ജലസംഭരണി രണ്ടാഴ്ചയ്ക്കുള്ളിൽ പൊളിച്ചുനീക്കും: വാട്ടർ അതോറിറ്റി
Mail This Article
ഇരിങ്ങാലക്കുട∙ കുരിശങ്ങാടിയിലുള്ള കാലപ്പഴക്കം വന്ന ജലസംഭരണി സാങ്കേതിക അനുമതി ലഭിച്ചാൽ രണ്ടാഴ്ചയ്ക്കുള്ളിൽ പൊളിച്ചുനീക്കുമെന്നു വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. നഗരസഭയുടെ സ്ഥലത്ത് 1948ൽ സ്ഥാപിച്ച ഇരുമ്പ് ജലസംഭരണി തൂണുകൾ ദ്രവിച്ച് ഏതുസമയവും നിലംപൊത്താമെന്ന സ്ഥിതിയിലാണ്. ടാങ്ക് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയ്ക്കും വാട്ടർ അതോറിറ്റിക്കും വാർഡ് കൗൺസിലർ പി.ടി ജോർജ് മാസങ്ങൾക്ക് മുൻപ് നൽകിയ പരാതിയിൽ നഗരസഭ എൻജിനീയറിങ് വിഭാഗം റിപ്പോർട്ട് സമർപ്പിച്ചതാണ്. പൊളിച്ചുനീക്കാനുള്ള സർവേ റിപ്പോർട്ട് പൂർത്തിയായിട്ടുണ്ടെന്ന് അഞ്ച് മാസം മുൻപ് വാട്ടർ അതോറിറ്റി അറിയിച്ചെങ്കിലും പിന്നീട് ഒന്നും നടന്നില്ല. ജലസംഭരണിയുടെ മോട്ടർ ഷെഡിനു സമീപമാണു മേഖലയിലെ തൊഴിലാളികളുടെ വിശ്രമ കേന്ദ്രം. തുരുമ്പെടുത്ത ടാങ്ക് വാഹന യാത്രികർക്കും അപകടഭീഷണിയാണ്.