ADVERTISEMENT

കൊണ്ടാഴി ∙ കായാംപൂവത്തു പടർന്നു പിടിച്ച കാട്ടു തീയിൽ 100 ഏക്കറോളം സംരക്ഷിത വനം കത്തി നശിച്ചു. ഇന്നലെ രാവിലെ ഒൻപതോടെ ഒന്നാം കല്ലിനു സമീപത്തെ മുതലംചിറ റബർ തോട്ടത്തിൽ നിന്നാണു തീ പടർന്നതെന്നു കരുതുന്നു. ഉണങ്ങിയ അടിക്കാടുകളിലൂടെ കാറ്റിന്റെ ഗതിയനുസരിച്ച് അതിവേഗം പടർന്നു പിടിച്ച തീ പൂർണമായും അണയ്ക്കാനായിട്ടില്ല. അടിക്കാട്ടിലെ പുല്ലും കുറ്റിച്ചെടികളും പൂർണമായും അഗ്നിക്കിരയായി. നൂറു കണക്കിനു യൂക്കാലി മരങ്ങൾ കത്തി കരിഞ്ഞു വീണു.

മാൻ, മുയൽ, പന്നി, മുള്ളൻ പന്നി എന്നീ മൃഗങ്ങൾ പല വഴിക്കു ചിതറിയോടി. വൻ തോതിൽ പുക ഉയർന്നതോടെ കൊണ്ടാഴി–മായന്നൂർ റൂട്ടി‍ൽ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. റോഡിന്റെ പടിഞ്ഞാറു ഭാഗത്തേക്കു പടർന്ന തീ പെട്ടെന്ന് അണയ്ക്കാനായതിനാൽ ജനവാസ മേഖലയ്ക്കു ഭീഷണിയായില്ല. മുതലംചിറ തോട്ടത്തിലും മാതാ എസ്റ്റേറ്റിലും തീ മൂലം ഒട്ടേറെ റബർ മരങ്ങൾ നാശമായി.

വടക്കാഞ്ചേരി, ആലത്തൂർ, വടക്കഞ്ചേരി എന്നിവിടങ്ങളിൽ നിന്ന് അഗ്നി രക്ഷാ സേന യൂണിറ്റുകളെത്തിയെങ്കിലും ഉൾക്കാട്ടിലേക്കു പ്രവേശിക്കാനാകാത്തതു മൂലം തീ നിയന്ത്രിക്കാൻ പാടുപെട്ടു. പഞ്ചായത്ത് അംഗങ്ങളായ ബിജു തടത്തിവിള, കെ.സുദേവൻ, ഇ.കെ. മനോജ്, വി.കെ. ബിജു എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ, പൊലീസ്, കെഎഫ്ഡിസി–വനം വകുപ്പ് ഉദ്യോഗസ്ഥർ, വാച്ചർമാർ എന്നിവർ ചേർന്നാണു തീ നിയന്ത്രിച്ചത്.

ഉടനെങ്ങും കുറയില്ല; വിയർക്കും!

തൃശൂർ ∙ മാർച്ച് ഒന്നിനു ശേഷം ചൂട് 3 ഡിഗ്രി വരെ ഉയർന്നു. പെട്ടെന്നു താഴേക്കില്ല എന്നുതന്നെയാണു വിവിധ ഏജൻസികൾ നൽകുന്ന സൂചന. വെള്ളാനിക്കരയിലും പീച്ചിയിലും രേഖപ്പെടുത്തിയ ചൂടാണ് ഔദ്യോഗികമായി കണക്കാക്കുന്നത്. മാർച്ച് ഒന്നു മുതൽ ഇന്നലെ വരെയുള്ള കണക്കി‍ൽ ഒരു ദിവസം പോലും ചൂടു കുറഞ്ഞിട്ടില്ല. ഇന്നലെ 36.5 ഡിഗ്രി സെൽഷ്യസായിരുന്നു.

എന്നാൽ തിങ്കളാഴ്ച ഇതു 37.4 ആണ്. സൂചന അനുസരിച്ചു ഇന്നു 38 ആയിരിക്കും ഉയർന്ന ചൂട്. ഉച്ചയ്ക്കു 2നും 3നും ഇടയിലാണു ഉയർന്ന ചൂടു രേഖപ്പെടുത്തുന്നത്. എന്നാൽ അനുഭവപ്പെടുന്ന ചൂട് ഇതിലും കൂടുതലാണ്. കെട്ടിടങ്ങൾക്കു സമീപവും റോഡിലുമെല്ലാം 40 ഡിഗ്രിയിലും കൂടുതലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com