കന്യാകുമാരി റെയിൽവേ സ്റ്റേഷൻ നവീകരണം ഇഴയുന്നു; 50 ശതമാനം പോലും പൂർത്തിയായില്ല

Mail This Article
നാഗർകോവിൽ∙ കന്യാകുമാരി റെയിൽവേ സ്റ്റേഷനിലെ നവീകരണ പ്രവർത്തനം ഇഴയുന്നു. സ്റ്റേഷനെ രാജ്യാന്തര നിലവാരത്തിൽ ഉയർത്തുന്നതിന്റെ ഭാഗമായി 49.36 കോടി രൂപ ചെലവിൽ 2023 ഫെബ്രുവരി 13ന് ആരംഭിച്ച നിർമാണ പ്രവർത്തനമാണ് ഇഴയുന്നത്. 19 മാസങ്ങൾക്കുള്ളിൽ പണികൾ പൂർത്തിയാക്കുമെന്നാണ് അറിയിച്ചിരുന്നത്.രണ്ടു വർഷം കഴിഞ്ഞിട്ടും 50 ശതമാനം പണി പോലും പൂർത്തിയായിട്ടില്ല. കെട്ടിടങ്ങളുടെ വിപുലീകരണം, ട്രാക്കുകളുടെ പുനരുദ്ധാരണം, നാലുവരിപ്പാതയുമായി ലിങ്ക്റോഡ് നിർമാണം രണ്ടാമതൊരു പ്രവേശന കവാടം.
എമർജൻസി എക്സിറ്റ്, ഉദ്യാനം, നവീകരിച്ച വിശ്രമകേന്ദ്രങ്ങൾ, റസ്റ്ററന്റ് , പാർക്കിങ് സൗകര്യം, ബസുകൾ വന്നുപോകാനുള്ള സൗകര്യം എന്നിവയാണ് നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കന്യാകുമാരിയുടെ പാരമ്പര്യ വാസ്തു ശിൽപകലയുടെ പ്രതിഫലനമായിരിക്കും സ്റ്റേഷന്റെ നവീകരണമെന്നും പണി പൂർത്തിയായാൽ രാജ്യത്തെത്തന്നെ മികച്ച റെയിൽവേ സ്റ്റേഷനുകളിലൊന്നായി ഇതു മാറുമെന്നുമാണ് റെയിൽവേ അധികൃതർ പറയുന്നത്.നിലവിൽ വിവേകാനന്ദ സ്മാരകത്തിനും തിരുവള്ളുവർ പ്രതിമയ്ക്കും മധ്യേ കണ്ണാടിപ്പാലം വന്നതോടുകൂടി കന്യാകുമാരിയിൽ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ചിട്ടുണ്ട്.