ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തു വിൽക്കുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ വിൽപന നികുതി 4 ശതമാനവും ബവ്റിജസ് കോർപറേഷനുള്ള കൈകാര്യച്ചെലവ് ഒരു ശതമാനവും ഉയർത്താൻ മന്ത്രിസഭ തീരുമാനിച്ചു.

വിൽപനവിലയിൽ 2% വർധനയാണ് ഉണ്ടാവുകയെന്ന് അധികൃതർ അറിയിച്ചു. 10 രൂപ മുതൽ വർധനയാണു പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് വിദേശ മദ്യം നിർമിക്കുകയും വിൽക്കുകയും ചെയ്യുന്ന ഡിസ്റ്റിലറികളിൽ നിന്ന് ഈടാക്കുന്ന 5% വിറ്റുവരവു നികുതി ഒഴിവാക്കും.

ഇതു മൂലമുള്ള നഷ്ടം നികത്താനാണ് ഇപ്പോഴത്തെ വർധന. വിൽപന നികുതി വർധനയ്ക്കുള്ള ബിൽ ഡിസംബർ 5ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ കൊണ്ടു വരും. 

നികുതി 251%

നിലവിൽ വിദേശ മദ്യത്തിനു കേരളത്തിൽ 247% ആണ് വിൽപന നികുതി. വർധന വരുന്നതോടെ ഇത് 251% ആയി ഉയരും. 1000 രൂപ വിലയുള്ള മദ്യത്തിന് 2510 രൂപ വിൽപന നികുതി ഈടാക്കും. രാജ്യത്ത് മദ്യത്തിന് ഏറ്റവും ഉയർന്ന നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

പാലിനൊപ്പം തൈര്, നെയ്യ് വിലയും കൂടും

ഡിസംബർ 1 മുതൽ മിൽമ പാലിന്റെ വില ലീറ്ററിന് 6 രൂപ കൂടും. ഇതിൽ 5.02 രൂപ ക്ഷീരകർഷകർക്കു നൽകും. തൈര്, നെയ്യ് തുടങ്ങിയവയ്ക്കും വർധിക്കുമെങ്കിലും എത്ര രൂപ വരെ എന്നു തീരുമാനിച്ചിട്ടില്ലെന്നു മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞു.സംസ്ഥാനത്ത് പാൽവില വർധിപ്പിക്കുന്നത് 3 വർഷത്തിനു ശേഷമാണ്. 2019 ൽ ലീറ്ററിനു 4 രൂപയാണു കൂട്ടിയത്. കാലിത്തീറ്റയുടെ വില ഉടൻ കൂട്ടില്ലെന്നു ചെയർമാൻ പറഞ്ഞു. നവംബർ ഒന്നിന് കാലിത്തീറ്റയ്ക്കു 12% വില കൂട്ടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com