ADVERTISEMENT

തൃശൂർ∙ കുട്ടികളും ഗർഭിണികളും ഹൃദയസംബന്ധമായ പ്രശ്നമുള്ളവരും കാണരുത്– ഇന്നലെ ഇറ്റ്ഫോക്കിൽ‌ അവതരിപ്പിച്ച ‘തേർഡ് റെയ്ക്കി’ന്റെ വേദിക്കു മുൻപിൽ പ്രദർശിപ്പിച്ച നോട്ടിസ് ആണിത്. കഴിഞ്ഞ ദിവസം ‘തേർഡ് റെയ്ക്കി’ന്റെ ആദ്യ പ്രദർശനത്തിനു ശേഷം ഒരു ഗർഭിണിക്ക് അസ്വസ്ഥത ഉണ്ടായതും ചിലർക്ക് ശാരീരികമായി അസ്വസ്ഥതകൾ ഉണ്ടായതുമാണ് ഈ നോട്ടിസിന് അടിസ്ഥാനം. ഇന്നലെ പ്രദർശനം നടന്നുകൊണ്ടിരിക്കുമ്പോൾ മെഡിക്കൽ സംഘം തിയറ്ററിനു പുറത്ത് നിലയുറപ്പിച്ചിരുന്നു.

ഇറ്റ്ഫോക്കിൽ ഇന്നലെ അവിയൽ ബാൻഡ് അവതരിപ്പിച്ച സംഗീത പരിപാടിയിൽ നിന്ന്. ചിത്രം മനോരമ
ഇറ്റ്ഫോക്കിൽ ഇന്നലെ അവിയൽ ബാൻഡ് അവതരിപ്പിച്ച സംഗീത പരിപാടിയിൽ നിന്ന്. ചിത്രം മനോരമ

ആദ്യ പ്രദർശനത്തെ സംബന്ധിച്ച് സമൂഹ മാധ്യമത്തിലും മറ്റും മോശം കമന്റുകൾ വന്നതിനെ തുടർന്ന് ഇന്നലത്തെ പ്രദർശനത്തിനു മുൻപ് പതിപ്പിച്ച നോട്ടിസിൽ ആളുകൾക്ക് എപ്പോൾ വേണമെങ്കിലും കയറുകയും ഇറങ്ങിപ്പോകുകയും ചെയ്യാം എന്നും എഴുതിയിരുന്നു. ശബ്ദത്തിന്റെയും ദൃശ്യങ്ങളുടെയും ഇൻസ്റ്റലേഷൻ ആയ ‘തേർഡ് റെയ്ക്ക്’ റോമിയോ കാസ്റ്റലൂസി ആണ് സംവിധാനം ചെയ്തത്.

ഇൻസ്റ്റലേഷന്റെ തുടക്കത്തിൽ എത്തുന്ന കഥാപാത്രത്തിനു ശേഷം പിന്നെ വാക്കുകൾ ആണ് സ്ക്രീനിൽ തെളിയുന്നത്. തുടർച്ചയായി പല പല വാക്കുകൾ വേഗത്തിൽ  തെളിയുമ്പോൾ അതിനെ പിന്തുടരാനാവാതെ കുഴങ്ങുന്ന മസ്തിഷ്കത്തിന് അതിനൊപ്പം ശബ്ദത്തെ കൂടി പിൻതുടരേണ്ടി വരുമ്പോൾ ശാരീരികമായി അവശരാകുകയാണ് പ്രേക്ഷകരിൽ പലരും. ചിലർ അപകടം മനസ്സിലാക്കി തിയറ്ററിനു പുറത്തു കടന്നു.

ആദ്യ പ്രദർശനം കഴിഞ്ഞ ഉടനെ തന്നെ സമൂഹമാധ്യമങ്ങളിൽ ഇതിനെതിരെ എഴുത്തുകളും പ്രത്യക്ഷപ്പെട്ടു. ശബ്ദം അതിരു കടക്കുമെന്ന് മനസ്സിലാക്കിയതിനാൽ സംഘാടകർ ചുവരിലെ ഫോട്ടോകളും മറ്റും പ്രദർശനത്തിനു മുൻപേ താഴേക്ക് ഇറക്കുകയും ചെയ്തിരുന്നു. എന്നാൽ, സംഗതി മനസ്സിലാക്കി മാത്രം കയറിയവരായതിനാൽ ഇന്നലെ കാര്യമായ എതിരഭിപ്രായം ഉണ്ടായില്ല. 

ടിക്കറ്റ് ഇല്ല

രാത്രി ഫാസിൽ നടത്തുന്ന നാടകത്തിന് ടിക്കറ്റ് നൽകാമെന്നു പറഞ്ഞ് ക്യൂവിൽ നിർത്തിയവരെ ടിക്കറ്റ് നൽകാതെ പറഞ്ഞയച്ചുവെന്ന് പരാതി. ‘പി തഡോയ്’ എന്ന നാടകത്തിന് ടിക്കറ്റ് നൽകാമെന്നു പറഞ്ഞ സംഘാടകർ പിന്നീട് ടിക്കറ്റ് പരിമിതമാണെന്നും അത് കഴിഞ്ഞുവെന്നു പറഞ്ഞെന്നുമാണ് പരാതി.

പവിലിയൻ തിയറ്ററിൽ നടത്തുമെന്ന് ആദ്യം നിശ്ചയിച്ച ഈ നാടകം കഴിഞ്ഞ ദിവസമാണ് രാമനിലയം ഫാസിലേക്ക് മാറ്റി നിശ്ചയിച്ചത്. ഇവിടെ ഇരിപ്പിടം പരിമിതമാണ്. ഇന്നലെ നടത്തുമെന്ന് നേരത്തേ പറഞ്ഞ തമിഴ് നാടകം ‘ഇടക്കിനി കഥയാരതം’ റദ്ദാക്കിയതും കാണികളെ നിരാശരാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com