50 മീറ്റർ നീളമുള്ള ബാർജ് കടലിൽനിന്ന് എങ്ങനെ ഉയർത്തും? കൊച്ചിയിൽ നിന്ന് യന്ത്രം കൊണ്ടുവരാൻ നീക്കം

Mail This Article
കഴക്കൂട്ടം∙ മുതലപ്പൊഴിയിൽനിന്നു വിഴിഞ്ഞത്തേക്കു കൊണ്ടുപോകവേ വടംപൊട്ടി തുമ്പ തീരത്തെത്തി മണലിൽ ഉറച്ച ബാർജിനെ ഉയർത്തി കൊണ്ടുപോകാനുള്ള ശ്രമങ്ങൾ തുടരുന്നു. മണ്ണുമാന്തി കൊണ്ടുവന്ന് ബാർജ് താണ ഭാഗത്തുനിന്നു മണ്ണു മാറ്റാൻ ശ്രമം തുടർന്നെങ്കിലും വിജയിച്ചില്ല. കൂടുതൽ യന്ത്രങ്ങൾ വരുത്തി ബാർജിനെ ഉയർത്താനുള്ള ശ്രമങ്ങളുണ്ട്. ബാർജ് ഉയർത്താനുള്ള യന്ത്രം കൊച്ചി തുറമുഖത്തുനിന്നു കൊണ്ടുവരുമെന്നാണ് വിവരം. 50 മീറ്ററോളം നീളമുള്ള ബാർജിന്റെ ഭാഗം കരയിൽ നിന്നാൽ കാണാം. ബാർജ് ഇതേപടി മണലിൽ താഴ്ന്നു കിടന്നാൽ കൂടുതൽ മണൽ അടിഞ്ഞുകയറി തുരുത്തു പോലുള്ള ഭാഗം രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധർ പറഞ്ഞു. ഇങ്ങനെ വന്നാൽ കപ്പലുകൾ ദിശതെറ്റി കരയിലേക്കു ഇടിച്ചു കയറാനും സാധ്യതയുണ്ടത്രെ.
മനോരമ വാർത്തയെത്തുടർന്നാണ് അടിയന്തര നടപടിയുമായി കമ്പനി അധികൃതർ എത്തിയത്. ഒരാഴ്ച മുൻപ് പുലർച്ചെ 3 മണിയോടെയാണ് തുമ്പ പള്ളിക്കു സമീപം തീരക്കടലിൽ ബാർജ് എത്തിയത്. വിഴിഞ്ഞം തുറമുഖ നിർമാണത്തിനു വേണ്ട കല്ലുകൾ കയറ്റി കൊണ്ടുപോകാനും പെരുമാതുറ അഴിമുഖത്തിന്റെ ആഴം കൂട്ടാനുമായി കൊണ്ടുവന്ന ബാർജ് കേടായി ഏതാനും മാസങ്ങളായി മുതലപ്പൊഴിയിൽ കിടന്നിരുന്നു. കഴിഞ്ഞ ഒക്ടോബർ 12ന് മുതലപ്പൊഴിയിൽ പുലിമുട്ടിൽ ഇടിച്ചുകയറിയ ബാർജിനെ അവിടെനിന്നു നീക്കി.
രാത്രി ഉരുക്കു വടം ഉപയോഗിച്ച് കെട്ടിവലിച്ച് വിഴിഞ്ഞത്തേക്കു കൊണ്ടു പോകവേയാണ് വടം പൊട്ടി തുമ്പ തീരത്തിനു സമീപം എത്തിയത്. ബാർജ് തീരക്കടലിൽ മുങ്ങിത്താണാൽ തങ്ങളുടെ വള്ളത്തിനും വലയ്ക്കും കേടുപാടുകൾ പറ്റുമെന്ന് മത്സ്യത്തൊഴിലാളികളും പറയുന്നു. അതിനാൽ ബാർജിനെ മാറ്റാനുള്ള നടപടികൾ എത്രയും വേഗമുണ്ടാകണമെന്നും ആവശ്യപ്പെട്ടിരുന്നു.