അവധി മുതൽ സർജിക്കൽ സ്ട്രൈക്ക് വരെ; സഹായത്തിന്റെ കടമൊന്നും ബാക്കി വയ്ക്കാതെ ‘സ്വന്തം നാട്’ വിട്ട് വീട്ടിലേക്ക്
Mail This Article
തൃശൂർ ∙ മഴ ശക്തമാകുമ്പോൾ കുട്ടികൾക്ക് അവധി പ്രഖ്യാപിക്കുന്ന കലക്ടർ മാമൻ, ധനസ്ഥാപന തട്ടിപ്പിൽ കോടികളുമായി മുങ്ങാൻ നിന്ന പ്രതികൾക്ക് തടയിടാൻ സർജിക്കൽ സ്ട്രൈക്ക് നടത്തുന്ന സൂപ്പർ കലക്ടർ, കോവിഡ് കാലത്ത് രക്ഷിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെ ചേർത്തുപിടിക്കുന്ന കരുതൽ കലക്ടർ; എല്ലാം ഒരാളാണ്. തൃശൂരിൽ എല്ലാവരുടെയും പ്രിയപ്പെട്ടവനായിരിക്കെ വി.ആർ.കൃഷ്ണതേജ ഇതാ ആന്ധ്രപ്രദേശിലേക്ക് ഡപ്യൂട്ടേഷനിൽ പോകുന്നു. സ്വന്തം നാട്ടിലേക്കാണ് പോകുന്നതെങ്കിലും സ്വന്തം നാട്ടിൽ നിന്ന് പോകുന്നതായാണ് തൃശൂരിനും കലക്ടർക്കും ഈ യാത്രയെപ്പറ്റി തോന്നുന്നത്. പഴയകാല കഥകൾ പറയുമ്പോഴും പാവപ്പെട്ടവർക്കു വേണ്ടി ടുഗെദർ തൃശൂർ ആരംഭിച്ചപ്പോഴും മെഡിക്കൽ കോളജിൽ ആധുനിക ഉപകരണങ്ങൾ വാങ്ങാൻ ഇടപെടൽ നടത്തിയപ്പോഴുമൊന്നും മലയാളിക്ക് തോന്നിയിട്ടില്ല, കൃഷ്ണതേജ മലയാളിയല്ലെന്ന്. അത്രയും ഹൃദയത്തോട് ചേർത്തുവച്ചിരുന്നു അവർ അദ്ദേഹത്തെ; തിരിച്ചും. ഒരു വർഷം, 3 മാസം, 3 ആഴ്ച, 5 ദിവസം. വി.ആർ.കൃഷ്ണതേജ തൃശൂരിന്റെ കലക്ടർ ആയി ചുമതലയിൽ ഇരുന്നത് അത്രയും കാലമാണ്.
ഇതിനിടെ, എന്തൊക്കെ നടപ്പാക്കി എന്ന് ആരൊടെങ്കിലും ചോദിച്ചാൽ ഏതു പദ്ധതിയെപ്പറ്റി ആദ്യം പറയുമെന്ന് ആരും ആശയക്കുഴപ്പത്തിലാകും. എല്ലാം തന്റെ ചുമതലകൾ മാത്രമെന്നാണ് കലക്ടറുടെ പക്ഷം. എല്ലാം നടപ്പാക്കിയത് തൃശൂരിന്റെ സഹകരണം കൊണ്ടാണെന്നും അദ്ദേഹം പറയുന്നു. കലക്ടറേറ്റിന്റെ പടിയിറങ്ങാനൊരുങ്ങുന്ന വി.ആർ.കൃഷ്ണതേജ ‘മലയാള മനോരമ’യോട് തൃശൂരിലെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.
അതിദരിദ്ര കുടുംബങ്ങളില്ലാത്ത തൃശൂർ ജില്ല എന്ന സ്വപ്നത്തെപ്പറ്റി?
∙ആലപ്പുഴയിൽ നടപ്പാക്കിയ ‘ഒരു പിടി നന്മ’ പദ്ധതിയുടെ മാതൃകയിലാണു ‘ടുഗെദർ ഫോർ തൃശൂർ’ പദ്ധതി ആരംഭിച്ചത്. സ്പോൺസർമാരെ കണ്ടെത്തി അതിദരിദ്ര കുടുംബങ്ങളിലേക്കു ഭക്ഷ്യക്കിറ്റുകൾ എത്തിക്കാനാണു ശ്രമിച്ചത്. 4,743 അതിദരിദ്ര കുടുംബങ്ങൾ ഉണ്ടെന്നു കണ്ടെത്തി. ആളുകളെ സഹായിക്കാൻ നമുക്കുചുറ്റും തന്നെ ആളുകളുണ്ട്. അവരെ കണ്ടെത്തുക എന്നത് മാത്രമാണ് ഞാൻ ചെയ്തത്. മറ്റുള്ളവരെ സഹായിക്കുക എന്നത് ഒരു ചുമതലയായി കുട്ടികളിൽ ചെറുപ്പം മുതൽക്കു തന്നെ മനോഭാവം വളരേണ്ടതുണ്ട്. സ്കൂളുകളെ പദ്ധതിയുടെ ഭാഗമാക്കിയത് അതിനാണ്. 113 സിബിഎസ്ഇ സ്കൂളുകൾ പദ്ധതി ഏറ്റെടുക്കാൻ തുടക്കത്തിൽത്തന്നെ സന്നദ്ധത അറിയിച്ചു.
കോവിഡ് കാലത്ത് മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് രക്ഷിതാവ് ആയി മാറിയല്ലോ?
∙കലക്ടർ മാമൻ എന്ന് വിശേഷിപ്പിച്ച് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചപ്പോൾ അതിലെ മാമൻ വിളി ഇഷ്ടപ്പെട്ട ഒരു കുട്ടി, അവൾക്ക് അച്ഛനുമമ്മയും ഇല്ല എന്ന സങ്കടവുമായി എനിക്കടുത്തെത്തി. അങ്ങനെയാണ് അത്തരം സാഹചര്യത്തെക്കുറിച്ചു മനസ്സിലാക്കുന്നത്. കോവിഡ് കാരണം മാതാപിതാക്കളോ അവരിലൊരാളോ നഷ്ടപ്പെട്ട കുട്ടികളുടെ തുടർപഠനം ജില്ലാ ഭരണകൂടം സ്പോൺസർമാരെ കണ്ടെത്തി ഏറ്റെടുക്കുകയായിരുന്നു. ആലപ്പുഴയിൽ നാനൂറിലേറെ കുട്ടികൾ പദ്ധതിയുടെ തണലിൽ എത്തി. തൃശൂരിൽ ഇപ്പോൾ 609 കുട്ടികളായി. പദ്ധതിയുടെ ഉദ്ദേശ്യം മനസ്സിലാക്കി സ്പോൺസർമാർ സ്വമേധയാ മുന്നോട്ടുവന്നു.
കുട്ടികളോട് വളരെയധികം താൽപര്യമുള്ള കലക്ടർ ആണല്ലേ?
∙അത് ഒരുപക്ഷേ, ഞാൻ വളർന്ന സാഹചര്യങ്ങളുടേതാകും. പക്ഷേ, കുട്ടികളുടെ കാര്യത്തിൽ മാത്രമല്ല, മുതിർന്നവരുടെ കാര്യത്തിലും വീഴ്ച വരുത്തിയിട്ടില്ല. മെഡിക്കൽ കോളജിലെ ഇടപെടലുകൾ ഓർക്കുമല്ലോ. നമ്മുടെ മെഡിക്കൽ കോളജ് എന്നു പറഞ്ഞാൽ അത് മറ്റ് രണ്ടു ജില്ലകളിലെ പാവപ്പെട്ടവർ കൂടി ആശ്രയിക്കുന്ന ആശുപത്രി ആണ്. മെഡിക്കൽ കോളജിലെ ആശുപത്രി വികസന സൊസൈറ്റി (എച്ച്ഡിഎസ്) ഫണ്ട് ആശുപത്രിയിൽ എത്തുന്ന രോഗികൾക്കു തന്നെ പ്രയോജനപ്പെടും വിധം വിനിയോഗിക്കാൻ സമിതി അധ്യക്ഷൻ എന്ന നിലയിൽ പദ്ധതികൾ ആവിഷ്കരിച്ചു. പുതിയ 6 ഡയാലിസിസ് യൂണിറ്റ് വാങ്ങാനും സിടി സ്കാനിങ് മെഷീൻ, അൾട്രാ സൗണ്ട് സ്കാനിങ് യന്ത്രം എന്നിവ വാങ്ങാനും തീരുമാനിച്ചു. എച്ച്ഡിഎസ് ഫണ്ടിൽ നിന്ന് 10.17 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയ വിഷയത്തിലും നടപടിക്കായി ഇടപെട്ടിരുന്നു.
കുടുംബത്തിന് തൃശൂർ ഇഷ്ടപ്പെട്ടുവോ?
∙അവർക്ക് തിരിച്ച് ആന്ധ്രയിലേക്ക് മടങ്ങാൻ മടിയായിരുന്നു എന്നു പറഞ്ഞാൽ മതിയല്ലോ. തൃശൂരിൽ വച്ചാണ് കുടുംബത്തിലേക്ക് പുതിയ കുഞ്ഞതിഥി എത്തിയത്.
തൃശൂരിനോട് എന്താണ് പറയാനുള്ളത്?
∙എ ബിഗ് താങ്ക്സ് .....
സഹായത്തിന്റെ കടമൊന്നും ബാക്കി വയ്ക്കില്ല...
സ്ഥലംമാറ്റത്തിന്റെ തിരക്കുകൾക്കിടയ്ക്കും അക്കാര്യം കലക്ടർ മറന്നില്ല, 2 കുട്ടികൾക്ക് സഹായം കൊടുക്കാതെ ബാക്കിവച്ചിട്ടുണ്ട്. ഇന്നലെ ആ കടവും കലക്ടർ വീട്ടി.വാഹനാപകടത്തിൽ രക്ഷിതാക്കൾ മരിച്ച 2 ആദിവാസി കുട്ടികൾക്ക് പഠനച്ചെലവു കണ്ടെത്താൻ സഹായിക്കണമെന്ന് സനീഷ് കുമാർ ജോസഫ് എംഎൽഎ കലക്ടറോട് അഭ്യർഥിച്ചത് മാസങ്ങൾക്കു മുൻപാണ്. ഒളരിക്കര നവജ്യോതി ബിഎഡ് കോളജിൽ ഒരു പരിപാടിക്ക് എത്തിയ കലക്ടർ കൃഷ്ണതേജ ഇക്കാര്യം കോളജ് അധികൃതരെ അറിയിക്കുകയും അവർ അപ്പോൾത്തന്നെ സഹായവാഗ്ദാനം നൽകുകയും ചെയ്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ സഹായം കൈമാറാൻ വൈകി.
കോയമ്പത്തൂരിൽ പഠിക്കുന്ന 7, 5 ക്ലാസ് വിദ്യാർഥികളായ സഹോദരങ്ങൾ മുത്തച്ഛൻ പാൽതുറൈയ്ക്കും മുത്തശ്ശി ആഷയ്ക്കുമൊപ്പം കലക്ടറേറ്റിലെത്തി. നവജ്യോതി കോളജ് മാനേജർ സിസ്റ്റർ ജെസിൻ തെരേസ, പ്രിൻസിപ്പൽ സിസ്റ്റർ ജിജി പോൾ, ബർസാർ സിസ്റ്റർ ലിസി എന്നിവർ സനീഷ് കുമാർ ജോസഫ് എംഎൽഎയുടെയും കലക്ടറുടെയും സാന്നിധ്യത്തിൽ ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. പഠനച്ചെലവ് ഏറ്റെടുക്കുന്നതിനൊപ്പം കുട്ടികളെ ഫോണിൽ വിളിച്ച് പഠനവിവരങ്ങൾ അന്വേഷിക്കുകകൂടി ചെയ്യണമെന്നും അദ്ദേഹം അഭ്യർഥിച്ചു.