ഇറിഡിയം തട്ടിപ്പിൽ കൂടുതൽ പരാതിക്കാർ രംഗത്ത്; 6 ലക്ഷം തട്ടിയെന്ന് പുതിയ പരാതി
Mail This Article
ഇരിങ്ങാലക്കുട∙ ഇറിഡിയം തട്ടിപ്പിൽ കൂടുതൽ പരാതിക്കാർ രംഗത്ത്. ഇറിഡിയം പരിശോധനയ്ക്ക് വേണ്ട റേഡിയേഷൻ പ്രൂഫ് ജാക്കറ്റ് വാങ്ങാനെന്ന പേരിൽ തട്ടിയെടുത്തത് 6 ലക്ഷം രൂപ. ഇതുസംബന്ധിച്ച് കൽപറമ്പ് കൈതവളപ്പിൽ ജാസ്മിയാണ് റൂറൽ എസ്പിക്ക് പരാതി നൽകിയത്. 3 ലക്ഷം രൂപ നിക്ഷേപിച്ചാൽ ഒരു കോടി രൂപ ലാഭം ഉണ്ടാകുമെന്ന് പറഞ്ഞ് ഭർത്താവിന്റെ സുഹൃത്താണ് പണം വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു. 2020 ൽ ബിസിനസ് സംസാസാരിക്കാൻ എന്ന് പറഞ്ഞ് ബെംഗളൂരുവിലെ മടിവാളയിലേക്ക് വിളിപ്പിച്ചു. ഇറിഡിയത്തെ കുറിച്ചു പറയുകയും ഇത് വനത്തിനുള്ളിലെ ക്ഷേത്രത്തിലാണ് ഉള്ളതെന്നും ഇതിന്റെ പരിശോധനയ്ക്ക് ആവശ്യമായ റേഡിയേഷൻ പ്രൂഫ് ജാക്കറ്റ് വാങ്ങാൻ ഒന്നര ലക്ഷം രൂപ ആവശ്യമാണെന്നും പറഞ്ഞു.
തുടർന്ന് 3 ലക്ഷം രൂപ ഇവർ ആവശ്യപ്പെട്ട അക്കൗണ്ടിലേക്ക് നൽകി. പിന്നീട് ഭർത്താവിന്റെ സുഹൃത്തിന് 3 ലക്ഷം രൂപ നേരിട്ടും നൽകി. ബിസിനസിന് നേതൃത്വം നൽകുന്ന ആൾ എന്ന് പറഞ്ഞ് കണ്ണൂർ സ്വദേശിയെ അന്ന് പരിചയപ്പെടുത്തിയിരുന്നു. പണം നൽകി രണ്ട് വർഷം കഴിഞ്ഞിട്ടും തിരികെ ലഭിക്കാതെ വന്നതോടെ 2024 മാർച്ചിൽ ഭർത്താവിന്റെ സുഹൃത്തിനെതിരെ കാട്ടൂർ പൊലീസിൽ പരാതി നൽകി. പൊലീസ് വിളിച്ചു വരുത്തിയപ്പോൾ പണം തിരികെ നൽകാം എന്ന് പറഞ്ഞെങ്കിലും പിന്നീട് നടപടി ഇല്ലാതെ വന്നതോടെയാണ് റൂറൽ എസ്പിക്ക് ജാസ്മി പരാതി നൽകിയത്.
മറ്റൊരു പരാതിയിൽ 3 പേർക്കെതിരെ കേസ്
ഇറിഡിയം തട്ടിപ്പിന് ഇരയായ മാപ്രാണം മാടായിക്കോണം സ്വദേശി കൊരമ്പിൽ മനോജ് നൽകിയ പരാതിയിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. ജിഷ, മാപ്രാണം സ്വദേശി പ്രസീത, പെരിഞ്ഞനം സ്വദേശി ഹരിസ്വാമി, എന്നിവർക്കെതിരെയാണ് കേസ് എടുത്തത്.
2018 ഓഗസ്റ്റ് മുതൽ 2019 ജനുവരി വരെ പല തവണകളായി 31000 രൂപ പ്രതികൾ വാങ്ങിയ പരാതിയിലാണ് കേസ്. 1000 രൂപയുടെ നിക്ഷേപത്തിന് ഒരു കോടിരൂപ തിരിച്ചു തരാം എന്നായിരുന്നു വാഗ്ദാനം.
ഹരി കൊൽക്കത്തയിലെ ഒരു മഠത്തിന്റെ മഠാധിപതി ആവാൻ പോവുകയാണെന്നും ബാങ്കുകളിൽ അനാഥമായി കിടക്കുന്ന പണം നിർധനരിലേക്ക് എത്തിക്കാൻ ഒരു ട്രസ്റ്റ് രൂപീകരിക്കുന്നുണ്ടെന്നും അതിന് പണം ആവശ്യമാണെന്നും പറഞ്ഞാണ് മനോജിന്റെ കയ്യിൽ നിന്ന് ആദ്യം പണം കൈപ്പറ്റിയതെന്ന് പൊലീസ് പറഞ്ഞു.
പിന്നീട് ഇറിഡിയം ലോഹം വിദേശത്തേക്ക് കയറ്റി അയച്ചിട്ടുണ്ടെന്നും അതിന്റെ ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് പണം തിരികെ നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.