റോഡിനു സമീപം കാട്ടാന സാന്നിധ്യം; ആശങ്കയിൽ യാത്രക്കാർ

Mail This Article
തണ്ണിത്തോട് ∙ എലിമുള്ളുംപ്ലാക്കലിൽ കാട്ടാനശല്യം രൂക്ഷമായി. വനാതിർത്തിയോട് ചേർന്നുള്ള കൃഷിയിടങ്ങളിൽ കാട്ടാന നാശം വരുത്തുന്നു. വനത്തിലൂടെയുള്ള റോഡിന് സമീപം കാട്ടാനയുടെ സാന്നിധ്യമേറുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ എലിമുള്ളുംപ്ലാക്കൽ കത്തോലിക്കാ പള്ളിക്ക് സമീപം സുമേഷ്ഭവനം സോമൻ, ഹയർ സെക്കൻഡറി സ്കൂളിന് സമീപം പേരങ്ങാട്ട് ലില്ലിക്കുട്ടി എന്നിവരുടെ കൃഷിയിടങ്ങളിൽ കാട്ടാന നാശം വരുത്തി. സോമന്റെ 22 മൂട് വാഴ നശിപ്പിച്ചു.കഴിഞ്ഞ ദിവസം രാത്രി പത്തോടെ എലിമുള്ളുംപ്ലാക്കൽ പടിഞ്ഞാറ് കാട്ടുമുറി ഭാഗത്ത് കാട്ടാന പന മറിച്ചിട്ടു. ശബ്ദം കേട്ടാണ് സമീപവാസികൾ വിവരമറിയുന്നത്. പിന്നീട് വനപാലകരും നാട്ടുകാരും ചേർന്ന് പടക്കം പൊട്ടിച്ച് ആനയെ ഓടിച്ചു.
എലിമുള്ളുംപ്ലാക്കൽ തടി ഡംപിങ് സൈറ്റിന് സമീപം റോഡിലേക്ക് പന തള്ളിമറിച്ചിട്ടത് ദിവസങ്ങൾക്ക് മുൻപാണ്. ദിവസങ്ങളോളം ഇവിടെ കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു. ശനിയാഴ്ച വൈകിട്ട് എലിമുള്ളുംപ്ലാക്കൽ നിന്ന് തണ്ണിത്തോടിന് പോയ ബൈക്ക് യാത്രക്കാരെ കാട്ടാന ഓടിച്ചതായും പറയുന്നു. ആഴ്ചകൾക്ക് മുൻപും ഈ ഭാഗത്ത് ദിവസങ്ങളോളം കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇവിടെ വനാതിർത്തിയോട് ചേർന്നുള്ള വീടുകൾക്ക് സമീപം വരെ കാട്ടാനയെത്തിയിരുന്നു. ഇവിടെ വനഭാഗത്ത് കൂട്ടമായി പനയുള്ളതിനാൽ തീറ്റ തേടിയെത്തുകയാണ്.
കോന്നി– തണ്ണിത്തോട് റോഡിൽ എലിമുള്ളുംപ്ലാക്കൽ തടി ഡംപിങ് സൈറ്റിന് സമീപവും എലിമുള്ളുംപ്ലാക്കൽ പടിഞ്ഞാറ് കാട്ടുമുറി ഭാഗത്തും കാട്ടാനയുടെ സാന്നിധ്യമേറുന്നത് യാത്രക്കാരെ ഭീതിയിലാക്കുന്നു. അടുത്തിടെ മുണ്ടോംമൂഴി, ഇലവുങ്കൽ ഭാഗങ്ങളിൽ റോഡിലും കല്ലാറ്റിലുമായി കാട്ടാന പതിവ് കാഴ്ചയായിരുന്നു.റോഡ് പരിസരങ്ങളിൽ കാട്ടാനസാന്നിധ്യമുള്ളതിനാൽ എലിമുള്ളുംപ്ലാക്കൽ മുതൽ തണ്ണിത്തോട് മൂഴി വരെയുള്ള വനഭാഗത്ത് വനംവകുപ്പ് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു.