കാർത്തിക വേല ഇന്ന്; നാടാകെ ഉത്സവം

Mail This Article
തത്തകുളങ്ങര പൂരം; കാർത്തിക വേല ഇന്ന്
വെന്മേനാട് ∙ തത്തകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷം വർണാഭമായി. വിവിധ ദേശങ്ങളിൽ നിന്നുള്ള പൂരം വരവ് തട്ടകത്തെ ആവേശത്തിലാഴ്ത്തി. കൂട്ടിഎഴുന്നള്ളിപ്പിൽ 8 ആനകൾ നിരന്നു. വടകുറുമ്പകാവ് ദുർഗദാസൻ ഭഗവതിയുടെ തിടമ്പേറ്റി. ചെണ്ടമേളത്തിന് സുരേന്ദ്രൻ എളവള്ളിയും പാണ്ടിമേളത്തിന് ചൂരക്കാട്ടുകര ശ്രീജിത്ത് നമ്പീശനും നേതൃത്വം നൽകി. രാവിലെ അഭിഷേകം, മലർ നിവേദ്യം, കലം കരിക്കൽ എന്നിവ നടന്നു. വിശേഷാൽ പൂജയ്ക്ക് മേൽശാന്തി സൂര്യ നാരായണ ഭട്ട് കാർമികനായി. ദീപാരാധനയ്ക്ക് ശേഷം കളമെഴുത്ത് പാട്ട്, തായമ്പക, വിവിധ സമുദായങ്ങളുടെ ഐവർ കളി, കോൽക്കളി എന്നിവ നടന്നു. പരിപാടികൾക്ക് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ കെ.കെ. കണ്ണൻ, ബാബു മേൽവീട്ടിൽ, ടി.കെ. വാസു, പി.എസ്. പ്രേമൻ എന്നിവർ നേതൃത്വം നൽകി. ക്ഷേത്രത്തിൽ കാർത്തിക വേല ഇന്ന് ആഘോഷിക്കും. വെന്മേനാട് വടക്കുമുറി, ദർശന കോന്നൻ ബസാർ, കുരുക്ഷേത്ര ചുക്കുബസാർ, അസ്ത്ര ചുക്കുബസാർ തുടങ്ങിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ കരിങ്കാളി കൂട്ടങ്ങളും കലാരൂപങ്ങളും രാവിലെ 11ന പുറപ്പെട്ട് 3ന് ക്ഷേത്ര പരിസരത്ത് എത്തും. 3.30ന് വടക്കുംകാവിൽ ഗുരുതി തർപ്പണത്തോടെ ആഘോഷം സമാപിക്കും.
തൃത്തല്ലൂർ കൊറ്റായി ചാളിപ്പാട്ട് ക്ഷേത്രം
വാടാനപ്പള്ളി ∙ തൃത്തല്ലൂർ കൊറ്റായി ചാളിപ്പാട്ട് അന്നപൂർണേശ്വരി ക്ഷേത്രത്തിലെ ഉത്സവം ഇന്നും നാളെയുമായി ആഘോഷിക്കും. ഇന്ന് വൈകിട്ട് 7 മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ, മെഗാതിരുവാതിരക്കളി. ഞായറാഴ്ച രാവിലെ 8ന് ശീവേലി എഴുന്നള്ളിപ്പ്, 10 ന് കലാശാഭിഷേകം . വൈകിട്ട് 4ന് കൂട്ടിയെഴുന്നള്ളിപ്പ്. തൃപ്രയാർ അനിയൻമാരാരും സംഘവും നയിക്കുന്ന പഞ്ചവാദ്യവും ചെണ്ടമേളവും ദാസൻ സംഘത്തിന്റെ നാദസ്വരവും ഉണ്ടാകും. രാത്രി 7 മുതൽ 9 വരെ ശിങ്കാരിമേളം,ശിങ്കാരി കാവടി.
അകലാട് ബാലസുബ്രഹ്മണ്യ ക്ഷേത്രം
പുന്നയൂർ ∙ അകലാട് ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ താലപ്പൊലി, മകരച്ചൊവ്വ ഉത്സവം 23ന് ആഘോഷിക്കും. തിങ്കൾ മുതൽ അഷ്ടനാഗക്കളം, ഭൂതക്കളം, മുത്തപ്പൻ ഭൈരവൻ കളം, കരിങ്കുട്ടിക്ക് കളംപാട്ട്, മലനായാടി, മലങ്കുറത്തിയമ്മ കളംപാട്ട് എന്നിവ നടന്നു. ഇന്നു മുതൽ 3 ദിവസം സ്വാമി കലശം നടക്കും. 22 നു രാത്രി വിവിധ ഭാഗങ്ങളിൽ നിന്നും താലം എഴുന്നള്ളിക്കും. 23നു രാവിലെ 9നു വിവിധ സ്ഥലങ്ങളിൽ പൂത്താലം എഴുന്നള്ളിക്കും. 12നു പ്രസാദ ഊട്ട്, വൈകിട്ട് 6ന് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ നാടൻ കലാരൂപങ്ങളുടെ എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തി കൂട്ടി എഴുന്നള്ളിപ്പ് നടത്തും.

വാഴപ്പുള്ളി രാജരാജേശ്വരി ക്ഷേത്രം
കഴിമ്പ്രം ∙ വാഴപ്പുള്ളി രാജരാജേശ്വരി ക്ഷേത്രത്തിലെ ഉത്സവം കൊടിയേറി. 24 നാണ് ആഘോഷം. ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി മുല്ലങ്ങത്ത് നന്ദകുമാർ കൊടിയേറ്റം നടത്തി. അന്നദാനം, ഗാനമേള, രാത്രി വിമാനഗന്ധർവ പൂജ എന്നിവയുണ്ടായി. ഇന്ന് 6 മുതൽ മുത്തപ്പന്മാർക്ക് കലശാഭിഷേകം പൂജ, 8.30ന് നാരായണീയം പാരായണം. ഞായറാഴ്ച 9 ന് ഭഗവതിയുടെ ഗ്രാമപ്രദക്ഷിണം, ശ്രീഭൂതബലി. തിങ്കളാഴ്ച 10.30 ന് കളഭാഭിഷേകം, രാത്രി 8 ന് ഐവർനാടകം, പ്രസാദഊട്ട്, ചൊവ്വാഴ്ച 10.30ന് ഉത്സവബലി, രാത്രി 8ന് തായമ്പക. ബുധനാഴ്ച 9.30ന് ശീവേലി, വൈകിട്ട് 3ന് പൂരംവരവ്, 4ന് കൂട്ടിയെഴുന്നള്ളിപ്പ്, രാത്ര് 7.30 ന് നാടകം-മൂക്കുകുത്തി. 10.30ന് പള്ളിവേട്ട, തുടർന്ന് വിളക്കിനെഴുന്നള്ളിപ്പ് എന്നിവയുണ്ടാകുമെന്നു ഭാരവാഹികളായ വി.യു.ഉണ്ണിക്കൃഷ്ണൻ, വി.ആർ.രാധാകൃഷ്ണൻ, വി.കെ.ഹരിദാസ് എന്നിവർ അറിയിച്ചു.

കുട്ടൻകുളങ്ങര ക്ഷേത്രം
പെരുവല്ലൂർ ∙ പേനകം കുട്ടൻകളങ്ങര ക്ഷേത്രത്തിൽ മകര ഭരണി ഉത്സവം ആഘോഷിച്ചു. രാവിലെ അഭിഷേകം, മലർ നിവേദ്യം എന്നിവ നടന്നു. വിശേഷാൽ പൂജകൾക്ക് മേൽശാന്തി പുരുഷോത്തമൻ നമ്പൂതിരി കാർമികനായി. എഴുന്നളളിപ്പിന് ഒല്ലൂക്കര ജയറാം, അയിനിക്കുളങ്ങര മഹാദേവൻ എന്നീ ആനകൾ തിടമ്പേറ്റി. പഞ്ചവാദ്യത്തിന് കലാമണ്ഡലം വാസുദേവനും സംഘവും മേളത്തിന് അടാട്ട് കുട്ടനും സംഘവും നേതൃത്വം നൽകി. വൈകിട്ട് എത്തിയ നവോദയ, നാസി, കിരുശിങ്കൽ, ഗാങ്സ്റ്റാർ ക്ലബ്ബുകളുടെ ശിങ്കാരിമേളവും നാടൻ കലാരൂപങ്ങളും ഉത്സവത്തിന് മാറ്റുകൂട്ടി. ദീപാരാധനയ്ക്ക് ശേഷം പറ നിറയ്ക്കൽ, കേളി, മൈനർ സമുദായത്തിന്റെ നേതൃത്വത്തിൽ നാടകം എന്നിവ നടന്നു. പരിപാടികൾക്ക് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ടി.വി. രാജൻ, എ.ആർ. സുഗുണൻ, ഗംഗാധരൻ വലിയാക്കിൽ എന്നിവർ നേതൃത്വം നൽകി.

കോഴിക്കുളങ്ങര ഭരണി
ചാവക്കാട്∙ കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ഭരണി ഉത്സവം ആഘോഷിച്ചു. രാവിലെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ ഉണ്ടായി. പറചൊരിയൽ, പട്ടുംതാലിയും ചാർത്തൽ എന്നിവയ്ക്ക് തിരക്കുണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം വിവിധ ദേശങ്ങളിൽ നിന്നു വർണക്കാവടികൾ, നാടൻകലാരൂപങ്ങൾ, വിവിധ വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ എഴുന്നള്ളിപ്പുകൾ ക്ഷേത്രത്തിലെത്തി. രാത്രിയിൽ താലംവരവും തായമ്പകയും ഉണ്ടായി.