കാട്ടാക്കടയിൽ കെഎസ്ആർടിസി ഡ്രൈവിങ് സ്കൂൾ

Mail This Article
കാട്ടാക്കട ∙ ജില്ലയിലെ രണ്ടാമത്തെ കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്കൂൾ കാട്ടാക്കടയിൽ അടുത്ത മാസം പ്രവർത്തനം ആരംഭിക്കും. ഡിപ്പോയിലെ വിശാലമായ വളപ്പിലാകും സ്കൂൾ പ്രവർത്തിക്കുക. ഐ.ബി.സതീഷ് എംഎൽഎ, മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സിഎംഡി പ്രമോജ് ശങ്കറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഡിപ്പോയിലെത്തി സൗകര്യങ്ങൾ പരിശോധിച്ചു. 5 ഏക്കർ വിസ്തൃതിയുള്ള ഡിപ്പോയിൽനിന്നു കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കാനും സ്ഥലം പരമാവധി വികസന കാര്യങ്ങൾക്ക് വിനിയോഗിക്കാനും കൂടിക്കാഴ്ചയിൽ ധാരണയായി. സ്വീവേജ് സ്ഥാപിക്കുന്നതുൾപ്പെടെ കാട്ടാക്കട പഞ്ചായത്ത് നൽകിയ പദ്ധതികൾക്ക് ഉടൻ അംഗീകാരം നൽകുമെന്ന് മന്ത്രി ഉറപ്പു നൽകിയതായി എംഎൽഎ അറിയിച്ചു. ഡിപ്പോയുടെ ഭാവി വികസനം മുന്നിൽ കണ്ട് പദ്ധതി തയാറാക്കാൻ എംഎൽഎയുടെയും സിഎംഡിയുടെയും സാന്നിധ്യത്തിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. വിശദമായ പദ്ധതി തയാറാക്കാൻ എൻജിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ, ജന പ്രതിനിധികൾ, കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പൂജപ്പുര രാധാകൃഷ്ണൻ എന്നിവരും ഉദ്യോഗസ്ഥ സംഘത്തിനൊപ്പമെത്തി.