നടൻ ദിലീപ് ശങ്കർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

Mail This Article
തിരുവനന്തപുരം ∙ സീരിയൽ– സിനിമ നടൻ ദിലീപ് ശങ്കർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. സീരിയൽ ഷൂട്ടിങ്ങിനായി താമസിച്ച ഹോട്ടലിൽ ആണ് നടനെ ഇന്നലെ ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിനു താഴെ തറയിൽ ആണ് മൃതദേഹം കിടന്നത്. മൃതദേഹത്തിനു 2 ദിവസത്തിലധികം പഴക്കമുണ്ടെന്നു പൊലീസ് പറഞ്ഞു. ഫൊറൻസിക് പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല.
ദിലീപിന് കരൾരോഗം അടക്കം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ഇതാകാം മരണകാരണമെന്നാണു അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.പഞ്ചാഗ്നി എന്ന സീരിയലിന്റെ ഷൂട്ടിങ്ങിനായി 19ന് ആണ് ദിലീപ് മുറി എടുത്തത്. 26 വരെ ഷൂട്ടിങ് ഉണ്ടായിരുന്നു. അതു കഴിഞ്ഞ് ഹോട്ടലിൽനിന്നു പുറത്തേക്ക് പോയിരുന്നില്ല.
ശനിയാഴ്ച സീരിയലിന്റെ പ്രൊഡക്‌ഷൻ മാനേജർ ഫോണിൽ വിളിച്ചിട്ടും ദിലീപിനെ കിട്ടിയില്ല. ഇന്നലെ പ്രൊഡക്‌ഷൻ വിഭാഗത്തിലുള്ളവർ ദിലീപിനെ അന്വേഷിച്ച് ഹോട്ടലിൽ എത്തി. മുറി തുറക്കാതായതോടെ ഹോട്ടൽ ജീവനക്കാരെ വിളിച്ചുവരുത്തി. പൊലീസിൽ വിവരം അറിയിച്ചു. മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ ദിലീപ് ശങ്കർ ഒട്ടേറെ സിനിമകളിലും വേഷമിട്ടു. അമ്മ അറിയാതെ, പഞ്ചാഗ്നി, സുന്ദരി എന്നീ സീരിയലുകളിൽ പ്രധാന കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.
1995ൽ ജൂഡ് അട്ടിപ്പേറ്റി സംവിധാനം ചെയ്ത റോസസ് ഇൻ ഡിസംബർ എന്ന സീരിയലിലൂടെയാണ് ദിലീപ് ശങ്കർ അഭിനയരംഗത്ത് എത്തുന്നത്. എറണാകുളം സ്വദേശിയാണ്. ദിലീപ് ശങ്കറിന്റെ ഭാര്യ സുമ: മക്കൾ: ദേവ ദിലീപ്, ധ്രുവ് ദിലീപ്. മൃതദേഹം ഇന്നു രാവിലെ 11 ന് എറണാകുളം ചിറ്റൂ൪ സെന്റ് മേരീസ് സ്കൂളിൽ പൊതുദ൪ശനത്തിനു ശേഷം 12 ന് ചേരാനല്ലൂർ ശ്മശാനത്തിൽ സംസ്കരിക്കും.