കാപ്പിൽ കാത്തിരിക്കുന്നു , കൂടുതൽ ബോട്ടുകൾക്കായി

Mail This Article
ഇടവ∙ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കാപ്പിൽ പ്രിയദർശിനി ബോട്ട് ക്ലബ്ബിന്റെ ആരംഭത്തിൽ ഒരു ഡസനിലധികം ബോട്ടുകൾ ഉണ്ടായിരുന്നുവെങ്കിൽ ഇന്നു സ്വന്തമായി ഒരു ബോട്ടു പോലുമില്ല. ചിറയിൻകീഴ് പുളിമൂട്ടുകടവിൽ നിന്നു എത്തിച്ച ബോട്ടുകളാണ് ഇപ്പോൾ കായൽപരപ്പിൽ ഓടുന്നത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് കാപ്പിൽ കായലിൽ നിർമിച്ച ‘ഫ്ലോട്ടിങ് റസ്റ്ററന്റി’ന്റെയും ബോട്ട് ജെട്ടിയുടെയും ഉദ്ഘാടനം ആഘോഷപൂർവം നടത്തിയപ്പോൾ ടൂറിസം മന്ത്രിയുടെ വാഗ്ദാനമായിരുന്നു പുതിയ സവാരി ബോട്ടുകൾ.
എന്നാൽ പഴയ ബോട്ടുകളെല്ലാം കാലഹരണപ്പെട്ടു കഴിഞ്ഞപ്പോൾ, പുളിമൂട്ടുകടവ് ബോട്ട് ക്ലബ്ബിലെ മൂന്നു ബോട്ടുകളാണ് കാപ്പിലിന്റെ പേരു നിലനിർത്തിയത്. നിലവിൽ ഫിറ്റ്നസ് നേടിയ രണ്ടെണ്ണം മാത്രമാണ് കായൽപരപ്പിൽ ചുറ്റുന്നത്. കോവിഡ് പ്രതിസന്ധി ബോട്ട് ക്ലബ്ബിനു കടുത്ത ആഘാതമാണ് ഉണ്ടാക്കിയത്. അരമണിക്കൂറിൽ ഏഴു പേരുമായി സഫാരി ബോട്ടിൽ ചുറ്റാൻ 600 രൂപയാണ് നിരക്ക്. സ്പീഡ് ബോട്ടിൽ മൂന്നു പേർക്ക് 1300 രൂപ അല്ലെങ്കിൽ 10 മിനിറ്റ് കറങ്ങാൻ 600 രൂപയാണ് നിരക്ക്. കയാക്കിങ് താൽപര്യമുള്ളവർക്ക് രണ്ടു പേർക്ക് അര മണിക്കൂറിന് 400 രൂപയാകും.
ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡിടിപിസി) അധീനതയിൽ തുടരുന്ന ബോട്ട് ക്ലബ്ബിൽ നിലവിൽ മാനേജർക്ക് പുറമേ രണ്ടു ബോട്ട് ഡ്രൈവർമാരും ജോലി ചെയ്യുന്നുണ്ട്. മേഖലയിൽ മറ്റു സ്വകാര്യ സംരംഭകർ പലതരം ഉല്ലാസ ബോട്ടുകൾ ഇറക്കി പണം കൊയ്യുമ്പോൾ കാപ്പിൽ ബോട്ട് ക്ലബ്ബിന് ആകെയുള്ള പിടിവള്ളി രണ്ടു ബോട്ടുകളാണ്. പുതുതായി നിർമിച്ച ഫ്ലോട്ടിങ് റസ്റ്ററന്റ് അന്യാധീനപ്പെട്ടു പോകാതിരിക്കാൻ വിവാഹസൽക്കാരം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് വാടകയ്ക്കു നൽകി വരികയാണ്.