ADVERTISEMENT

തൃശൂർ ∙ ‘‘ഞാൻ ഈ മനോഹരമായ നാടിനോടു വിടവാങ്ങുകയാണ്. എത്ര നാളത്തേക്ക് ഇവിടെ നിന്ന് അകന്നു നിൽക്കാൻ സാധിക്കുമെന്ന് എനിക്കറിഞ്ഞുകൂടാ. ചുറ്റുപാടും ഞാൻ കാണുന്ന ഈ മനോഹര പ്രകൃതി ഭംഗികളിൽ നിന്ന് അകന്നു മാറുന്നത് അത്രതന്നെ പ്രയാസമുള്ള കാര്യമാണ്’’.  തൃശൂരിൽ ആദ്യ സന്ദർശനത്തിനെത്തി മടങ്ങും മുൻപു രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി നമ്മുടെ നാടിനെക്കുറിച്ചു പറഞ്ഞ വാക്കുകളാണിവ. ഗാന്ധിജിയുടെ ആ തൃശൂർ സന്ദർശനത്തിനും ഈ ആമുഖ വാക്കുകൾക്കും ഇന്നു  നൂറു വർഷം തികയുകയാണ്. 1925 മാർച്ച് 18നാണ് ഗാന്ധിജി ആദ്യമായി തൃശൂരിലെത്തിയത്.

1925 മാർച്ച് 18ന് തൃശൂർ നഗരത്തിലെ മണികണ്ഠനാലിലെ യോഗത്തിൽ ഗാന്ധിജി (ഫയൽ ചിത്രം)
1925 മാർച്ച് 18ന് തൃശൂർ നഗരത്തിലെ മണികണ്ഠനാലിലെ യോഗത്തിൽ ഗാന്ധിജി (ഫയൽ ചിത്രം)

കേരളത്തിലേക്കുള്ള ഗാന്ധിജിയുടെ രണ്ടാം വരവായിരുന്നു അത്. തൃശൂരിലേക്ക് ആദ്യവും. മാർച്ച് 18ന് ആലുവയിൽ നിന്ന് ഉച്ചയ്ക്കു രണ്ടോടെ ഗാന്ധിജിയും കൂട്ടരും ട്രാം വണ്ടി വഴി തൃശൂരിലെത്തി എന്നാണു ചരിത്ര രേഖകളിലുള്ളത്. തൃശൂരിലെത്തി വിവേകോദയം സ്കൂളിൽ അൽപനേരം വിശ്രമിച്ച ശേഷം മണികണ്ഠനാലിലെ യോഗ സ്ഥലത്തേക്ക്. ഇവിടെ വലിയ ജനക്കൂട്ടം കാത്തു നിൽക്കുന്നുണ്ടായിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കൾ, തൃശൂർ മുനിസിപ്പാലിറ്റി അധികൃതർ, യോഗക്ഷേമസഭാ പ്രവർത്തകർ, വിദ്യാർഥികൾ തുടങ്ങിയവർ ചേർന്നാണ് സ്വരാജ് റൗണ്ടിലെ മണികണ്ഠനാൽ പരിസരത്ത് ഗാന്ധിജിക്കു സ്വീകരണം ഒരുക്കിയത്. ഈ സ്വീകരണ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. 

‘‘ഈ മനോഹര പ്രദേശത്തെ കളങ്കമാക്കുന്നത് തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ എന്നീ ശാപങ്ങളാണ്. ഈ നാട്ടിൽ കണ്ടുകൂടായ്മ എന്നൊരു ശാപവുമുണ്ട്. മനുഷ്യനെ കാണുന്നതു തന്നെ അപകടമാണത്രെ. ഞാൻ ഈ നാടു വിടുന്നത് ഒരു പ്രതീക്ഷയോടെയാണ്. ഈ സമ്മേളനത്തിൽ സന്നിഹിതരായിട്ടുള്ളവർ ഈ കളങ്കം നിവാരണം ചെയ്യുന്നതിനു ശ്രദ്ധിക്കുമെന്നു ഞാൻ ആശിക്കുന്നു’’–അന്ന് ഗാന്ധിജി പറഞ്ഞു. സ്ഥാനമൊഴിഞ്ഞ കൊച്ചി രാജാവ് രാമവർമയുമായും അന്നു ഗാന്ധിജി കൂടിക്കാഴ്ച നടത്തി. വൈക്കം സത്യഗ്രഹത്തിനു പിന്തുണയുമായി ഗാന്ധിജി നടത്തിയിരുന്ന കൂടിക്കാഴ്ചകളുടെ ഭാഗമായിരുന്നു ഇതും. തൃശൂർ നഗരസഭയുടെയും യോഗക്ഷേമ സഭയുടെയും വിദ്യാർഥികളുടെയും ഓരോ മംഗളപത്രങ്ങളും അന്നു ഗാന്ധിജി സ്വീകരിച്ചു.

തൃശൂരിലെ പൊതുജനങ്ങളുടെ വകയായി പണക്കിഴിയും സത്യഗ്രഹത്തിനായി സമർപ്പിച്ചു. തുടർന്നു തൃശൂരിൽ നിന്നു വൈകിട്ടോടെ പാലക്കാട്ടേക്കു മടങ്ങി. പാലക്കാട്ടേക്കുള്ള വഴിയിൽ പട്ടികജാതി വിഭാഗത്തിന്റെ അപൂർവ സ്വീകരണവും ഗാന്ധിജിക്കു ലഭിച്ചു. ഗാന്ധിജിയുടെ കേരള സന്ദർശനങ്ങളിൽ സംഭവബഹുലമായ ദിവസങ്ങളായി കണക്കാക്കപ്പെടുന്നവയാണ് 1925 മാർച്ച് 8–19 വരെയുള്ള രണ്ടാം കേരള സന്ദർശനം.  കൊച്ചിയിൽ ആരംഭിച്ച് പാലക്കാട് അവസാനിച്ച ഈ യാത്രയിലാണ് അദ്ദേഹം തൃശൂരിലെത്തിയത്. തൊട്ടുകൂടായ്മയ്ക്കും അയിത്തത്തിനുമെതിരെ വലിയ മുന്നേറ്റത്തിനാണ് രണ്ടാം വരവിൽ ഗാന്ധിജി തുടക്കമിട്ടത്. 

അഞ്ചിൽ മൂന്നിലും തൃശൂരിൽ
5 തവണ കേരള പര്യടനം നടത്തിയ ഗാന്ധിജി മൂന്നു തവണയും തൃശൂരിലെത്തി. 1920, 1925, 1927, 1934, 1937 എന്നീ വർഷങ്ങളിലാണ് ഗാന്ധിജി കേരളം സന്ദർശിച്ചത്. ഇതിൽ 1925, 27, 34 വർഷങ്ങളിൽ അദ്ദേഹം തൃശൂരിൽ വന്നു. 1927–ൽ ഒക്ടോബർ 14, 15 ദിവസങ്ങളിലായിരുന്നു രണ്ടാം സന്ദർശനം. മൂന്നാമത്തെ തൃശൂർ സന്ദർശനം 1934 ജനുവരിയിലായിരുന്നു. 

ശതാബ്ദി പ്രാർഥന ഇന്ന് 
തൃശൂർ ∙ മഹാത്മാ ഗാന്ധി ആദ്യമായി തൃശൂർ സന്ദർശനത്തിന്റെ നൂറാം വാർഷിക ദിനമായ ഇന്ന് സർവോദയ ഗാന്ധിമാർഗം സംഘടനകളുടെ നേതൃത്വത്തിൽ ശതാബ്ദി പ്രാർഥന നടത്തും. രാവിലെ 9 മുതൽ 10 വരെ  വടക്കുന്നാഥ ക്ഷേത്ര മൈതാനിയിൽ മണികണ്ഠനാലിനും നെഹ്റു മണ്ഡപത്തിനും ഇടയ്ക്കുള്ള സ്ഥലത്താണ് പ്രാർഥന. ഗാന്ധിജി തൃശൂരിൽ സന്ദർശിച്ച വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും. ശതാബ്ദി പരിപാടികളുടെ ഭാഗമായി ജില്ലയിലെ 100 വായനശാലകൾക്ക് സർവോദയ പുസ്തകങ്ങൾ സമ്മാനിച്ചു. 100 പ്രഭാഷണങ്ങളും സംഘടിപ്പിച്ചു.

English Summary:

Mahatma Gandhi's first Thrissur visit in 1925 marked a pivotal moment in Kerala's history. His powerful words against untouchability and caste discrimination continue to inspire social justice movements.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com