പാർക്കിങ്ങിനെ ചൊല്ലി സൈനികന് ക്രൂരമർദനം; മൂന്നുപേർ റിമാൻഡിൽ
Mail This Article
പാറശാല∙ കടയ്ക്കു മുന്നിൽ കാർ പാർക്ക് ചെയ്തതിനെ ചൊല്ലി ഉയർന്ന തർക്കത്തെത്തുടർന്ന് സൈനികനെയും സഹോദരനെയും ആക്രമിച്ച സംഭവത്തിൽ കട ഉടമ അടക്കം മൂന്നു പേർ റിമാൻഡിൽ. ഇഞ്ചിവിള സ്വദേശി അയൂബ്ഖാൻ (60), മകൻ അലീഫ്ഖാൻ (25) സുഹൃത്ത് ജിംനേഷ്യം നടത്തിപ്പുകാരൻ സജിൻലാൽ (28) എന്നിവരാണ് പിടിയിലായത്. അക്രമം നടത്തിയ സംഘത്തിൽപെട്ട സജിൻദാസ് ഒളിവിൽ ആണ്. ബുധൻ രാത്രി 7.30ന് പാറശാല മുസ്‌ലിം പള്ളിക്കു മുന്നിൽ ആണ് കോട്ടവിള പുതുവൻ പുത്തൻ വീട്ടിൽ സ്മിനു, സൈനികനായ സഹോദരൻ സ്മിജു എന്നിവർക്ക് ക്രൂര മർദനമേറ്റത്.
അയൂബ്ഖാന്റെ തുണിക്കടയ്ക്കു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ എടുക്കാൻ എത്തിയ സ്മിനുവിനെ ഇയാൾ അസഭ്യം പറഞ്ഞതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. രണ്ട് മിനിറ്റ് മാത്രം പാർക്ക് ചെയ്തതിനു അസഭ്യം പറഞ്ഞതിൽ സ്മിനു പ്രതികരിച്ചതോടെ കടയുടെ മുന്നിൽ നിൽക്കുകയായിരുന്ന അലീഫ്ഖാനും സജിൻദാസും സജിൻലാലും ഒാടി എത്തി ഇരുവരെയും മർദിച്ചുവെന്നാണ് പരാതി. സംഘം ചേർന്ന് നടത്തിയ ക്രൂരമായ അക്രമത്തിൽ സ്മിനുവിന്റെ വാരിയെല്ലിനും തലയ്ക്കും സാരമായി പരുക്കുണ്ട്. എഴുന്നേൽക്കാൻ കഴിയാതെ കിടന്ന സ്മിനുവിനെ ഏറെ പണിപ്പെട്ടാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. സ്ഥലത്തെത്തിയ പൊലീസ് അലീഫിനെയും, സജിൻലാലിനെയും ഉടൻ കസ്റ്റഡിയിൽ എടുത്തു.
രാത്രിയോടെ വിവരം തിരക്കാൻ സ്റ്റേഷനിൽ എത്തിയ അയുബ്ഖാൻ പ്രതിയാകുമെന്നു തിരിച്ചറിഞ്ഞതോടെ ഒാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടർന്ന് പിടികൂടി. പ്രതികളെ ഉച്ചയോടെ അക്രമം നടത്തിയ കടയ്ക്കു മുന്നിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. സ്മിജുവിനും മുഖത്തും ശരീരത്തിലും പരുക്കേറ്റിട്ടുണ്ട്. ഒരു മാസം മുൻപാണ് കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങുകൾക്കു വേണ്ടി സ്മിജു അവധിക്കു നാട്ടിൽ എത്തിയത്. തിങ്കളാഴ്ച നടക്കേണ്ട ചടങ്ങുകൾക്ക് വേണ്ട സാധനങ്ങൾ വാങ്ങാൻ എത്തിയപ്പോഴായിരുന്നു അക്രമം.