ഇടതു സർക്കാർ ജനങ്ങളുടെ പോക്കറ്റടിക്കുന്നു : സതീശൻ
Mail This Article
തിരുവനന്തപുരം ∙ ഒരു കൈ കൊണ്ടു കിറ്റും പെൻഷനും കൊടുക്കുകയും മറു കൈ കൊണ്ട് സാധാരണക്കാരന്റെ പോക്കറ്റടിക്കുകയും െചയ്യുന്നതാണ് എൽഡിഎഫ് സർക്കാരിന്റെ സമീപനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രളയവും മഹാമാരിയും കഴിഞ്ഞ് സാമ്പത്തിക മാന്ദ്യത്തിനു സമാനമായ സാഹചര്യത്തിൽ ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക പശ്ചാത്തലം മനസ്സിലാക്കാതെയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചതെന്നും സതീശൻ പറഞ്ഞു. ജനദ്രോഹ ബജറ്റ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.
എല്ലാ ജനങ്ങളും കടക്കെണിയിൽ ബാങ്കുകളുടെ നോട്ടിസ് കൈപ്പറ്റുകയാണ്. കിടപ്പാടവും കൃഷിയിടങ്ങളും ജപ്തിയിലാകുന്നു. പല കുടുംബങ്ങളിലും വരുമാനം കുറഞ്ഞു. സാധാരണക്കാർ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ഒറ്റയടിക്ക് 4000 കോടി രൂപയുടെ നികുതി സംസ്ഥാനം ചുമത്തിയത്. വൈദ്യുതി നിരക്ക്, ബസ് ചാർജ്, വെള്ളക്കരം എല്ലാം വൻതോതിൽ വർധിപ്പിച്ചു– സതീശൻ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പാലോട് രവി അധ്യക്ഷത വഹിച്ചു. പി.സി.വിഷ്‌ണുനാഥ് എംഎൽഎ, എം.വിൻസന്റ് എംഎൽഎ, മര്യാപുരം ശ്രീകുമാർ, ജി.എസ്.ബാബു, വർക്കല കഹാർ, ടി.ശരത്‌ചന്ദ്രപ്രസാദ്, കരകുളം കൃഷ്‌ണപിള്ള, നെയ്യാറ്റിൻകര സനൽ, എം.എ.വാഹീദ്, പി.കെ.വേണുഗോപാൽ, ആനാട് ജയൻ, പി.സൊണാൾജ് എന്നിവർ പ്രസംഗിച്ചു.