‘ഞാൻ’ ഞാനാകുന്ന അഞ്ഞൂറാൻ നിമിഷം! അരങ്ങുകളെ തീപിടിപ്പിച്ച എൻ.എൻ.പിള്ളയുടെ ആത്മകഥ നാടകമായപ്പോൾ..
Mail This Article
അരങ്ങുകളെ തീപിടിപ്പിച്ച നാടകാചാര്യൻ എൻ.എൻ. പിള്ളയുടെ ആത്മകഥ ‘ഞാൻ’ നാടകമായപ്പോൾ
തൃശൂർ∙ അരവിന്ദാക്ഷക്കുറുപ്പ് കറുത്തമുടിയിൽ നരയ്ക്കാനുള്ള ലേപനം പൂശി. വെളുത്ത പല്ലുകളിൽ മുൻനിരയിലെ നാലെണ്ണം പുകയിലക്കറ പുരട്ടി കറുപ്പിച്ചു. മറ്റു നാടക കലാകാരന്മാരോടൊപ്പം ഒരുക്കമുറിയിലെ കണ്ണാടിയിൽ നോക്കി ആ ‘അഞ്ഞൂറാൻ ചിരി’ ഒന്നു ചിരിച്ചു നോക്കി. എൻ.എൻ പിള്ള അണിയറയിൽ തയ്യാർ. നാടകവേദിയിലെ വെള്ളിവെളിച്ചത്തിലേക്ക് ‘എൻ.എൻ.പിള്ള’ വന്നപ്പോൾ സദസ്സിന്റെ മനസ്സിൽ ആ ‘ഗോഡ്ഫാദർ ഡയലോഗ്’ ആയിരുന്നു: ‘മറക്കണോ, ഞാൻ എന്തൊക്കെ മറക്കണം...’
എൻ.എൻ. പിള്ളയെ മറക്കാനാവാതെ കാണികൾ കയ്യടിച്ചു. ടാസ് നാടകോത്സവത്തിൽ കൊച്ചിൻ ചൈത്രതാരയുടെ ‘ഞാൻ’ എന്ന നാടകമാണ് വേദിയിൽ എൻ.എൻ. പിള്ളയെ പുനരുജ്ജീവിപ്പിച്ചത്. ‘ഞാൻ’ ഞാനാകുന്ന നിമിഷമായിരുന്നു അത്. എൻ.എൻ. പിള്ളയുടെ നാടകങ്ങളിലെ കഥാപാത്രങ്ങളിലൂടെയും നാടകങ്ങളിലൂടെയും പിള്ളയുടെ ജീവിതം പറയുന്ന രീതിയിലായിരുന്നു നാടകം. തളിക്കുളം സ്വദേശിയായ അരവിന്ദാക്ഷക്കുറുപ്പ് മിമിക്രി വേദികളിൽ ‘അഞ്ഞൂറാൻ’ ആയി എത്തിയിരുന്നു.
എൻ.എൻ. പിള്ളയുടെ മകനും പ്രമുഖ നടനുമായ വിജയരാഘവൻ ചെയ്ത ഗുരുപ്രസാദം എന്ന ഡോക്യുമെന്ററിയിൽ എൻ.എൻ. പിള്ളയുടെ വേഷം അവതരിപ്പിച്ചതും അരവിന്ദാക്ഷക്കുറുപ്പാണ്. ഇതു കണ്ടിട്ടാണ് നാടകത്തിന്റെ അണിയറപ്രവർത്തകർ അരവിന്ദാക്ഷക്കുറുപ്പിനെ ‘പിടികൂടിയത്’. അമ്പൂട്ടി അരൂർ, എ.കെ. സുജിത്, സലി ബാലകൃഷ്ണൻ, സതീഷ് കോതേരി, അനിൽ ബാലു, അമ്പിളി കൃഷ്ണ, അനു കുഞ്ഞുമോൻ എന്നിവരായിരുന്നു മറ്റ് അഭിനേതാക്കൾ. എൻ. എൻ. പിള്ളയുടെ എൻഒസി, കാപാലിക എന്നീ നാടകങ്ങളിലെ ചില രംഗങ്ങളും വേദിയിലെത്തി.
നാടകത്തിൽ പ്രതിമയായാണ് ആദ്യ രംഗത്തിൽ എൻ.എൻ. പിള്ള എത്തുന്നത്. കേരളത്തിൽ ഈ നാടകാചാര്യന് ഇതുവരെ പ്രതിമയില്ലെന്ന സത്യവും നാടകത്തിന്റെ അണിയറ പ്രവർത്തകരായ ദേശികനും മനോജ് നാരായണും പറയാതെ പറയുന്നു. നാടകത്തിലെ പ്രതിമയ്ക്കു ചുവട്ടിൽ എൻ.എൻ. പിള്ളയുടെ ആ വാക്കുകൾ എഴുതി വച്ചിരിക്കുന്നു: എന്തൊരത്ഭുതം– എന്നെ പ്രപഞ്ചം സൃഷ്ടിച്ചതോ? അല്ല. ഞാൻ എന്നിൽക്കൂടി പ്രപഞ്ചം സൃഷ്ടിച്ചതോ?