‘തേനീച്ച ബോംബ്’: കൂടിളകിയത് ബോംബ് ഭീഷണിയെ തുടർന്നുള്ള പരിശോധനയ്ക്കിടെ; കലക്ടർ രക്ഷപ്പെട്ടത് കാറിൽ

Mail This Article
തിരുവനന്തപുരം∙ ബോംബ് ഭീഷണിയെത്തുടർന്നു പരിശോധനയ്ക്കായി സിവിൽ സ്റ്റേഷനു പുറത്തിറക്കിയ ഉദ്യോഗസ്ഥർക്കും അവിടെയെത്തിയ ജനങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമടക്കം ഇരുനൂറിലേറെ പേർക്ക് തേനീച്ചകളുടെ കുത്തേറ്റു. ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നതിനിടെ തേനീച്ചക്കൂട് ഇളകിയതിനെ തുടർന്നാണിത്. റവന്യു വകുപ്പിലെ വനിതാ ടൈപ്പിസ്റ്റ് വിചിത്ര (35), ഓഫിസ് അസിസ്റ്റന്റ് സജികുമാർ (52), ജയരാജ് (42), ഷീബ (38), പ്രിയദർശൻ (31), സുമേഷ് (35), സാന്ദ്ര (26), ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഡപ്യൂട്ടി ചീഫ് ന്യൂസ് ഫൊട്ടോഗ്രഫർ ബി.പി.ദീപു എന്നിവർ ദേഹമാസകലം കുത്തേറ്റു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സബ് കലക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർക്കും കുത്തേറ്റു.

കലക്ടർ അനുകുമാരി ഉൾപ്പെടെയുള്ളവർ കാറിൽ കയറിയാണ് രക്ഷപ്പെട്ടത്. മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫർ റിങ്കുരാജ് മട്ടാഞ്ചേരിയിൽ, മനോരമ ന്യൂസ് റിപ്പോർട്ടർ ശ്യാം കാങ്കാലിൽ, ഡ്രൈവർ ഹരിദർശൻ എന്നിവരടക്കം മാധ്യമപ്രവർത്തകർക്കും 5 പൊലീസുകാർക്കും 2 ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും കുത്തേറ്റു.
പേരൂർക്കട ജില്ലാ ആശുപത്രിയിൽ മാത്രം 79 പേരാണ് ചികിത്സയിലുള്ളത്. ഉച്ചയ്ക്കു ശേഷം മൂന്നോടെയായിരുന്നു സംഭവം. ബോംബ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പലരും ഹെൽമറ്റ് ധരിച്ച് രക്ഷാമാർഗം തേടി ഓടിയപ്പോൾ വനിതാ ജീവനക്കാർ ഷാളും സാരിയും ഉപയോഗിച്ചും മറ്റു ചിലർ ചാക്കും ഹാർഡ് ബോർഡും കൊണ്ടും മുഖംമറച്ച് ഓടി. ചിലർ കെട്ടിടത്തിൽ കുടുങ്ങി. മറ്റു ചിലർ കാറിനുള്ളിൽ അടച്ചിരുന്നു.

ബോംബ്, ഡോഗ് സ്ക്വാഡുകൾ ഉച്ചയ്ക്ക് ഒന്നോടെ എത്തി പരിശോധന നടത്തുന്നതിനിടെയാണ് സിവിൽ സ്റ്റേഷന്റെ അഞ്ചാം നിലയിലെ പുറംചുമരിലെ 3 തേനീച്ചക്കൂടുകളിലൊന്ന് ഇളകിയത്. തേനീച്ച ആക്രമണം രൂക്ഷമായതോടെ കലക്ടർ, സബ് കലക്ടർ ഒ.വി.ആൽഫ്രഡ്, എഡിഎം ബീന പി.ആനന്ദ് എന്നിവരുടെ വാഹനങ്ങളിൽ ജീവനക്കാരെ കലക്ടറേറ്റിനു പുറത്തെത്തിച്ചു. വളപ്പിലുണ്ടായിരുന്ന കെഎസ്ആർടിസി ബസുകളും ഇതിനായി ഉപയോഗിച്ചു.

ബോംബ് ഭീഷണി വ്യാജം
ബോംബ് ഭീഷണി വ്യാജമെന്നു പിന്നീടു തെളിഞ്ഞു. ഉറവിടം കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസ് പറഞ്ഞു. ബോംബ് ഭീഷണി, തേനീച്ച ആക്രമണം എന്നിവയെ തുടർന്ന് ഇന്നലെ ഉച്ചയ്ക്കു ശേഷം കലക്ടറേറ്റ് പ്രവർത്തിച്ചില്ല. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിലുള്ള പ്രതിഷേധസൂചകമായി ബോംബ് വച്ചു എന്ന തരത്തിലുള്ളതായിരുന്നു സന്ദേശം. പത്തനംതിട്ട, കൊല്ലം കലക്ടറേറ്റുകളിലും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

ഇ മെയിൽ തുറക്കാൻ വൈകി;അയച്ചത് സ്ത്രീയുടെ പേരിൽ
തിരുവനന്തപുരം∙ കുടപ്പനക്കുന്നിലെ സിവിൽ സ്റ്റേഷൻ മന്ദിരത്തിൽ ബോംബ് വച്ചിരിക്കുന്നു എന്ന സന്ദേശം രാവിലെ ലഭിച്ചിട്ടും തുറക്കാൻ വൈകി. പത്തനംതിട്ടയിലും തിരുവനന്തപുരത്തും ലഭിച്ച ഇമെയിൽ സന്ദേശങ്ങൾ അയച്ചത് ഒരു വ്യക്തിയുടെ ഇ മെയിൽ ഐഡിയിൽനിന്ന്. ഇത് വ്യാജ ഇമെയിൽ ഐഡിയായിരിക്കാമെന്നു പൊലീസ് സൂചിപ്പിച്ചു. സ്ത്രീയുടെ പേരിലാണ് ഇംഗ്ലിഷിലുള്ള സന്ദേശം. ഇതിന്റെ വിശദാംശങ്ങൾ പരിശോധിക്കുകയാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസ് പറഞ്ഞു. കലക്ടറേറ്റിൽ പൈപ്പ് ആർഡിഎക്സ് സ്ഫോടനമുണ്ടാകുമെന്നായിരുന്നു സന്ദേശം. രാവിലെ ഏഴോടെയാണ് പത്തനംതിട്ടയിൽ സന്ദേശം ലഭിച്ചത്. ബോംബ് സ്ക്വാഡ് അരിച്ചുപെറുക്കിയിട്ടും തിരുവനന്തപുരം കലക്ടറേറ്റിൽ നിന്ന് ഒന്നും കണ്ടെടുക്കാനായില്ല. പൊലീസ് കേസെടുത്തു.
കൂട് ഇളകിയത് എങ്ങനെ?
കലക്ടറേറ്റ് സ്ഥിതി ചെയ്യുന്ന സിവിൽ സ്റ്റേഷൻ വളപ്പിലെ തേനീച്ചക്കൂട് ഇളകിയത് എങ്ങനെയെന്നത് അജ്ഞാതം. ബോംബ് സ്ക്വാഡ് കലക്ടറേറ്റിൽ തിരച്ചിൽ നടത്തുമ്പോൾ ശക്തമായ കാറ്റുണ്ടായിരുന്നതായി ജീവനക്കാർ പറഞ്ഞു. എന്നാൽ, കാറ്റിന്റെ സാന്നിധ്യം കൊണ്ടു മാത്രം തേനീച്ചക്കൂട് ഇളകുമോ എന്ന സംശയമുണ്ട്. കലക്ടറുടെ ഓഫിസ് സ്ഥിതിചെയ്യുന്ന മന്ദിരത്തിൽ 3 തേനീച്ചക്കൂടുകളാണുള്ളത്. ഇവ ജീവനക്കാർക്ക് ഭീഷണിയാണ്.
3 മാസം മുൻപ് ഒരു കൂട് അഗ്നിരക്ഷാ സേന നീക്കി. ഇപ്പോഴുള്ള മൂന്നു കൂടുകളും നീക്കണമെന്നാണ് ആവശ്യം. ബോംബ് സ്ക്വാഡിന്റെ പരിശോധനയ്ക്കിടെ ഉപകരണങ്ങൾ കൂടിൽ തട്ടിയതാകാം തേനീച്ചക്കൂട് ഇളകിയതെന്ന പ്രചാരണവും ഉയർന്നെങ്കിലും ബോംബ് സ്ക്വാഡ് നിഷേധിച്ചു. ഇത്തരം സാഹചര്യം ഉണ്ടാകില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ചെറുതും അപകടകാരികൾ
കുത്താനാവശ്യമായ കൊമ്പുകളില്ലാത്ത ചെറുതേനീച്ചകൾ മുതൽ ഏറ്റവും അപകടകാരിയായ മലന്തേനീച്ച വരെയുണ്ട് കേരളത്തിലെ തേനീച്ച ഗണത്തിൽ. ഒരു കുത്തോടെ തേനീച്ചയുടെ കൊമ്പൊടിഞ്ഞ് ശരീരത്തിൽ തറയ്ക്കും. അതോടൊപ്പം വിഷസഞ്ചിക്കു പരുക്കേറ്റ് തേനീച്ച ചാവുകയും ചെയ്യും. കുത്തേറ്റ സ്ഥലത്ത് വേദന, ചുവന്ന തടിപ്പ്, ചൊറിച്ചിൽ എന്നിവ ഉണ്ടാകാം.
കുത്തേൽക്കുന്നത് കണ്ണിലോ നാക്കിലോ വായിലോ ആണെങ്കിൽ അപകടം. അണുബാധയുണ്ടാകാനും സാധ്യത. തേനീച്ചക്കുത്തേറ്റാൽ മരണം വരെ സംഭവിക്കാവുന്ന സ്ഥിതിയുമുണ്ടാകാമെന്ന് പേരൂർക്കട ഗവ.ജില്ലാ ആശുപത്രിയിലെ ആർഎംഒ ഡോ. അനിൽ രാധാകൃഷ്ണൻ പറഞ്ഞു.
‘ബോംബ്’ പൊട്ടിച്ച് തേനീച്ചക്കൂട്ടം
കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിൽ ഇ–മെയിലായി എത്തിയത് വ്യാജ ബോംബായിരുന്നെങ്കിലും ശരിക്കും ബോംബ് പൊട്ടിച്ചത് തേനീച്ചകളായിരുന്നു. ബോംബിനായി തിരച്ചിൽ നടത്തിയ പൊലീസുകാർക്കും കിട്ടി തേനീച്ചകളുടെ ‘ഡബിൾ ബാരൽ’ കുത്ത്. കൂടിന്റെ ഒരു ഭാഗം അടർന്നു വീണപ്പോൾ കൊടുങ്കാറ്റു പോലെ തേനീച്ചക്കൂട്ടം ആക്രമിച്ചു. ബോംബ് ഭീഷണിയെ തുടർന്ന് ജീവനക്കാരെ ഒഴിപ്പിക്കാൻ കലക്ടർ അനുകുമാരി നിർദേശിച്ചിരുന്നു.
തുടർന്ന് കലക്ടറും ഉദ്യോഗസ്ഥരും ഉൾപ്പെടെ എല്ലാവരും പുറത്തു നിൽക്കുന്നതിനിടെയാണ് തേനീച്ചക്കൂടിളകിയത്. ഒറ്റപ്പെട്ടു പോയവരെ തേനീച്ചകൾ പൊതിഞ്ഞു കുത്തി. മാരമായി കുത്തേറ്റ റവന്യു വകുപ്പിലെ വനിതാ ടൈപ്പിസ്റ്റ് വിചിത്ര, ഓഫിസ് അസിസ്റ്റന്റ് സജികുമാർ എന്നിവരുടെ അടുത്തേക്ക് മറ്റുള്ളവർക്ക് അടുക്കാനായില്ല. അതിനിടെ ബോംബ് ഭീഷണി മോക് ഡ്രില്ലാണെന്ന പ്രചാരണവുമുണ്ടായി. ഇത് മോക് ഡ്രിൽ അല്ലെന്ന് പൊലീസ് പറഞ്ഞു.
തലയും മുഖവും മറയ്ക്കാൻ വസ്ത്രങ്ങൾ കിട്ടാത്തവർ പത്രക്കടലാസും ചാക്കും കാർഡ് ബോർഡും ഉപയോഗിച്ചാണ് പ്രതിരോധിച്ചത്. കലക്ടറെ കാറിൽ സ്ഥലത്തു നിന്ന് മാറ്റി. കലക്ടറും സബ് കലക്ടർ ഒ.വി.ആൽഫ്രഡും, എഡിഎം ബീന പി.ആനന്ദും കലക്ടറേറ്റ് വളപ്പിനു പുറത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. സമീപത്തെ കടയിലിരുന്നാണ് ഇവർ നിർദേശങ്ങൾ നൽകിയത്. പേരൂർക്കട ഗവ.ജില്ലാ ആശുപത്രി, മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സയിൽ കഴിയുന്നവരെ കലക്ടർ അനുകുമാരി, വി.കെ.പ്രശാന്ത് എംഎൽഎ എന്നിവർ ഇന്നലെ വൈകിട്ട് സന്ദർശിച്ചു.