കേരള പിറവി ദിനത്തിൽ എലിവേറ്റഡ് ഹൈവേയിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾ ഓടി തുടങ്ങും

Mail This Article
കഴക്കൂട്ടം∙ കേരള പിറവി ദിനമായ നവംബർ ഒന്നു മുതൽ എലിവേറ്റഡ് ഹൈവേയിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾ ഓടിച്ചു തുടങ്ങും എന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. ദേശീയ പാത ഉദ്യോഗസ്ഥരും ഹൈവേയുടെ കരാർ എടുത്തിട്ടുള്ള കമ്പനി പ്രതിനിധികളുമായി നടന്ന ചർച്ചയിൽ ആണ് തീരുമാനം. ഹൈവേയുടെ പണി അവസാന ഘട്ടത്തിലാണ്. ഇൗ മാസം അവസാനത്തോടെ മേൽപാലത്തിന്റെ പണി പൂർത്തിയാകും എന്നാൽ അടിപ്പാതയുടെ നിർമാണം പൂർത്തിയായിട്ടില്ല. ഒരു മാസത്തിനകം അടിപ്പാതകളും സഞ്ചാര യോഗ്യമാകും എന്നാണ് കരാർ എടുത്ത കമ്പനി അറിയിച്ചിട്ടുള്ളത്. ആറ്റിൻകുഴിയിൽ തുടങ്ങി കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കു സമീപം അവസാനിക്കുന്ന ഹൈവേക്കു 2.72 കിലോമീറ്റർ നീളം ഉണ്ട്.
അടിപ്പാതയിലൂടെ ക്രോസിങ് വേണമെന്ന് ആവശ്യം
കഴക്കൂട്ടം∙ എലിവേറ്റഡ് ഹൈവേ നിർമിക്കുന്നതിന്റെ ഭാഗമായി കഴക്കൂട്ടം പൊലീസ് സ്റ്റേഷനു സമീപം അടിപ്പാതയിലൂടെ ക്രോസിങ് വേണുമെന്ന ആവശ്യം ശക്തം. കഴക്കൂട്ടം റെയിൽവേ മേൽപാലം വഴി കടന്നു വരുന്ന വാഹനങ്ങളും ഇൗ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങളും ഒരു കിലോമീറ്ററോളം ചുറ്റി വരേണ്ട അവസ്ഥയാണ്. പൊലീസ് സ്റ്റേഷനു സമീപത്തു നിന്നും മറുവശം പോകേണ്ട വഴി അടച്ചതിനെ തുടർന്നാണ് ഈ അവസ്ഥ.
കിൻഫ്ര അപ്പാരൽ പാർക്ക്, ബിപിസിഎൽ ഫില്ലിങ് പ്ലാന്റ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളും കോളജുകളും സ്കൂളുകളും മേനംകുളം തുമ്പ ഭാഗത്തുണ്ട്. റോഡ് അടച്ചാൽ കണ്ടെയ്നർ ഉൾപ്പെടെയുള്ള വാഹനങ്ങൾ കഴക്കൂട്ടം ജംക്‌ഷൻ ചുറ്റി പോകേണ്ടിവരും. പൊലീസ് സ്റ്റേഷനു സമീപം അടിപ്പാതയിലൂടെ വാഹനങ്ങൾക്ക് മറുവശം കടക്കാൻ സൗകര്യം ഉണ്ടാക്കണം എന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ദേശീയ പാത ഉദ്യോഗസ്ഥരോടും കരാർ എടുത്ത കമ്പനിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.