ADVERTISEMENT

ചിറയിൻകീഴ്∙വക്കത്ത് കഴിഞ്ഞ ദിവസം രാത്രി സ്വകാര്യബസുടമ വക്കം പണയിൽകടവ് ചെറിയപള്ളിക്കു സമീപം ഷൈനമൻസിലിൽ സുധീറി(46)നെ  ഓട്ടോറിക്ഷയിലെത്തിയ അഞ്ചംഗസംഘം വെട്ടിപ്പരുക്കേൽപിച്ചു. ബസ് ഡ്രൈവർ കൂടിയാണ് സുധീർ. കടയ്ക്കാവൂർ–ആറ്റിങ്ങൽ റൂട്ടിൽ സ്വകാര്യബസ് സർവീസിനു സമാന്തരമായി ഓട്ടോറിക്ഷകൾ സർവീസ് നടത്തുന്നതു സംബന്ധിച്ചുള്ള തർക്കത്തിന്റെ തുടർച്ചയാണ് അക്രമം.

ഓട്ടോ ഡ്രൈവർമാരായ  അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനു സമീപം ഡ്രീംസ് വില്ലയിൽ ബിജു(36), വെട്ടൂർ അമ്മൻനടയ്ക്കു സമീപം കോണത്തുവിള വീട്ടിൽ സനൽ(35), അഞ്ചുതെങ്ങ് കൊച്ചുമേത്തൻകടവ് പള്ളിപ്പുരയിടം വീട്ടിൽ സെൽവൻ(28) എന്നിവരെ കടയ്ക്കാവൂർ പൊലീസ് അറസ്റ്റു ചെയ്തു. മറ്റു രണ്ടു പ്രതികളെക്കുറിച്ചു വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്ന് എസ്എച്ച്ഒ വി.അജേഷ് പറഞ്ഞു. പ്രതികളെ വർക്കല കോടതി റിമാൻഡ് ചെയ്തു.

സംഭവ ദിവസം രാവിലെയും ഇരുവിഭാഗവും തമ്മിൽ തർക്കവും സംഘർഷമുണ്ടായിരുന്നു. രാത്രി ഓട്ടം കഴിഞ്ഞ് വക്കം ചന്തമുക്ക് ജംക്‌‌ഷനടുത്ത പമ്പിൽ ബസ് കയറ്റിയിട്ടു നിമിഷങ്ങൾക്കുള്ളിൽ ആക്രമണം നടത്തി സംഘം  മുങ്ങി. കയ്യിലും ദേഹത്തും  വെട്ടേറ്റ സുധീറിനെ നാട്ടുകാർ  ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചു.. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സുധീറിനോടൊപ്പമുണ്ടായിരുന്ന ബസിലെ ജീവനക്കാരനും മർദനമേറ്റു.

അക്രമത്തിൽ പ്രതിഷേധിച്ചു സിഐടിയുവിന്റെ നേതൃത്വത്തിൽ സ്വകാര്യബസുകൾ ഇന്നലെ ചിറയിൻകീഴ് താലൂക്കിൽ നടത്തിയ മിന്നൽ പണിമുടക്കിൽ ജനം നന്നേ വലഞ്ഞു. ഇതുമൂലം ചിറയിൻകീഴ്, വക്കം, കടയ്ക്കാവൂർ, അഞ്ചുതെങ്ങ് മേഖലകളിൽ കടുത്ത യാത്രാദുരിതം അനുഭവപ്പെട്ടു. സ്കൂളുകളിലും ഹാജർ കുറവായിരുന്നു.ആറ്റിങ്ങൽ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളും പണിമുടക്കി. സ്വകാര്യ ബസ് ജീവനക്കാർ വിവിധ ഇടങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി.  ചില ബസുകൾ രാവിലെ സർവീസ് ആരംഭിച്ചെങ്കിലും ആറ്റിങ്ങൽ ഡിപ്പോയിലെത്തി സർവീസ് അവസാനിപ്പിച്ചു.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com