കലാമണ്ഡലത്തിൽ പെൺകുട്ടികളുടെ കഥകളി അരങ്ങേറ്റം നടന്നു

Mail This Article
ചെറുതുരുത്തി∙ കേരള കലാമണ്ഡലം കൽപിത സർവകലാശാലയിൽ കഥകളി വടക്കൻ വിഭാഗം ആദ്യ ബാച്ച് പെൺകുട്ടികളുടെയും ഒരു ആൺകുട്ടിയുടെയും അരങ്ങേറ്റം കൂത്തമ്പലത്തിൽ നടന്നു. കഥകളി ആചാര്യൻ ഡോ. കലാമണ്ഡലം ഗോപി വിദ്യാർഥികൾക്ക് മനയോല തൊടീച്ച് ആശിർവാദം നൽകി. മനയോല കല്ല് പൊടിച്ച് അരച്ച് വെളിച്ചെണ്ണ ചാലിച്ച് ഉണ്ടാക്കുന്ന ഇവ വിദ്യാർഥികളുടെ നെറ്റിയിലും രണ്ടു കവിളിലും രണ്ട് കൺപോളയിലുമാണു തൊടീക്കുന്നത്.
കലാമണ്ഡലം മുൻ പ്രിൻസിപ്പൽ കലാമണ്ഡലം എൻ.പി.എസ്. നമ്പൂതിരി പങ്കെടുത്തു. കലാമണ്ഡലം വടക്കൻ കളരി മേധാവി കലാമണ്ഡലം മുകുന്ദൻ, അധ്യാപകൻ കലാമണ്ഡലം സൂരജ് എന്നിവരുടെ ശിക്ഷണത്തിലാണു വിദ്യാർഥികൾ അരങ്ങേറ്റം നടത്തിയത്. കലാമണ്ഡലം കഥകളി വിഭാഗം ഡീൻ കെ. ബി. രാജാനന്ദ്, വടക്കൻ കളരി മുൻ മേധാവി കലാമണ്ഡലം കൃഷ്ണകുമാർ, തെക്കൻ കളരി മേധാവി കലാമണ്ഡലം രവികുമാർ എന്നിവർ പങ്കെടുത്തു.
2021 ഡിസംബർ ഒന്നിന് പഠനം ആരംഭിച്ച കഥകളി വടക്കൻ വിഭാഗം ആദ്യ ബാച്ച് പെൺകുട്ടികളായ കെ.എസ്. ആര്യ (എടപ്പാൾ), ഇ.എസ്. ശ്വേത ലക്ഷ്മി (കൊയിലാണ്ടി ), എം.എ. ത്രയംബക (താക്കോടി, കോഴിക്കോട്), എ. അക്ഷയ (കറുകപുത്തൂർ), ദുർഗ രമേഷ് (തൊടുപുഴ), ആൺകുട്ടി വി. അഭിജിത്ത് (വരവൂർ) എന്നിവരാണ് അരങ്ങേറ്റം കുറിച്ചത്.