യ ജലവിതരണ ടാങ്കറുളെ ആശ്രയിക്കുകയാണ് ജനങ്ങൾ.
കോന്നി മേഖലയിലെ കലഞ്ഞൂർ പഞ്ചായത്തിൽ കാഞ്ഞിരമുകൾ, മലനട, കുടപ്പാറ, പോത്തുപാറ, നെടുമൺകാവ്, കൈലാസക്കുന്ന്, അരുവാപ്പുലം പഞ്ചായത്തിലെ മുതുപേഴുങ്കൽ ചൂരക്കുന്ന് മുരുപ്പ്, കുമ്മണ്ണൂർ പത്തേക്കർ മുരുപ്പ്, പ്രമാടം പഞ്ചായത്തിലെ നെടുമ്പാറ, ളാക്കൂർ, കുളനടക്കുഴി, വള്ളിക്കോട് കോട്ടയം, കോന്നി പഞ്ചായത്തിലെ ആവോലിക്കുഴി, ചെങ്ങറ, കാർമല തുടങ്ങിയ പ്രദേശങ്ങളിൽ ക്ഷാമമുണ്ട്.
അടൂർ നഗരസഭയിൽ ഗാന്ധിനഗർ, കൈമലപ്പാറ, അയ്യപ്പൻപാറ തുടങ്ങിയ പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. ഇതു കൂടാതെ തെങ്ങമം, തോട്ടുവ, മുണ്ടപ്പള്ളി, പെരിങ്ങനാട് പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമാണ്. ഏഴംകുളം പഞ്ചായത്തിൽ പുതുമല, പനയ്ക്കമുരുപ്പ്, വട്ടമുരുപ്പ് ഭാഗങ്ങളിലെ ഉയർന്ന പ്രദേശങ്ങളിലും വെള്ളമില്ലാത്തതിനാൽ ജനങ്ങൾ ബുദ്ധിമുട്ടുന്നുണ്ട്. ആനിക്കാട് പഞ്ചായത്തിലെ മാരിക്കൽ, നമ്പുരയ്ക്കൽ, പുള്ളോലിക്കൽ പ്രദേശങ്ങളിൽ ശുദ്ധജലക്ഷാമം രൂക്ഷമാണ്. വേനൽ കടുത്തതോടെ സംഭരണികളിൽ വൻതുക ചെലവഴിച്ച് ജലം എത്തിക്കേണ്ട സ്ഥിതിയാണ്.
കൊടുമൺ പഞ്ചായത്തിൽ കനാലുകൾ തുറക്കാത്തതാണു ജലക്ഷാമം വർധിക്കാൻ കാരണം. അങ്ങാടിക്കൽ സിയോൺകുന്ന്, കൊടുമൺ ചിറ തുടങ്ങിയ പ്രദേശങ്ങളിൽ ജലക്ഷാമം വർധിക്കുകയാണ്. ജലജീവൻ പദ്ധതിയുടെ ഭാഗമായി വീടുകളിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പുകളിലൂടെയും വെള്ളം ലഭിക്കാത്ത അവസ്ഥയാണ്. മാസങ്ങളായി ബില്ലുകൾ വരുന്നതല്ലാതെ ടാപ്പുകളിലൂടെ ഒരു തുള്ളി വെള്ളം പോലും എത്തുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
വരൾച്ചയുടെ പിടിയിലായി പമ്പാ നദിയും
റാന്നിയിൽ പമ്പാനദിയും വരണ്ടു തുടങ്ങി. ജല വിതരണ പദ്ധതികളുണ്ടെങ്കിലും പമ്പയെ ആശ്രയിച്ചു പ്രവർത്തിക്കുന്ന മിക്ക പദ്ധതികളും പ്രതിസന്ധിയിലാണ്. ആറ്റിൽ താൽക്കാലിക തടയണ നിർമിച്ചാണ് അങ്ങാടി പദ്ധതിക്ക് വെള്ളമെത്തിക്കുന്നത്. പാറയിടുക്കുകളിൽ കെട്ടിക്കിടക്കുന്ന വെള്ളമാണ് വെച്ചൂച്ചിറ ജല പദ്ധതിക്കായി പ്രയോജനപ്പെടുത്തുന്നത്. റാന്നി മേജർ, ഐത്തല എന്നീ പദ്ധതികളും പ്രതിസന്ധിയിലാണ്. പമ്പാനദിയിൽ പൂവത്തുംമൂടിനു മുകളിലേക്ക് നീരൊഴുക്ക് കുറഞ്ഞു.
കട്ടിക്കൽ അരുവിയുടെ മുകൾ ഭാഗത്ത് നേരിയ നീരൊഴുക്കാണുള്ളത്. ഉയർന്ന പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. ആഴ്ചയിൽ ഒരു ദിവസമാണ് മിക്ക പ്രദേശങ്ങളിലേക്കും വെള്ളമെത്തിക്കുന്നത്. ഇതു മതിയാകുന്നില്ല. വെള്ളം വില കൊടുത്തു വാങ്ങുന്നവർ ഏറെയാണ്. 2,000 ലീറ്ററിന് 80–1,000 രൂപ വരെ നൽകണം. കൂലിപ്പണിയെടുത്തു ജീവിക്കുന്നവർ വെള്ളം വാങ്ങാനും പണം കണ്ടെത്തേണ്ട സ്ഥിതിയാണ്.
ജലവിതരണം മുടങ്ങിയിട്ട് ഒരു മാസം
പന്തളം നഗരസഭയുടെ കിഴക്കൻ മേഖലയായ കടയ്ക്കാട് ഭാഗത്ത് ജല അതോറിറ്റിയുടെ ജലവിതരണം മുടങ്ങിയിട്ട് ഒരു മാസം. ഈ ഭാഗത്തെ പല വീടുകളിലും കിണറുകൾ വറ്റിയതോടെ പൈപ്പിലൂടെയുള്ള ജിലവിതരണമായിരുന്നു ഏക ആശ്രയം. ഇത് നിലച്ചതോടെ കടുത്ത ദുരിതത്തിലാണ് നാട്ടുകാർ. പരാതി പറഞ്ഞു മടുത്തെന്നാണ് പ്രദേശവാസികൾ പറയുന്നത്. കഴിഞ്ഞ ദിവസം പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. ലേഡീസ് ഹോസ്റ്റലിന് സമീപത്താണ് തകരാർ കണ്ടെത്തിയത്. അറ്റകുറ്റപ്പണിക്ക് ശേഷവും ജലവിതരണം സുഗമമായി നടക്കുന്നില്ല. മിക്ക ദിവസങ്ങളിലും നൂൽവണ്ണത്തിലാണ് വെള്ളം വരുന്നത്. പന്തളം ജംക്‌ഷനിൽ നിന്നു കിഴക്കോട്ടുള്ള പൈപ്പ് ലൈനുകളിലൊന്നിലെ തകരാറാണ് കാരണം. വേനൽ കടുത്ത ജലക്ഷാമം രൂക്ഷമായിരിക്കെയാണ് ഈ സ്ഥിതി. ജംക്‌ഷന് കിഴക്കോട്ട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഭാഗം, ഉളമയിൽ, കടയ്ക്കാട്, ലേഡീസ് ഹോസ്റ്റൽ ഭാഗം മുതൽ കുരമ്പാല വില്ലേജ് ഓഫിസ് പരിസരം വരെ ജലവിതരണമില്ല. ബിൽ അടയ്ക്കില്ലെന്നും ഇനി സമരം തുടങ്ങുമെന്നും പ്രദേശവാസികൾ പറയുന്നു.

ദാഹമകറ്റാനാവാതെ ജില്ലയിലെ ജലവിതരണ പദ്ധതികൾ
പത്തനംതിട്ട ∙ ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ ഉണ്ടെങ്കിലും മെഴുവേലി പഞ്ചായത്തിലെ കാരിത്തോട്ട, പറയങ്കര, കുടുവെട്ടിക്കൽ, കുറിയാനിപ്പള്ളി,തോണ്ടിയമോടിയിൽ, പുതുശേരിമോടി, കല്ലോരത്ത് മോടിയിൽ എന്നിവിടങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. കോടികൾ ചെലവഴിച്ച് ജലവിതരണ പദ്ധതികളുടെ പൈപ്പ് ലൈൻ പഞ്ചായത്തുകളിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. എന്ന് ശുദ്ധജലം എത്തുമെന്ന് ചോദിച്ചാൽ അധികൃതർക്കും മറുപടിയില്ല. നിലവിൽ വിതരണം നടത്തുന്ന കാലഹരണപ്പെട്ട പൈപ്പുകൾ പലയിടത്തും പൊട്ടി. പമ്പിങ് നടക്കുമ്പോൾ വോൾട്ടേജ് വേണ്ടവിധം ലഭിക്കാത്തതും ജലവിതരണത്തിന് തടസ്സമാകുന്നെന്നാണ് മറുപടി.
കോന്നി, പ്രമാടം, അരുവാപ്പുലം, കലഞ്ഞൂർ പഞ്ചായത്തുകളിൽ ജലക്ഷാമം രൂക്ഷമാകാൻ പ്രധാന കാരണം കല്ലട ജലസേചന പദ്ധതിയുടെ കനാൽ വെള്ളം തുറന്നുവിടാത്തതാണ്. കലഞ്ഞൂർ, പ്രമാടം പഞ്ചായത്തുകളിൽ കൃഷിയെ ഉൾപ്പെടെ വേനൽ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. പള്ളിക്കൽ പഞ്ചായത്ത് ഓഫിസിന് പടിഞ്ഞാറ് വശത്ത് അഞ്ഞൂറോളം വീട്ടുകാർക്ക് പൈപ് ലൈനുകളിൽ വെള്ളമെത്തിയിട്ട് 7 വർഷത്തോളമായി. ആനയടി–കൂടൽ റോഡു പണിക്കിടെ പൈപ് പൊട്ടിയതാണ് കാരണം. ഇപ്പോൾ പൈപ് പൊട്ടിയ ഭാഗങ്ങളിൽ പണികൾ നടക്കുന്നതേയുള്ളൂ. ഇതുവരെ ശരിയായിട്ടില്ല.
ഏനാത്ത് മേഖലയിലെ ഉയർന്ന പ്രദേശങ്ങളിൽ ജല അതോറിറ്റിയുടെ പൈപ്പിൽ സുഗമമായി വെള്ളം ലഭിക്കാത്തതു ക്ഷാമം രൂക്ഷമാക്കുന്നു. ഏഴംകുളം പഞ്ചായത്തിലെ ഇളങ്ങമംഗലം, കൊയ്പ്പള്ളി മല, കടിക, കൈതപ്പറമ്പ്, ഏറത്ത് പഞ്ചായത്തിലെ കന്നിമല, മുരുകൻ കുന്ന് എന്നിവിടങ്ങളിൽ ക്ഷാമമുണ്ട്. ഇളങ്ങമംഗലം പ്രിയദർശിനി കോളനിയിൽ വെള്ളം എത്തിയിട്ട് മാസങ്ങളായി. കടമ്പനാട് പഞ്ചായത്തിലെ മലങ്കാവ്, മോതിരച്ചുള്ളിമല, കന്നിമല തുടങ്ങിയ പ്രദേശങ്ങളിലും ശുദ്ധജല ക്ഷാമത്തിന് പരിഹാരമില്ല. ജിൽ ജീവൻ പദ്ധതിക്ക് പൈപ്പ് സ്ഥാപിക്കുന്നതിനിടയിൽ നിലവിലെ ജല വിതരണക്കുഴൽ പൊട്ടി ജല നഷ്ടവും വിതരണം മുടങ്ങുന്നതും പതിവാണ്.
ഏറത്ത് പഞ്ചായത്തിൽ തുവയൂർവടക്ക്, മണക്കാല, അന്തിച്ചിറ പ്രദേശങ്ങളിലും നെടുംകുന്നുമല ഭാഗങ്ങളിലും വെള്ളം കിട്ടുന്നില്ല. ചിരണിക്കൽ പദ്ധതിയിൽ നിന്നാണ് ഇവിടങ്ങളിൽ വെള്ളമെത്തുന്നത്. എന്നാൽ നാട്ടിലെ ദാഹമകറ്റാൻ ഈ പദ്ധതിക്കും വേണ്ടത്ര ശേഷിയില്ല. ഒപ്പം അടിക്കടിയുണ്ടാകുന്ന പൈപ്പ് പൊട്ടലും ജല ക്ഷാമം രൂക്ഷമാക്കുന്നു.
മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ പഞ്ചായത്തുകളിലെ സമഗ്ര ശുദ്ധജല പദ്ധതിയുടെ ഭാഗമായി പൊന്നിരിക്കുംപാറയിൽ വർഷങ്ങൾക്കു മുൻപ് പുതിയതായി ജലസംഭരണി നിർമിച്ചുവെങ്കിലും നോക്കുകുത്തിയായി തുടരുന്നു. സമഗ്ര ശുദ്ധജല പദ്ധതി കമ്മിഷൻ ചെയ്തെങ്കിൽ മാത്രമേ ഇവിടെയുള്ളവരുടെ ദുരിതത്തിന് പരിഹാരമാകുകയുള്ളൂ.