ജി.ആർ.അനിൽ, നെടുമങ്ങാടിന്റെ ആദ്യ മന്ത്രി
Mail This Article
നെടുമങ്ങാട്∙ ജി.ആർ.അനിലിന്റെ സ്ഥാനലബ്ധിയോടെ നെടുമങ്ങാട് മണ്ഡലത്തിന് സ്വന്തം മന്ത്രിയായി. സിപിഐയുടെ സിറ്റിങ് സീറ്റിൽ 23,309 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയകിരീടം ചൂടിയതിന്റെ അംഗീകാരമായി ഇൗ മന്ത്രിസ്ഥാനം. കന്നിയങ്കത്തിൽ തന്നെ എംഎൽഎയും മന്ത്രിയും ആയി മാറിയ ചുരുക്കം പേരുടെ പട്ടികയിൽ ഇനി അനിലും ഉണ്ടാകും. നെടുമങ്ങാട് മണ്ഡലത്തിലെ ആദ്യ മന്ത്രി എന്ന പേരും അനിലിന് സ്വന്തം. ഇടതുപക്ഷത്തിന് മുൻതൂക്കം ഉള്ള മണ്ഡലമാണ് നെടുമങ്ങാട്.
മുൻപ് മണ്ഡലത്തിൽ നിന്ന് വിജയിച്ചിരുന്ന എൻ.എൻ.പണ്ടാരത്തിൽ, കെ.വി.സുരേന്ദ്രനാഥ്, സി.ദിവാകരൻ അടക്കമുള്ളവർക്ക് മന്ത്രി സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. മണ്ഡലത്തിൽ കോൺഗ്രസ് ആദ്യമായി ജയിക്കുന്നത് 1965ൽ . അന്ന് എസ്.വരദരാജൻ നായർ ആയിരുന്നു. ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാൽ നിയമസഭ ചേരാനാകാതെ അന്ന് പിരിച്ചുവിട്ടു. 1991, 1996, 2011 തിരഞ്ഞെടുപ്പുകളിൽ ആണ് പിന്നെ യുഡിഎഫ് വിജയിക്കുന്നത്.പാലോട് രവി ആയിരുന്നു വിജയി. ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാന നാളുകളിൽ പാലോട് രവിക്ക് ലഭിച്ച ഡപ്യൂട്ടി സ്പീക്കർ സ്ഥാനം ആയിരുന്നു മണ്ഡലത്തിൽ നിന്ന് വിജയിച്ച എംഎൽഎമാരിൽ ആദ്യമായി ലഭിച്ച ഉന്നത പദവി.
ചരിത്രം പരിശോധിച്ചാൽ 1965, 78, 91, 96, 2011 നടന്ന തിരഞ്ഞെടുപ്പുകളിൽ മണ്ഡലം ഇടതുപക്ഷത്തെ കൈവിട്ടു. എന്നാൽ 1978 ൽ കോൺഗ്രസ് നേതൃത്വത്തിൽ സിപിഐ ഉൾപ്പെട്ട ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥിയായി മത്സരിച്ച കണിയാപുരം രാമചന്ദ്രൻ ആയിരുന്നു വിജയിച്ചത്. 2011 ൽ പുനർവിഭജനം വന്നപ്പോൾ മാണിക്കൽ, പോത്തൻകോട്, അണ്ടൂർക്കോണം പഞ്ചായത്തുകളെ കൂടി നെടുമങ്ങാട് മണ്ഡലത്തിൽ ഉൾപ്പെടുത്തി. പകരം വെളളനാട്, അരുവിക്കര, ആനാട്, പനവൂർ പഞ്ചായത്തുകളെ ഒഴിവാക്കുകയും ചെയ്തു.