പുറമ്പോക്ക് ഭൂമി കയ്യേറി സ്വകാര്യവ്യക്തികൾ; അറിയാത്ത ഭാവത്തിൽ അധികൃതർ
Mail This Article
പാറശാല∙ കോടികൾ വിലവരുന്ന റോഡ് വശത്തെ പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തികൾ കയ്യേറിയിട്ടും നടപടി എടുക്കാതെ പൊതുമരാമത്ത് വകുപ്പ് അധികൃതർ. ഊരമ്പ്–പൂവാർ റോഡിൽ ആറ്റുപുറം ചെക്പോസ്റ്റിനു സമീപം റോഡിന്റെ ഇരുവശത്തുമുള്ള നാൽപതു സെന്റോളം പുറമ്പോക്ക് ഭൂമിയിൽ ആണ് കയ്യേറ്റം തുടരുന്നത്. ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ പൂവാറിനു സമീപം ആറ്റുപുറം മോട്ടർ വാഹന ചെക്പോസ്റ്റിൽ എത്തുന്ന വാഹനങ്ങളുടെ പാർക്കിങ് ലക്ഷ്യമിട്ടാണ് പൊതുമരാമത്ത് വകുപ്പ് മൂന്നു പതിറ്റാണ്ട് മുൻപ് ഭൂമി ഏറ്റെടുത്തത്.
റോഡ് വികസനം അടക്കം തുടർ നടപടികൾ ഇല്ലാതായതോടെ പുറമ്പോക്ക് ഭൂമിയിൽ കെട്ടിട നിർമാണം, താൽക്കാലിക കടകൾ, കൃഷി തുടങ്ങിയവ നടത്തി സമീപ വസ്തു ഉടമകൾ നിയന്ത്രണം ഏറ്റെടുത്തിട്ടു വർഷങ്ങൾ കഴിഞ്ഞു. കയ്യേറ്റക്കാരുടെ രാഷ്ട്രീയ ബന്ധം മൂലം കെട്ടിട നിർമാണം അടക്കം അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കുളത്തൂർ പഞ്ചായത്തിൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ സ്ഥലം ഏറ്റെടുക്കണമെന്ന ആവശ്യത്തിനും തുടർ നടപടികൾ ഉണ്ടായില്ല.