ദേഹത്ത് വെള്ളം തെറിപ്പിച്ചതിനെ തുടർന്ന് വാക്കുതർക്കം: യുവാവിന് കുത്തേറ്റ സംഭവത്തിൽ 2 പേർ അറസ്റ്റിൽ
Mail This Article
പാവറട്ടി ∙ ദേഹത്ത് വെള്ളം തെറിപ്പിച്ചതിനെ തുടർന്നുള്ള വാക്കുതർക്കത്തിനിടെ യുവാവിന് കുത്തേറ്റ സംഭവത്തിൽ 2 പേരെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു. മരുതയൂർ സ്വദേശികളായ അമ്പാടി വീട്ടിൽ യഥുകൃഷ്ണൻ(22), പുതുവീട്ടിൽ അൽത്താഫ്(22) എന്നിവരാണ് അറസ്റ്റിലായത്. ഭക്ഷണ വിതരണ ശൃംഖലയുടെ ഡെലിവറി ബോയ് ആയ അകലാട് മൊയ്തീൻ പള്ളിക്ക് സമീപം താമസിക്കുന്ന അബ്ദുൽ സലീമിന്റെ മകൻ മുഹമ്മദ് ആദിലിനാണ്(23) കുത്തേറ്റത്. 22ന് വൈകിട്ടായിരുന്നു സംഭവം.
ചക്കംക്കണ്ടം ഭാഗത്ത് വച്ച് ബൈക്കിൽ സഞ്ചരിക്കുമ്പോഴാണു ദേഹത്തേക്ക് ചെളി വെള്ളം തെറിച്ചത്. പിന്നീട് പിൻ തുടർന്നെത്തി മരുതയൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് സമീപം വച്ചാണ് ആക്രമണം.. കൈമുട്ടിന് മുകളിലായാണ് കുത്തേറ്റത്. ഇൻസ്പെക്ടർ കെ.ജി.കൃഷ്ണകുമാർ, എസ്ഐമാരായ ഡി.വൈശാഖ്, ഐ.ബി.സജീവ്, എഎസ്ഐ നന്ദകുമാർ, സിപിഒമാരായ ജയകൃഷ്ണൻ, പ്രവീൺ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.