ഖത്തറിന്‍റെ ടൂറിസം ആകര്‍ഷണങ്ങളിലേക്ക് ലാന്‍ഡ് ഓഫ് ലജന്‍ഡ്സും
Mail This Article
ദോഹ ∙ ഖത്തറിന്‍റെ ടൂറിസം കാഴ്ചകള്‍ക്ക് കരുത്തേകാന്‍ അത്യാഡംബര വികസന പദ്ധതിയായ 'ലാന്‍ഡ് ഓഫ് ലജന്‍ഡ്‌സ്' ഒരുങ്ങുന്നു. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയാണ് കഴിഞ്ഞ ദിവസം പുതിയ ടൂറിസം പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. ആഭ്യന്തര ടൂറിസം മേഖലയ്ക്ക് കൂടുതല്‍ കരുത്തുപകരുന്നതിനൊപ്പം രാജ്യത്തേക്ക് വിദേശ നിക്ഷേപത്തെ ആകര്‍ഷിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് വടക്കന്‍ പ്രദേശമായ സിമെയ്‌സ്മയില്‍ പുതിയ ടൂറിസം പദ്ധതി നിര്‍മിക്കുന്നത്.
മേഖലയിലെ ഏറ്റവും വലിയ തീം പാര്‍ക്കുകളിലൊന്ന് ലാന്‍ഡ് ഓഫ് ലജന്‍ഡ്‌സില്‍ ഉണ്ടാകും. ഖത്തരി ദയാര്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പ്രതിവര്‍ഷം 2 ലക്ഷം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. സിമെയ്‌സ്മ പദ്ധതിക്കുള്ളിലെ ആദ്യത്തെ സുപ്രധാന വികസന പദ്ധതിയാണിത്. മേഖലയിലെ ലക്ഷകണക്കിന് വരുന്ന ജനതയ്ക്ക് അവധിയാഘോഷത്തിനും വിനോദത്തിനും താമസത്തിനുമെല്ലാമായി ഖത്തറിലെ ഏറ്റവും മികച്ച ആകര്‍ഷണ കേന്ദ്രമാക്കി ലാന്‍ഡ് ഓഫ് ലജന്‍ഡ്‌സിനെ മാറ്റുകയാണ് ലക്ഷ്യം.
∙ ലാന്‍ഡ് ഓഫ് ലജന്‍ഡ്‌സിലെ കാഴ്ചകള്‍
80 ലക്ഷം ചതുരശ്രമീറ്ററില്‍ അധികമാണ് പുതിയ പദ്ധതിയുടെ വിസ്തീര്‍ണം. സിമെയ്‌സ്മയിലെ 7 കിലോമീറ്റര്‍ നീളുന്ന ബീച്ചിനോട് ചേര്‍ന്നാണിത്. സുസ്ഥിരത ഉറപ്പാക്കി കൊണ്ടാണ് നൂതന നിര്‍മാണ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ലോകോത്തര നിലവാരത്തിലുള്ള പദ്ധതി നിര്‍മിക്കുന്നത്. തീം പാര്‍ക്കിന് പുറമെ 18 ഹോള്‍ ഗോള്‍ഫ് കോഴ്‌സ്, ആഡംബര യാട്ടുകള്‍ക്കുള്ള മറീന, അത്യാഡംബര പാര്‍പ്പിട വില്ലകള്‍, ലോകോത്തര ഭക്ഷണരുചികളുമായി റസ്റ്ററന്റുകള്‍, മുന്തിയ ബ്രാന്‍ഡുകളുടെ റീട്ടെയ്ല്‍ ശാലകള്‍ എന്നിവയെല്ലാം ഉണ്ടാകും.
സിനിമാസ്വാദകര്‍ക്ക് മികച്ച അനുഭവം ഉറപ്പാക്കാന്‍ അത്യാധുനിക സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച മേഖലയിലെ ആദ്യത്തെ ചലിക്കുന്ന തിയറ്റര്‍, സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി ഫ്‌ളൈയിങ് തിയറ്റര്‍ എന്നിവയും പദ്ധതിയിലെ പ്രധാന ആകര്‍ഷണങ്ങളാണ്.