രാത്രിവരെ എഗ്‌മൂർ എക്സ്പ്രസ് ഒന്നാം പ്ലാറ്റ്ഫോമിൽ; പാസഞ്ചറുകളിൽ കയറാൻ യാത്രക്കാരുടെ പെടാപ്പാട്!

Mail This Article
ഗുരുവായൂർ ∙ റെയിൽവേ സ്റ്റേഷനിൽ ഒന്നാം പ്ലാറ്റ്ഫോമിൽ എഗ്‌മൂർ എക്സ്പ്രസ് നിർത്തുന്നത് യാത്രക്കാരെ സഹായിക്കാനാണ് എന്ന് റെയിൽവേ അധികൃതർ. രാവിലെ 6.15ന് എത്തുന്ന എഗ്‌മൂർ രാത്രി 11.15 വരെ ഒന്നാം പ്ലാറ്റ് ഫോമിൽ കിടക്കുന്നതിനാൽ രണ്ടാം പ്ലാറ്റ്ഫോമിൽ എത്തി എറണാകുളം പാസഞ്ചറിലും തൃശൂർ പാസഞ്ചറിലും കയറാൻ യാത്രക്കാർ കഷ്ടപ്പെടുകയാണ്.
ഗുരുവായൂരിൽ ഏറ്റവുമധികം യാത്രക്കാർ ഉള്ള ട്രെയിനാണ് എഗ്‌മൂർ എക്സ്പ്രസ്. പ്രായമായവരും തിരുവനന്തപുരം ആർസിസിയിലേക്കു പോകുന്ന രോഗികളുമാണു യാത്രക്കാരിൽ അധികവും. ഇവരുടെ സൗകര്യത്തിനാണു ട്രെയിൻ ഒന്നാം പ്ലാറ്റ്ഫോമിൽ നിർത്തുന്നതെന്ന് എന്ന് റെയിൽവേ പറയുന്നു.
21 ബോഗികളുള്ള ട്രെയിൻ ഷണ്ടിങ് നടത്തി മാറ്റിയിടാൻ വിഷമമാണ്. 2 റെയിൽവേ ഗേറ്റ് അടയ്ക്കണം. സിഗ്നൽ നൽകാനും ബുദ്ധിമുട്ടാണ്. രാത്രി 12.15ന് എത്തി 3.15ന് മടങ്ങുന്ന തിരക്കുള്ള തിരുവനന്തപുരം ഇന്റർസിറ്റി ട്രെയിനും ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ ഇപ്പോൾ എത്തുന്നുണ്ട്.
ഈ മാസം 9ന് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച ഡിവിഷനൽ റെയിൽവേ മാനേജരാണ് എഗ്‌മൂർ ഒന്നാം പ്ലാറ്റ് ഫോമിൽ നിർത്താൻ തീരുമാനിച്ചത്. രണ്ടാം പ്ലാറ്റ്ഫോമിലേക്ക് എത്താനുള്ള നടപ്പാലവും നടപ്പാതയും ദൂരെയാണ്. പാളം കുറുകെ കടന്നാണ് പലരും ട്രെയിൻ പിടിക്കുന്നത്.