രക്ഷിക്കണേയെന്ന നിലവിളി; ‘രക്ഷാ പ്രവർത്തനം തുടങ്ങുമ്പോഴേക്കും കൈകൾ ആഴങ്ങളിലേക്ക് താഴ്ന്നു പോയി'

Mail This Article
വെള്ളായണി∙ ആർത്തലച്ച് കരയുന്നതിനിടെ ആ യുവാവ് ചൂണ്ടിക്കാണിച്ച ഭാഗത്തേക്ക് നോക്കുമ്പോൾ വെള്ളത്തിനു മുകളിൽ രണ്ടോ മൂന്നോ കൈകൾ മാത്രം കാണാമായിരുന്നു. സ്വന്തം വള്ളവും എടുത്ത് അപകടം നടന്ന ഭാഗത്തേക്ക് പോകാൻ ഒരുങ്ങുമ്പോൾ നാട്ടുകാരായ കൂടുതൽ പേർ എത്തി. ഫയർഫോഴ്സ് സംഘവും. ‘രക്ഷാ പ്രവർത്തനം തുടങ്ങുമ്പോഴേക്കും വെള്ളത്തിനു മുകളിൽ നേരത്തെ കണ്ട കൈകൾ ആഴങ്ങളിലേക്ക് താഴ്ന്നു പോയിരുന്നു.’ വവ്വാമൂല തുടലിവിള കടവിൽ വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ രക്ഷാ പ്രവർത്തനത്തിന് ആദ്യം എത്തിയവരിൽ ഒരാളായ വി.വി. രാകേഷ് പറഞ്ഞു. അപകടം ഉണ്ടായ കടവിന് അഭിമുഖമായാണ് രാകേഷിന്റെ വീട്.

വെള്ളായണി കായലിൽ 3 കോളജ് വിദ്യാർഥികൾ മുങ്ങി മരിച്ചു
വെള്ളായണി∙ വെള്ളായണി കായലിലെ വവ്വാമ്മൂല തുടലിവിള കടവിൽ കുളിക്കുന്നതിനിടെ 3 ബിബിഎ വിദ്യാർഥികൾ കയത്തിൽ അകപ്പെട്ട് മുങ്ങി മരിച്ചു. വിഴിഞ്ഞം കല്ലുവെട്ടാൻ കുഴി ക്രൈസ്റ്റ് കോളജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥികളായ എൽ. ലിബിനോ (20), എസ്. മുകുന്ദനുണ്ണി (20), ഫെർഡിനാന്റ് ഫ്രാൻസിസ് (19) എന്നിവരാണ് വെള്ളിയാഴ്ച വൈകിട്ട് മൂന്നോടെ ഉണ്ടായ അപകടത്തിൽ മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന സഹപാഠി എസ്.സി. സൂരജ് കായലിൽ ഇറങ്ങിയില്ല. രണ്ടു ബൈക്കുകളിലായി ഉച്ചയ്ക്ക് രണ്ടരയോടെ തുടലിവിള കടവിനു സമീപമെത്തിയ സംഘം ആദ്യം തീരത്തു വിശ്രമിച്ചു.
തുടർന്ന് കുളിക്കാനായി കായലിലിറങ്ങി. ഇവിടെ നിന്ന് കായലിലൂടെ മുന്നോട്ടു നടക്കുന്നതിനിടെയാണ് മൂവരും കയത്തിൽ അകപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. മുങ്ങിത്താഴുന്ന കൂട്ടുകാരെ കണ്ട് കരയിൽ നിന്ന് സൂരജ് ബഹളം വച്ചു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫെർഡിനാന്റിനെ വെട്ടുകാട് മാദ്രെ ദേവൂസ് പളളിയിലും ലിബിനോയെ വിഴിഞ്ഞം സിന്ധുയാത്ര മാതാ പളളിയിലും മുകുന്ദൻ ഉണ്ണിയെ പുത്തൻകോട്ട ശ്മശാനത്തിലും സംസ്‌കരിച്ചു. വിഴിഞ്ഞം മുക്കോല കടയ്ക്കുളം വാറുതട്ടുവിള വീട്ടിൽ ലാസറിന്റേയും സ്‌റ്റെല്ലയുടെയും മകനാണ് ലിബിനോ.
സഹോദരങ്ങൾ: ലിബ്‌ന, ലിബ്‌നി. മണക്കാട് കുര്യാത്തി എൻഎസ്എസ് കരയോഗ മന്ദിരത്തിന് സമീപം ടിസി 41/1079, കവിതാ നിവാസിൽ സുരേഷ് കുമാറിന്റെയും കവിതാ റാണിയുടേയും മകനാണ് മുകുന്ദനുണ്ണി. കൃഷ്ണൻ ഉണ്ണി, മാധവൻ ഉണ്ണി എന്നിവരാണ് സഹോദരങ്ങൾ. വെട്ടുകാട് തൈവിളാകം ടിസി 33/396 ൽ ഫ്രാൻസിസിന്റെയും മേരി സുമയുടെയും മകനാണ് ഫെർഡിനാന്റ്. ഫെറിലാസ്, ഫ്രഡോളിൻ എന്നിവരാണ് സഹോദരങ്ങൾ. മുകുന്ദനുണ്ണി പുതിയ ബൈക്ക് വാങ്ങിയതിന്റെ സന്തോഷത്തിനാണ് നാലംഗ സംഘം അവധിദിനത്തിൽ വെള്ളായണിയിലെത്തിയത്.
വവ്വാമൂലയിൽ കാത്തിരിക്കുന്നത് അപകടത്തിന്റെ കാണാക്കയങ്ങൾ
വിഴിഞ്ഞം ∙ വെള്ളായണി കായലിൽ വവ്വാമൂല ഭാഗം സ്ഥിരം അപകട മേഖലയെന്ന് നാട്ടുകാർ. അനധികൃതമായി മണൽ വാരിയപ്പോഴുണ്ടായ കയങ്ങളാണ് ഭീഷണി. മണൽ വാരൽ വർഷങ്ങൾക്കു മുൻപ് നിർത്തിയെങ്കിലും വെള്ളത്തിന് ഒഴുക്കില്ലാത്തതിനാൽ അന്നുണ്ടായ കയങ്ങൾ ഇപ്പോഴും അപകടമുണ്ടാക്കുന്നു. സ്ഥലവാസിയായ ഒരാൾ കയത്തിൽ അകപ്പെട്ട് മരിച്ചത് മാസങ്ങൾക്ക് മുൻപാണ്. പൊലീസിന്റെ കണ്ണ് എത്താത്തതും കടത്താൻ എളുപ്പമായതും കാരണമാണ് കടത്തുകാർ വവ്വാമൂല ഭാഗം മണലൂറ്റിന് തിരഞ്ഞെടുക്കാൻ കാരണം. 15 വർഷം മുൻപു വരെ രാത്രികളിൽ ലോഡ് കണക്കിന് മണൽ കടത്തിയിരുന്നതായി നാട്ടുകാർ പറയുന്നു.
പൊലീസ് ഇടപെടലിൽ പിന്നീട് മണലെടുപ്പ് നിർത്തിയെങ്കിലും മണലൂറ്റാനായി കുഴിച്ച കുഴികൾ വലിയ കയങ്ങളായി. തുടരെ അപകടങ്ങളുണ്ടായപ്പോൾ നാട്ടുകാർ മുന്നറിയിപ്പ് നൽകാറുണ്ടായിരുന്നു. കായൽ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവരോട് ഇക്കാര്യം പറയാറുണ്ടെങ്കിലും അത് വാക്കേറ്റത്തിൽ കലാശിക്കാൻ തുടങ്ങി. അതോടെ ഇടപെടാതായതായി നാട്ടുകാർ പറഞ്ഞു. രൂക്ഷമായ ജല ക്ഷാമമുണ്ടാകുന്ന വേനൽ സമയത്ത് വിഴിഞ്ഞത്തു നിന്ന് മത്സ്യത്തൊഴിലാളികൾ ഇവിടെ എത്തി കുളിക്കുന്നതും തുണി അലക്കുന്നതും പതിവാണ്.