തമ്പിയോട് പാട്ട് ചോദിക്കാൻ ആവശ്യപ്പെട്ടത് സാംസ്കാരിക സെക്രട്ടറി; തള്ളിയതും സെക്രട്ടറി കൂടി ഉൾപ്പെട്ട സമിതി: സച്ചിദാനന്ദൻ
Mail This Article
തിരുവനന്തപുരം / തൃശൂർ ∙ കേരളഗാനത്തിനായി ശ്രീകുമാരൻ തമ്പിയോട് രചന ചോദിക്കാൻ ആവശ്യപ്പെട്ടതു സാംസ്കാരിക വകുപ്പു സെക്രട്ടറിയാണെന്നും രചിച്ച ഗാനം തിരഞ്ഞെടുക്കാതിരുന്നത് സാംസ്കാരിക സെക്രട്ടറി കൂടി ഉൾപ്പെട്ട കമ്മിറ്റിയാണെന്നും സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ. ഇക്കാര്യം വിശദീകരിച്ച് ശ്രീകുമാരൻ തമ്പിക്ക് ഇ മെയിൽ അയച്ചിട്ടുണ്ടെന്നും സച്ചിദാനന്ദൻ ഫെയ്സ്ബുക് പോസ്റ്റിൽ വെളിപ്പെടുത്തി.
കേരളഗാനം തിരഞ്ഞെടുക്കുന്ന കമ്മിറ്റിയിലെ ഒരംഗം മാത്രമാണ് താനെന്നും കമ്മിറ്റിയിലെ ഒരാളും തമ്പിയുടെ ഗാനം അംഗീകാരയോഗ്യമായി കരുതിയില്ലെന്നും സച്ചിദാനന്ദൻ പറയുന്നു. കേരളഗാനത്തിനായി ഇപ്പോഴും ഒട്ടേറെ നിർദേശങ്ങൾ എത്തുന്നുണ്ട്. രചനയും സംഗീതവും ഒരുപോലെ സർക്കാർ കമ്മിറ്റി അംഗീകരിക്കുമ്പോൾ മാത്രമേ അത് കേരളഗാനമാകൂ. ഒരു ഉപാധിയുമില്ലാതെ ശ്രീകുമാരൻ തമ്പിയോടു ഗാനം ആവശ്യപ്പെടാനാണ് സാംസ്കാരിക വകുപ്പ് സെക്രട്ടറി ആവശ്യപ്പെട്ടത്. ഇതിൽ ഒരു വാഗ്ദാനലംഘനവും നടന്നിട്ടില്ലെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി.
ഈ വിഷയത്തിൽ സച്ചിദാനന്ദന് മറുപടി നൽകില്ലെന്ന് ശ്രീകുമാരൻ തമ്പി വ്യക്തമാക്കി. താൻ പറഞ്ഞ കാര്യങ്ങളിൽ നിന്നു തരിമ്പും പിന്നോട്ടില്ല. സർക്കാരിൽ നിന്ന് ഒരു കസേരയും പ്രതീക്ഷിക്കുന്നയാളല്ല താൻ. തനിക്കു സ്വന്തമായി കസേരയുണ്ട്. മറ്റുള്ളവർക്ക് പല കസേരകളും വേണമെന്നിടത്താണ് പ്രശ്നങ്ങളെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. അതേ സമയം അണഞ്ഞുതുടങ്ങിയ വിവാദം ഫെയ്സ്ബുക് പോസ്റ്റിലൂടെ സച്ചിദാനന്ദൻ വീണ്ടും കുത്തിപ്പൊക്കിയെന്ന വിലയിരുത്തലാണ് സാംസ്കാരിക വകുപ്പിനുള്ളത്.