ഏഷ്യൻ ഗെയിംസും വടക്കുന്നാഥനിലെ ആനയൂട്ടും; ആ ആനക്കഥ ഇങ്ങനെ
Mail This Article
തൃശൂർ ∙ 1982ൽ ഡൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസും തൃശൂരിലെ ആനയൂട്ടും തമ്മിലൊരു ബന്ധമുണ്ട്. അതേ ഗെയിംസ് തന്നെയാണ് വടക്കുന്നാഥ ക്ഷേത്രത്തിലെ ആനയൂട്ടിനു കളമൊരുക്കിയത്!
∙ ആ ആനക്കഥ ഇങ്ങനെ
ഡൽഹിയിലെ ഘോഷയാത്രയ്ക്കു ചന്തം പകരാൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിർദേശപ്രകാരം മുഖ്യമന്ത്രി കെ.കരുണാകരൻ മുൻകയ്യെടുത്താണ് ആണ് 32 ആനകളെ പ്രത്യേകം സജ്ജമാക്കിയ ട്രെയിനിൽ തൃശൂരിൽ നിന്ന് നിസാമുദീൻ വരെ എത്തിച്ചത്. യാത്രാക്ഷീണവും പ്രതികൂല കാലാവസ്ഥയും മൂലം ആനകൾ ക്ഷീണിതരായി. ഇതിലൊരാനയെ ഡൽഹിയിൽ തന്നെ നീരിൽ തളച്ചു. മടങ്ങിയ ആനകളെ ശുശ്രൂഷിക്കാനായി അന്നത്തെ പൗരപ്രമുഖരും പാറമേക്കാവ്, തിരുവമ്പാടി, ശങ്കരംകുളങ്ങര ക്ഷേത്രം ദേവസ്വങ്ങളും ചേർന്ന് ഒരു തീരുമാനമെടുത്തു.
ആനകൾക്കു വടക്കുന്നാഥ ക്ഷേത്രത്തിൽ ഗജപൂജയും ഗണപതിഹോമവും ഒരുക്കുക. അങ്ങനെ 1983ൽ ആദ്യ ഗജപൂജയും ആനയൂട്ടും സജ്ജമായി. ആന ചികിത്സാ വിദഗ്ധരായ ഡോ.കെ.സി.പണിക്കർ, ഡോ.രാധാകൃഷ്ണ കൈമൾ, ഡോ.ജേക്കബ് വി.ചീരൻ എന്നിവരുടെ നേതൃത്വത്തിൽ തയാറെടുപ്പുകൾ നടന്നു. ഹോമം നടത്തി, ആനകളെ കുളിച്ചൊരുക്കി, കരിമ്പടം വിരിച്ച് പൂജയ്ക്കും ഊട്ടിനുമായി നിരത്തി. പാറമേക്കാവ് പരമേശ്വരൻ, തിരുവമ്പാടി ചന്ദ്രശേഖരൻ, ഈയിടെ ചരിഞ്ഞ ശങ്കരംകുളങ്ങര മണികണ്ഠൻ എന്നിവയടക്കം അന്നത്തെ പേരെടുത്ത കൊമ്പന്മാർ ആദ്യ ഊട്ടിൽ പങ്കാളികളായി.