അഞ്ചുതെങ്ങ് നെടുങ്ങണ്ടയിൽ പാത നിർമാണം തടഞ്ഞ് ഇറിഗേഷൻ വകുപ്പ് ; പ്രതിഷേധം ശക്തം

Mail This Article
ചിറയിൻകീഴ്∙അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ നെടുങ്ങണ്ടയിൽ ഇറിഗേഷൻ വകുപ്പധികൃതരുടെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. ദേശീയ ജലപാത വികസനപദ്ധതിയുടെ ഭാഗമായി തീരത്തോടു ചേർന്ന ഇടറോഡ് ഇടിച്ചുമാറ്റിയ അധികൃതർ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ റോഡ് പുനഃസ്ഥാപിച്ചപ്പോഴാണു സ്ഥലം ഇറിഗേഷൻ വകുപ്പിന്റേതാണെന്ന തടസവാദമുന്നയിച്ചിരിക്കുന്നത്. ഇതു പാത നിർമാണം അട്ടിമറിക്കുന്നതിനുള്ള നീക്കമാണെന്ന് ആരോപണം ഉയർന്നുകഴിഞ്ഞു . ഇതുമൂലം വർക്കലത്തോടിനോടുചേർന്നുള്ള കുടുംബങ്ങൾക്കു പുറത്തേക്കു പോകാൻ നടവഴിപോലുമില്ലാതെ വല്ലാത്ത ദുരിതങ്ങളാണു മാസങ്ങളായി അനുഭവിച്ചുവരുന്നത്.
വർഷങ്ങൾക്കു മുൻപു തോടിനു സമാന്തരമായി പടിഞ്ഞാറു കരയിൽകൂടി ഒന്നാംപാലത്തിലേക്കു ഉണ്ടായിരുന്ന പാതയാണു ദേശീയജലപാതവികസനത്തിന്റെ ഭാഗമായി ഇടിച്ചുമാറ്റിയത്. തോടിന്റെ നിർമാണം പൂർത്തിയാക്കിയശേഷം പുതിയതായി പാതനിർമിച്ചു നൽകുമെന്നു ഇറിഗേഷൻ വകുപ്പിലെ ഉന്നതഉദ്യോഗസ്ഥരടക്കം നാട്ടുകാർക്കു വാക്കു കൊടുത്താണു റോഡ് പൊളിച്ചത്. അന്നു സമീപവാസികളായിട്ടുള്ള സ്വകാര്യവ്യക്തികളുടെ പുരയിടങ്ങളിലൂടെ താത്ക്കാലികമായി യാത്രാസൗകര്യം ഉണ്ടാക്കുകയും ചെയ്തിരുന്നു. തോടിന്റെ പൂർത്തീകരണം കഴിഞ്ഞു ശേഷിച്ച ഭാഗത്തു പഞ്ചായത്തധികൃതർ പാത പുനർനിർമിക്കുന്നതി നെത്തിയപ്പോഴാണു തടസവാദങ്ങളുമായി ഇറിഗേഷൻ വകുപ്പിന്റെ രംഗപ്രവേശമുണ്ടായത്.
തലതിരിഞ്ഞ സമീപനം മൂലം രോഗികളെപ്പോലും അടിയന്തിരഘട്ടങ്ങളിൽ തലച്ചുമടായി ഏറെദൂരം ചുമന്നുകൊണ്ടുപോകേണ്ട ദുർഗതിയിലാണു ഇവിടത്തുകാർ. വർക്കല തോടിനു സമാന്തരമായി ഒന്നാംപാലവുമായി യോജിപ്പിച്ചുണ്ടായിരുന്ന പഞ്ചായത്തുറോഡ് പുനർനിർമിക്കണമെന്ന ആവശ്യത്തിലാണു നാട്ടുകാർ. ഇക്കാര്യത്തിൽ സ്ഥലം എംപി അടൂർപ്രകാശും എംഎൽഎ വി.ശശിയുമടക്കമുള്ള ജനപ്രതിനിധികളുടെ ഇടപെടൽ ഉണ്ടാവണമെന്നും ഗ്രാമപഞ്ചായത്ത്, ഇറിഗേഷൻ വകുപ്പ്, റവന്യൂ അധികൃതർ എന്നിവരുമായി ബന്ധപ്പെട്ടു പാത പുനസ്ഥാപിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.