കനത്ത ചൂട്: വിളകൾ കരിഞ്ഞുണങ്ങി

Mail This Article
റാന്നി ∙ കടുത്ത ചൂട് കാർഷിക വിളകളെയും സാരമായി ബാധിച്ചു. കരിഞ്ഞുണങ്ങുകയാണു വിളകൾ. ഏത്തവാഴ, കുടിവാഴ എന്നിവയെയാണ് ചൂട് കൂടുതൽ ബാധിച്ചത്. കുലച്ചതും കുലയ്ക്കാത്തതുമായ വാഴകൾ കരിഞ്ഞുണങ്ങുന്നു. പിണ്ഡിയിലെ വെള്ളം വറ്റുകയാണ്. വേനൽ മഴ പെയ്യുമ്പോൾ ഇത്തരം വാഴകൾ ഒടിഞ്ഞും പിഴുതും വീഴുന്നു. ഉയർന്ന സ്ഥലങ്ങളിൽ നട്ടിരിക്കുന്ന വാഴകൾക്കാണ് നാശം കൂടുതൽ. കുലച്ച ഏത്തവാഴകൾ കരിയുന്നതു മൂലം കർഷകർക്കു വൻ നഷ്ടമാണു നേരിടുന്നത്. കുരുമുളക് കൊടിയെയും ചൂട് ബാധിക്കുന്നുണ്ട്. അവയുടെ ഇലകളും തണ്ടുകളും കരിയുകയാണ്. തെങ്ങുകളിലെ ഓടമടലുകൾ ഒടിഞ്ഞു തൂങ്ങുന്നു. തേങ്ങ, കരിക്ക് കുലകളും ഒടിയുന്നുണ്ട്. കുലകൾ ഒടിഞ്ഞ് കരിക്കുകൾ വാടി വീഴുകയാണ്. നാടൻ പച്ചക്കറികൾക്കു ക്ഷാമമായി. ആറുകളുടെ തീരത്തു നട്ടിരിക്കുന്ന പച്ചക്കറികളും രാവിലെയും വൈകിട്ടും നനയ്ക്കേണ്ട സ്ഥിതിയാണ്. വേനൽ മഴയും അവയ്ക്ക് ആശ്വാസമാകുന്നില്ല.