വാഹനം തടഞ്ഞതെന്തിനെന്നു മന്ത്രി; ആശാ വർക്കർമാരോട് ചോദിച്ചാൽ അറിയാമെന്നു യൂത്ത് കോൺഗ്രസ്

Mail This Article
റാന്നി ∙ ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വീണാ ജോർജിനെ കരിങ്കൊടിയുമായി വഴിതടഞ്ഞ് യൂത്ത് കോൺഗ്രസ്. കാറിൽ നിന്നിറങ്ങിയ മന്ത്രിയും പ്രവർത്തകരും തമ്മിൽ തർക്കമുണ്ടായി. ഇന്നലെ വൈകിട്ട് 5ന് ഇട്ടിയപ്പാറ മിനർവപ്പടിയിലാണ് സംഭവം. മഠത്തുംചാൽ–മുക്കൂട്ടുതറ റോഡിന്റെ രണ്ടാംഘട്ട നിർമാണോദ്ഘാടനത്തിൽ പങ്കെടുക്കാൻ ചാത്തൻതറയ്ക്കു പോകുകയായിരുന്നു മന്ത്രി.
ഇട്ടിയപ്പാറ ബൈപാസ് പിന്നിട്ട് പുനലൂർ–മൂവാറ്റുപുഴ പാതയിലേക്കു കടന്നപ്പോൾ കരിങ്കൊടിയുമായി നേതാക്കൾ മന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് ചാടിവീഴുകയായിരുന്നു. പൊലീസ് ഇവരെ തടഞ്ഞതിനു പിന്നാലെ മന്ത്രി കാറിൽ നിന്നിറങ്ങി നേതാക്കളുടെ അടുത്തെത്തി. പൊലീസുകാരോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടശേഷം എന്തിനാണ് വാഹനം തടഞ്ഞതെന്നു തിരക്കി.
തിരുവനന്തപുരത്ത് ആശാ വർക്കർമാരുടെ സമരപ്പന്തലിലെത്തി ചോദിച്ചാൽ വിശദാംശങ്ങൾ അറിയാമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞതോടെ മന്ത്രിയും നേതാക്കളും തർക്കത്തിലായി. പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയതിനു പിന്നാലെ മന്ത്രി യാത്ര തുടർന്നു.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ, സംസ്ഥാന സെക്രട്ടറി സാംജി ഇടമുറി, നിയോജക മണ്ഡലം പ്രസിഡന്റ് റിജോ റോയി തോപ്പിൽ, ആരോൺ ബിജിലി പനവേലിൽ, ജെറിൻ പ്ലാച്ചേരിൽ എന്നിവരാണ് അറസ്റ്റിലായത്.