പതിനെട്ടാംപടി കയറി അയ്യപ്പ ദർശനപുണ്യം നുകർന്ന് മോഹൻലാൽ

Mail This Article
ശബരിമല ∙ ഭക്തിയുടെ ഇരുമുടിക്കെട്ടുമായി 9 വർഷത്തെ ഇടവേളയ്ക്കു ശേഷം നടൻ മോഹൻലാൽ പതിനെട്ടാംപടി കയറി അയ്യപ്പ ദർശനം നടത്തി. ഇന്നലെ വൈകിട്ട് ദീപാരാധനയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങുന്നതിനു തൊട്ടുമുൻപാണു പതിനെട്ടാംപടി കയറിയത്. സോപാനത്തെത്തി ദർശനം നടത്തിയ ശേഷം ദേവസ്വം ഓഫിസിലെത്തി നെയ്ത്തേങ്ങ അഭിഷേകത്തിനായി കൈമാറി. ഭാര്യ സുചിത്രയുടെയും നടൻ മമ്മൂട്ടിയുടെയും പേരിൽ അദ്ദേഹം ഉഷപൂജകൾ നടത്താനുള്ള വഴിപാട് ടിക്കറ്റ് എടുത്തു. തന്ത്രി കണ്ഠര് ബ്രഹ്മദത്തനെ സന്ദർശിച്ച ശേഷം മാളികപ്പുറം ക്ഷേത്രത്തിൽ ദർശനം നടത്തി. രാത്രി 9.15ന് അദ്ദേഹം മലയിറങ്ങി.
പമ്പാ ഗണപതികോവിലിൽനിന്നു കെട്ടുമുറുക്കിയാണ് നീലിമല പാതയിലൂടെ മല ചവിട്ടിയത്. പടിപൂജയുടെ ഒരുക്കങ്ങൾ തുടങ്ങുന്നതിനു മുൻപ് പടി കയറാനുള്ള തിരക്കിലായിരുന്നതിനാൽ അധികം വിശ്രമിക്കാതെയായിരുന്നു മല കയറ്റം. അപ്പാച്ചിമേട്ടിലെ കയറ്റം കഠിനമായപ്പോൾ ഏതാനും മിനിറ്റ് വിശ്രമിച്ചു. വൈകിട്ട് 6 മണിയോടെ സന്നിധാനത്തെത്തി. ദർശനത്തിനു ശേഷം ഭക്തർക്കൊപ്പം അദ്ദേഹം ഫോട്ടോയെടുത്തു.2015 മേയ് മാസത്തിലാണ് മോഹൻലാൽ ഇതിനു മുൻപ് സന്നിധാനത്തെത്തുന്നത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘എമ്പുരാൻ’ 27ന് പ്രദർശനത്തിനെത്താനിരിക്കെയാണ് മോഹൻലാൽ ശബരിമല ദർശനം നടത്തിയത്.