ADVERTISEMENT

പോത്തൻകോട് ∙ പത്തനംതിട്ട ചുട്ടിപ്പാറ എസ്എംഇ കോളജ് ഓഫ് നഴ്സിങ്ങിലെ നാലാം വർഷ വിദ്യാർഥിനി അമ്മു എ.സജീവിന്റെ മരണത്തിൽ കോളജ് അധികൃതരുടെ വിശദീകരണത്തിൽ പൊരുത്തക്കേടുകളെന്ന് കുടുംബം. അമ്മു കെട്ടിടത്തിൽ നിന്നു ചാടിയെന്ന് നാലരയോടെ വിദ്യാർഥിനികൾ ക്ലാസ് ടീച്ചറെ വിളിച്ചറിയിച്ചെന്നാണ് കോളജിൽനിന്നു പറഞ്ഞത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അമ്മുവിനെ എത്തിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത് 5.15ന് ആണ്. 2.6 കിലോമീറ്റർ ദൂരമാണ് ജനറൽ ആശുപത്രി വരെയുള്ളത്. എന്നിട്ടും ആശുപത്രിയിലെത്തിക്കാൻ അരമണിക്കൂറിലധികം എടുത്തുവെന്നത് ദുരൂഹമാണ്. ഒരു മണിക്കൂർ 37 മിനിറ്റ് ആശുപത്രിയിൽ കിടത്തിയെന്നാണ് പറയുന്നത്. 

സൗകര്യങ്ങളില്ലാത്തതിനാൽ 108 ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാൻ നിർദേശിച്ചെന്നും പറയുന്നു. ഇതിനു തടസ്സം നിന്നത് ആരെന്നു കണ്ടെത്തണമെന്നും മാതാപിതാക്കൾ പറഞ്ഞു. മകളുടെ വിവരമറിയാൻ പലവട്ടം ഹോസ്റ്റൽ വാർഡനെ വിളിച്ചെന്നും ഒടുവിൽ അഞ്ചേകാലോടെയാണു ഫോൺ എടുത്തതെന്നും അമ്മുവിന്റെ അമ്മ രാധാമണി പറയുന്നു. തുണിയെടുക്കാൻ പോയപ്പോൾ കാൽതെറ്റി വീണെന്നായിരുന്നു വാർഡൻ പറഞ്ഞത്. ഹോസ്റ്റലിലെ ലാൻഡ് ഫോണിൽ വിളിച്ചപ്പോൾ കെട്ടിടത്തിനു മുകളിൽ നിന്നു ചാടിയെന്നാണ് അറിയിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ മകളോട് രണ്ടു വാക്ക് സംസാരിക്കും മുൻപ് ഫോൺ പിടിച്ചു വാങ്ങിയതു പോലെ തോന്നിയെന്നും രാധാമണി പറയുന്നു. 

വെന്റിലേറ്ററടക്കം സൗകര്യമുള്ള ആംബുലൻസിൽ കൊണ്ടുവരണമെന്നാണ് ആവശ്യപ്പെട്ടത്. വഴിയിൽ പല ആശുപത്രികളുണ്ടായിരുന്നിട്ടും അവിടെയെങ്ങും അമ്മുവിനെ കാണിക്കാൻ അവർ ശ്രമിച്ചില്ല. ശരീരത്തിൽ പൊട്ടലുകളുണ്ടെന്നറിഞ്ഞിട്ടും ആംബുലൻസിലേക്കു കയറ്റും മുൻപ് മുൻകരുതൽ സ്വീകരിച്ചില്ല. മറ്റൊരു കുട്ടിയുടെ ലോഗ് ബുക്ക് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് അമ്മുവിനെ മോശക്കാരിയാക്കാൻ ശ്രമം നടന്നുവെന്നും രാധാമണി പറഞ്ഞു.     

കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണതിന്റെ തെളിവുകൾ ശരീരത്തിലോ അമ്മു ധരിച്ചിരുന്ന യൂണിഫോമിലോ ഉണ്ടായിരുന്നില്ലെന്ന് മൃതദേഹ പരിശോധനയ്ക്കു സാക്ഷിയായിരുന്ന പോത്തൻകോട് പഞ്ചായത്തംഗം ബിന്ദു സത്യൻ പറഞ്ഞു. വസ്ത്രത്തിൽ രക്തക്കറയോ ചെളിയോ മണ്ണോ പുരണ്ടിരുന്നില്ല. യൂണിഫോമിന്റെ മുൻവശം കീറിയിരുന്നു. നെറ്റിയുടെ ഒരു ഭാഗത്ത് ചെറിയ ചതവും തലയുടെ പിറകിൽ രണ്ടു പാടുകളും ഉണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. 

ഭയം കൂടാതെ വിവരം കൈമാറാം
അന്വേഷണത്തിൽ വീഴ്ചയുണ്ടാകാതിരിക്കാനും വിദ്യാർഥികൾക്ക് ഭയം കൂടാതെ കാര്യങ്ങൾ അറിയിക്കാനും വേണ്ടത് ചെയ്തെന്ന് അമ്മുവിന്റെ വീട്ടിൽ വിവരം ശേഖരിക്കാനെത്തിയ ആരോഗ്യ സർവകലാശാല അന്വേഷണ സമിതി അംഗങ്ങൾ പറഞ്ഞു. പേരുകൾ വയ്ക്കാതെ അവർക്ക് അറിയിക്കാനുള്ള കാര്യങ്ങൾ എഴുതി ബോക്സിൽ ഇടാനാണ് ആവശ്യപ്പെട്ടത്. എല്ലാവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. വൈകാതെ റിപ്പോർട്ട് വൈസ് ചാൻസലർക്കു കൈമാറുമെന്നും അവർ പറഞ്ഞു. ആരോഗ്യ സർവകലാശാല സ്റ്റുഡന്റ്സ്  അഫയേഴ്സ് ഡീൻ ഡോ.വി.വി. ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണു വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചത്. 

പൊലീസ് മൊഴിയെടുപ്പ് പൂർത്തിയാക്കി
പത്തനംതിട്ട∙ അമ്മു സജീവ് മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണ സംഘം മൊഴിയെടുപ്പ് പൂർത്തിയാക്കി. ഇന്നലെ അമ്മുവിന്റെ പിതാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം മാതാവിന്റെയും സഹോദരന്റെയും മൊഴിയെടുത്തിരുന്നു. കോളജ് പ്രിൻസിപ്പലിനു നൽകിയ പരാതിയിലെ ആരോപണങ്ങൾ പിതാവ് മൊഴിയിലും ആവർത്തിച്ചു. ആരോപണ വിധേയരായ സഹപാഠികളുടെ മൊഴിയും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. മൊഴികളിൽ വൈരുധ്യമുണ്ടോ തുടങ്ങിയ കാര്യങ്ങൾ അടുത്ത ദിവസങ്ങളിൽ പരിശോധിക്കും. ഫോൺ വിവരങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. 

English Summary:

The family of Ammu A. Sajeev, a nursing student who died after allegedly jumping from her college building in Pathanamthitta, is raising serious concerns about the circumstances surrounding her death. Discrepancies in the timeline provided by the college and the hospital records.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT