അധ്യാപകനും മകനും മർദനം: പ്രതിക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധം
Mail This Article
പാലോട്∙ രാത്രിയിൽ കോളജ് അധ്യാപകനെയും മകനെയും തടഞ്ഞു നിർത്തി മർദിച്ച സംഭവത്തിൽ ഒരു മാസത്തോളമായിട്ടും കുറ്റക്കാരനായ പാലോട് റേഞ്ച് ഓഫിസർക്കെതിരെ ഡിഎഫ്ഒ, വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിൽ പ്ലാവറ റസിഡന്റ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. വിഷയത്തിൽ സിപിഎം അടക്കം സംഘടനകൾ സമരങ്ങൾ നടത്തിയിട്ടും ഫലമുണ്ടായില്ല. മന്ത്രി ഓഫിസിലെ സ്വാധീനമാണ് നടപടി എടുക്കാത്തതിനു കാരണമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. നന്ദിയോട് പ്ലാവറ ബുസ്ഥാന മൻസിലിൽ റിട്ട. പ്രഫ. ഡോ. എ. ബൈജുവിനെയാണ് റേഞ്ച് ഓഫിസർ സുധീഷ്കുമാർ മർദിച്ചത്.
മകനൊപ്പം കോഴിക്കോട് നിന്ന് കാറിൽ വരവേ പുലർച്ചെ 3.30നാണ് മൈലമൂട് വച്ച് ലുങ്കിയും ടീ ഷർട്ടും ധരിച്ച രണ്ടു പേർ കൈകാണിച്ചത്. ഈ റോഡിൽ കവർച്ച ഉണ്ടായിട്ടുള്ളതിനാൽ കാർ നിർത്തിയില്ല. പിന്നാലെയാണ് റേഞ്ച് ഓഫിസിനു മുന്നിൽ തടഞ്ഞു ഓഫിസിലേക്ക് കൂട്ടിക്കൊണ്ടു പോയി മർദ്ദിച്ചതായി പറയുന്നത്. പൊലീസ് കേസെടുത്തെങ്കിലും ഡിപ്പാർട്മെന്റ് തലത്തിൽ നിന്ന് ഒരു നടപടിയും ഉണ്ടായില്ല. പാലോട് റേഞ്ച് ഓഫിസറെ സർവീസിൽ നിന്നും പിരിച്ചുവിട്ടു അന്വേഷണം നടത്തണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.