ADVERTISEMENT

തിരുവനന്തപുരം∙ കിഫ്ബി ലക്ഷ്യമിടുന്ന ഇൻഡസ്ട്രിയൽ ആൻഡ് ഇക്കണോമിക് ഗ്രോത്ത് ട്രയാംഗിൾ നീളുന്നത് 3 ദിശകളിലേക്ക്. വിഴിഞ്ഞം–കൊല്ലം ദേശീയപാത 66, കൊല്ലം-ചെങ്കോട്ട ദേശീയപാത 744, പുതിയ ഗ്രീൻഫീൽഡ് ദേശീയപാത 744, കൊല്ലം-ചെങ്കോട്ട റെയിൽവേ ലൈൻ, പുനലൂർ-നെടുമങ്ങാട്–വിഴിഞ്ഞം റോഡ്‌ എന്നിവയാണ് ഈ ഗ്രോത്ത് ട്രയാംഗിളിലെ 3 ദിശകൾ. ഇപ്പോൾ സ്ഥലമേറ്റെടുപ്പ് പുരോഗമിക്കുന്ന തിരുവനന്തപുരം ഔട്ടർ റിങ് റോഡും വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോറും ട്രയാംഗിളിന്റെ ഭാഗമാകും. എന്നാൽ, നെയ്യാറ്റിൻകര മേഖലയെ പദ്ധതിയുടെ ഭാഗമാക്കിയിട്ടില്ല. 

ഗതാഗത ഇടനാഴികളുടെ വികസനം സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പ്രധാന ലക്ഷ്യ സ്ഥാനങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുകയും ചെയ്യുമെന്നാണു സർക്കാർ കണക്കുകൂട്ടുന്നത്. വിഴിഞ്ഞം പദ്ധതിയോടെ തിരുവനന്തപുരം,കൊല്ലം, കന്യാകുമാരി ജില്ലകളിൽ ഭൂമിക്കു വൻ ഡിമാൻഡ് വരുമെന്നാണു സർക്കാർ കണക്കുകൂട്ടുന്നത്. അപ്പോൾ സ്ഥലമേറ്റെടുപ്പിനു പോയാൽ‌ ഫലപ്രദമാകണമെന്നില്ല. ചെലവും വർധിക്കും. ഇതു കണക്കിലെടുത്താണു മുൻകൂട്ടി സ്ഥലമേറ്റെടുപ്പ് നടപടികൾക്കു സർക്കാർ തുടക്കമിടുന്നത്. 

സ്ഥലമേറ്റെടുക്കൽ വേഗത്തിൽ 
സ്ഥലമേറ്റെടുപ്പിനു സർക്കാർ സ്വീകരിക്കുന്ന പതിവു രീതികൾ വിട്ട് ലാൻഡ് പൂളിങ്, പൊതു-സ്വകാര്യ പങ്കാളിത്തം, നേരിട്ട് വാങ്ങൽ, ഭൂമി കൈമാറ്റം, തുടങ്ങിയ മാർഗങ്ങൾ സ്വീകരിക്കും. ഇതു ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കും. ഇടനാഴികളിൽ  പ്രത്യേക സാമ്പത്തിക മേഖലകൾ പ്രഖ്യാപിച്ച് സ്വകാര്യ നിക്ഷപവും ഉറപ്പാക്കും. ഭാവിയിൽ ഈ ഇടനാഴി കൊല്ലത്തുനിന്ന് ആലപ്പുഴ ദേശീയപാത 66 വഴി കൊച്ചിയിലേക്കും പുനലൂരിൽനിന്നു പത്തനംതിട്ടയിലേക്കും എംസി റോഡ് വഴി കോട്ടയത്തേക്കും ബന്ധിപ്പിച്ച് മധ്യകേരളത്തെക്കൂടി വികസനത്തിന്റെ ഭാഗമാക്കാനും പദ്ധതിയുണ്ട്. 

പ്രധാന വികസന നോഡുകൾ
∙ വിഴിഞ്ഞം നോഡ്: തുറമുഖത്തേക്ക് നേരിട്ടു പ്രവേശനമുള്ള രാജ്യാന്തര കവാടമാകും.
∙  കൊല്ലം അർബൻ സെന്റർ നോഡ്: നിലവിലുള്ള വ്യവസായങ്ങളെ ഗതാഗത ശൃംഖലകളുമായി ബന്ധിപ്പിക്കും.
∙  പുനലൂർ നോഡ്: ഊർജ വ്യവസായങ്ങളുടെ കേന്ദ്രമാകും. 
∙  ഉപനോഡുകൾ: പള്ളിപ്പുറം-ആറ്റിങ്ങൽ-വർക്കല, പാരിപ്പള്ളി-കല്ലമ്പലം,നീണ്ടകര-കൊല്ലം,കൊല്ലം-കുണ്ടറ,കുണ്ടറ-കൊട്ടാരക്കര,അഞ്ചൽ-ആയൂർ, നെടുമങ്ങാട്-പാലോട്. ഇവ പ്രാദേശിക വികസനത്തിനു പിന്തുണയാകും.

പ്രധാന വികസന മേഖലകൾ 
ഓരോ മേഖലയുടെയും പ്രത്യേകത കണക്കിലെടുത്താണ് അവിടെ വ്യവസായങ്ങൾ പ്രോൽ‌സാഹിപ്പിക്കുക. ഇതിനായി 7 മേഖലകൾ കണ്ടെത്തിയിട്ടുണ്ട്. 
∙  സമുദ്രോൽപന്ന ഭക്ഷ്യസംസ്കരണവും കയറ്റുമതിയും: പ്രാദേശിക തീരദേശ വിഭവങ്ങളിലൂടെ രാജ്യാന്തര വ്യാപാരം വർധിപ്പിക്കും. 
∙  കാർഷികാധിഷ്ഠിത വ്യവസായങ്ങൾ: സുസ്ഥിര കാർഷിക രീതികൾ വഴി വിളകളുടെ ഉൽപാദനക്ഷമതയും മൂല്യവർധനവും പ്രോത്സാഹിപ്പിക്കും.
∙  ഐടി/ഐടിഇഎസ്/ബഹിരാകാശ മേഖല: ഐടി/ഐടിഇഎസ്/ബഹിരാകാശ മേഖലയിൽ ഒരു സാങ്കേതിക കേന്ദ്രമായി തെക്കൻ മേഖലയെ മാറ്റും.
∙  ഗതാഗതവും ലോജിസ്റ്റിക്സും: മേഖലയെ ഒരു നിർണായക വ്യാപാര നോഡാക്കി മാറ്റുക
∙  പുനരുപയോഗ ഊർജം: സൗരോർജത്തിനും മറ്റ് പുനരുപയോഗ ഊർജ പദ്ധതികൾക്കും പുനലൂരിലെ കാലാവസ്ഥാ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തും. 
∙  അസംബ്ലിങ് യൂണിറ്റുകൾ: പ്രാദേശിക ഉൽപാദന ശേഷി വർധിപ്പിക്കും
∙  മെഡിക്കൽ ടൂറിസം/ഹോസ്പിറ്റാലിറ്റി: മെച്ചപ്പെട്ട ടൂറിസം സംരംഭങ്ങളിലൂടെ വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കും. 

1,456 ചതുരശ്ര കിലോമീറ്ററിൽ ഇക്കണോമിക് ഗ്രോത്ത് ട്രയാംഗിൾ പദ്ധതി കിഫ്ബി വഴി
തിരുവനന്തപുരം ∙ വിഴിഞ്ഞത്തുനിന്നു തുടങ്ങി തിരുവനന്തപുരം,കൊല്ലം ജില്ലകളിൽ 1,456 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ വിഴിഞ്ഞം–കൊല്ലം–പുനലൂർ വ്യവസായ സാമ്പത്തിക വളർച്ചാ മുനമ്പ്(ഇൻഡസ്ട്രിയൽ ആൻഡ് ഇക്കണോമിക് ഗ്രോത്ത് ട്രയാംഗിൾ) പദ്ധതിക്ക് കിഫ്ബി തുടക്കമിടുന്നു. 3 വർഷത്തിനുള്ളിൽ 3 ലക്ഷം കോടി രൂപയുടെ നിക്ഷേപം പ്രദേശത്തേക്കു കൊണ്ടുവരികയാണു ലക്ഷ്യം. വിഴിഞ്ഞം പദ്ധതി പൂർത്തീകരണത്തിലേക്കു കടക്കുന്നതു കണക്കിലെടുത്താണു സംസ്ഥാനത്തിന്റെ തെക്കൻ മേഖലയെ വ്യവസായ,സാമ്പത്തിക കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നത്. സർക്കാർ പരമാവധി ഭൂമി ഏറ്റെടുത്ത് ഓരോ പ്രദേശത്തെയും പരമ്പരാഗതവും നൂതനവുമായ വ്യവസായ സംരംഭങ്ങൾക്ക് അവസരം ഒരുക്കുകയാണു മുഖ്യലക്ഷ്യം.

1,000 കോടി രൂപ ആദ്യഘട്ടത്തിൽ സ്ഥലമേറ്റെടുപ്പിനായി ചെലവിടും. സാധ്യതാ പഠനങ്ങൾ,ഫണ്ടിങ് ലഭ്യമാക്കൽ,വ്യവസായ സ്ഥാപനങ്ങളും ഉടമസ്ഥരുമായി കരാറുണ്ടാക്കൽ,റോഡുകൾ അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനം തുടങ്ങി ഘട്ടം ഘട്ടമായാണു പദ്ധതി നടപ്പാക്കുക.

ഗതാഗത,ലോജിസ്റ്റിക്സ്,വ്യവസായ പാർക്കുകൾ സംയോജിപ്പിച്ചാണു ഗ്രോത്ത് ട്രയാംഗിൾ നടപ്പാക്കുക. പ്രധാന ഹൈവേകൾക്കും റെയിൽ ശൃംഖലകൾക്കും സമീപമുള്ള പ്രദേശങ്ങളിലെ പ്രത്യേകതകൾ പരിശോധിക്കും. തുടർന്ന്, ആഗോളതലത്തിൽ മത്സരിക്കാൻ കഴിയുന്ന സ്മാർട് ഇൻഡസ്ട്രിയൽ ഇക്കോ സിസ്റ്റം വികസിപ്പിക്കും. ഈ മേഖലകളിൽ നിന്നു ചരക്കുകളുടെയും സേവനങ്ങളുടെയും തുറമുഖത്തേക്കുള്ള ഒഴുക്ക് ഉറപ്പാക്കും. ഇതിനായി നിലവിലെ റോഡ്,റെയിൽ ശൃംഖലകൾ മെച്ചപ്പെടുത്തും. ഇതുവഴി കണക്ടിവിറ്റിയും പ്രാദേശിക സാമ്പത്തിക വികസനവും കൂടുതൽ മെച്ചപ്പെടും.

English Summary:

Kerala's government is spearheading an ambitious project known as the Thiruvananthapuram Industrial and Economic Growth Triangle. This initiative aims to create a thriving economic corridor by developing key transportation routes, including National Highways and railway lines, connecting Thiruvananthapuram, Kollam, and key towns. This development will open doors for various industries like seafood processing, IT, renewable energy, and tourism. The government is proactively acquiring land and establishing special economic zones to incentivize private investment and foster rapid economic growth.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com