കാൻസർ തുടക്കത്തിൽ കണ്ടെത്താനുള്ള സൗകര്യം സർക്കാർ ആശുപത്രികളിൽ ഒരുക്കും: മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം∙ സംസ്ഥാന കാൻസർ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി പ്രാരംഭ ദിശയിൽ തന്നെ കാൻസർ കണ്ടെത്തുന്നതിനുള്ള സൗകര്യങ്ങൾ സർക്കാർ ആശുപത്രികളിൽ ഒരുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാൻസർ സെന്ററുകളെയും മെഡിക്കൽ കോളജുകളെയും ജില്ലാ, ജനറൽ താലൂക്ക് ആശുപത്രികളെയും ഉൾപ്പെടുത്തി കാൻസർ കെയർ ഗ്രിഡ് രൂപീകരിച്ച് ചികിത്സ വികേന്ദ്രീകരിക്കാനാണു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കാൻസർ ക്രൂസേഡിനു മുന്നോടിയായുള്ള കേരള പ്രിവന്റീവ് ഓങ്കോ സമ്മിറ്റ് ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
‘എല്ലാ സർക്കാർ ആശുപത്രികളിലും ആഴ്ചയിൽ ഒരു ദിവസം കാൻസർ പ്രാരംഭ പരിശോധനാ ക്ലിനിക്കുകൾ ഉണ്ടാകും. കീമോതെറപ്പി ഉൾപ്പെടെ ചികിത്സാ സൗകര്യം എല്ലാ ജില്ലകളിലെയും പ്രധാന ആശുപത്രികളിൽ സജ്ജീകരിച്ചു വരുന്നു. നിലവിൽ 24 ആശുപത്രികളിൽ ലഭ്യമായ സൗകര്യം കൂടുതൽ ആശുപത്രികളിലേക്കു വ്യാപിപ്പിക്കും. ബിപിഎൽ കുടുംബങ്ങൾക്കു സൗജന്യ ചികിത്സ ഉറപ്പാക്കുകയും ചെയ്യും– മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. എം.വിൻസന്റ് എംഎൽഎ, ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ്, പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ.നായർ, ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ, ആർസിസി ഡയറക്ടർ ഡോ.രേഖ എ.നായർ, കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ.ഡോ.ബിനു കുന്നത്ത്, കൊച്ചി കാൻസർ സെന്റർ നോഡൽ ഓഫിസർ ഡോ.പി.ജി.ബാലഗോപാൽ, ആർസിസി അഡി. പ്രഫസർ ഡോ.ചന്ദ്രമോഹൻ, സോമതീരം ആയുർവേദ റിസോർട്ട് ഗ്രൂപ്പ് ചെയർമാൻ ബേബി മാത്യു സോമതീരം എന്നിവർ പ്രസംഗിച്ചു.
വിവിധ സെഷനുകളിലായി ഡോക്ടർമാരായ എം.വി.പിള്ള (യുഎസ്എ), ജി.കെ.രത്ത്, ഡോ.ബോബൻ തോമസ് എന്നിവരും , പൂയം തിരുനാൾ ഗൗരി പാർവതിബായി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ലിസി ജേക്കബ്, ജിജി തോംസൺ, സുരേഷ് കുറുപ്പ് തുടങ്ങിയവരും പ്രസംഗിച്ചു ചൊവ്വര സോമതീരം ബീച്ച് റിസോർട്ടിലെ സമ്മേളനത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നടക്കം കാൻസർ ചികിത്സാ വിദഗ്ധർ പങ്കെടുക്കുന്നുണ്ട്. ഇന്നു വൈകിട്ട് 5ന് സമാപന സമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായിരിക്കും.