വീട് മ്യൂസിയമായപ്പോൾ; കലയെ ‘ചേസ് ’ചെയ്ത തോമസ്

Mail This Article
പേര്: തോമസ് ചേസ്, വയസ്സ്: 87. എന്തു ചെയ്യുന്നു എന്നാണ് അടുത്ത ചോദ്യമെങ്കിൽ തോമസ് തന്റെ വീട്ടിനുള്ളിലേക്ക് വിരൽ ചൂണ്ടും. തോമസും ഭാര്യ വെറോനിക്കയും ചേർന്ന് ഈ പ്രായത്തിൽ വീട്ടിൽ ഒരുക്കിയത് ഒന്നാന്തരം മ്യൂസിയം!
തൃശൂർ ∙ ഒന്നിച്ചുള്ള ഓരോ യാത്രകളും എന്നെന്നും ഓർത്തിരിക്കാൻ എന്തുചെയ്യണം? തോമസ് ചേസും ഭാര്യ വെറോനിക്കയും ഹൃദയം കൊണ്ടാലോചിച്ചു. യാത്ര കഴിഞ്ഞു മടങ്ങുമ്പോൾ ഓർമച്ചെപ്പിലെന്നും സൂക്ഷിക്കാൻ പാകത്തിന് അമൂല്യമായതെന്തെങ്കിലും ഒപ്പം കൊണ്ടു പോരാൻ ഇവർ ശീലിച്ചതങ്ങനെയാണ്.

40 വർഷത്തെ യാത്രകൾക്കിടെ ഇവർ ഒപ്പം കൂട്ടിയ ഓർമത്തുണ്ടുകൾ ഒടുവിൽ ഒന്നിച്ചു ചേർന്നൊരു കലാസംഹിതയായി മാറി. പെരിങ്ങാവിലെ ചാഴൂർ വീട്ടിൽ 9,000 ചതുരശ്രയടി വലുപ്പമുള്ള ഗാലറിയൊരുക്കി ഈ അമൂല്യവസ്തുക്കൾ പ്രദർശിപ്പിക്കുകയാണു തോമസും വെറോനിക്കയും. പാബ്ലോ പിക്കാസോയുടെ കലാസൃഷ്ടിയുടെ പകർപ്പടക്കം ഗാലറിയിൽ കാണാം.
കലയെ ‘ചേസ് ’ചെയ്ത തോമസ്
തോമസ് ചേസും (87) ഭാര്യ വെറോനിക്ക റോഡ്രിഗസും (85) തമ്മിലെ സുദീർഘ ദാമ്പത്യത്തോളം പഴക്കമുള്ളവയാണ് ഇവരുടെ കൈവശമുള്ള കലാസൃഷ്ടികളും. ഇലക്ട്രിക്കൽ എൻജിനീയറായ തോമസ്, അരനൂറ്റാണ്ടു മുൻപു പെരിങ്ങാവിലെ വീട്ടിൽ നിന്നു ജോലി ആവശ്യത്തിനായി ഗോവയിലെത്തുമ്പോൾ പേര് തോമസ് ചാഴൂർ എന്നായിരുന്നു. ആദ്യം കട്ടാർ പെട്രോളിയത്തിലും പിന്നീടു നേവിയിലും ജോലി.
തന്റെ പേരു വിളിക്കേണ്ടി വരുമ്പോഴെല്ലാം ‘ഴ’ എന്ന അക്ഷരം നാവിൽ വഴങ്ങാതെ മറ്റു ഭാഷക്കാർ കുഴങ്ങുന്നതു കണ്ടാണു ചാഴൂർ എന്ന വീട്ടുപേര് ‘ചേസ്’ എന്നാക്കി മാറ്റിയത്. ഗോവക്കാരിയായ വെറോനിക്കയെ കണ്ടുമുട്ടി വിവാഹം കഴിച്ചത് 1966–ൽ. കലാകാരിയും കലാസ്വാദകയുമായ വെറോനിക്കയാണു തോമസിനെയും കലാലോകത്തേക്കു കൈപിടിച്ചു കയറ്റിയത്.
വീട് മ്യൂസിയമായപ്പോൾ
പതിറ്റാണ്ടുകൾക്കിടെ സ്വന്തമാക്കിയ കലാശേഖരവുമായി ഏതാനും വർഷം മുൻപാണ് ഇവർ പെരിങ്ങാവിലെ വീട്ടിലേക്കു മടങ്ങിയെത്തിയത്. ഇവ സുരക്ഷിതമായി സൂക്ഷിക്കാൻ വീട്ടിൽ തന്നെ ഒരു ഗാലറി ഒരുക്കി. 3 നിലകളിലായി 9,000 ചതുരശ്രയടി ആണു വിസ്തീർണം. പൊതുജനത്തിനു പ്രവേശനം നൽകി 2019–ൽ ഗാലറി തുറന്നു കൊടുത്തു.
പിക്കാസോയുടെ ശിൽപത്തിന്റെ പകർപ്പ്, ചൈന പോട്ടറി ശേഖരം, പ്രൈഡ് ഓഫ് ഇന്ത്യ ഉൾപ്പെടെ അത്യപൂർവ സ്റ്റാംപ് കലക്‌ഷൻ, ഇംഗ്ലിഷ് രാജാക്കന്മാരുടെ ചില്ലു ശിൽപ ശേഖരം, ശ്രീബുദ്ധന്റെ വെള്ളി ശിൽപങ്ങൾ, ബ്രിട്ടിഷ് കോയിൻ വോലറ്റ് ശേഖരം, ഈജിപ്ഷ്യൻ ചിത്ര–ശിൽപ ശേഖരം, പല പ്രശസ്ത ചിത്രകാരന്മാരുടെയും ശിൽപികളുടെയും കലാസൃഷ്ടികൾ തുടങ്ങിയവ തോമസിന്റെയും വെറോനിക്കയുടെയും ശേഖരത്തിലുണ്ട്.
ഗാലറിയുടെ അടുത്തഘട്ട നിർമാണത്തിന്റെ സന്തോഷത്തിനിടയിലും ഇവരുടെ മനസ്സു വിഷമിപ്പിച്ച 2 സംഭവങ്ങൾ സമീപകാലത്തുണ്ടായി. പ്രളയത്തിൽ വെള്ളംകയറി കുറെയധികം അമൂല്യ സൃഷ്ടികൾ നശിച്ചു പോയതാണ് ആദ്യത്തേത്. ഏതോ മോഷ്ടാവ് 3 അമൂല്യ ചിത്രങ്ങൾ മോഷ്ടിച്ചു കൊണ്ടു പോയതാണു രണ്ടാമത്തെ സങ്കടം.
ഗോവയിലെ സ്വകാര്യ മ്യൂസിയം
യാത്രകളായിരുന്നു തോമസിന്റെയും വെറോനിക്കയുടെയും ജീവിതാഭിലാഷം. ഓരോ യാത്രകളിലൂടെയും സമാഹരിച്ച കലാസൃഷ്ടികൾ ചേർത്ത് ഇവർ ഗോവയിലൊരു ഗാലറി തുടങ്ങി. ഗോവയിലെ ആദ്യ സ്വകാര്യ ഗാലറി ഇതായിരുന്നുവെന്ന് ഇവർ പറയുന്നു. പിന്നീടു മുംബൈയിലേക്കു താമസം മാറി. പെയിന്റിങ്ങുകൾ, കളിമൺ കലാസൃഷ്ടികൾ, ശിൽപങ്ങൾ തുടങ്ങിയവ ശേഖരിക്കുന്നതു തുടർന്നു.
ഏഷ്യ, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളിലായി മുപ്പതിലേറെ രാജ്യങ്ങളിൽ യാത്ര ചെയ്തു. ചില രാജ്യങ്ങളിൽ പലവട്ടം പോയി. ഓരോ രാജ്യത്തു നിന്നു മടങ്ങിയപ്പോഴും വില നോക്കാതെ അപൂർവ കലാസൃഷ്ടികൾ ശേഖരിച്ചു. ഭദ്രമായി ഒപ്പം കൊണ്ടു പോന്നു.