കാട്ടാനകൾ 600 വാഴകൾ നശിപ്പിച്ചു

Mail This Article
പരിയാരം ∙ പഞ്ചായത്തിലെ വെട്ടിക്കുഴിയിൽ കാട്ടാനകൾ 600 ൽ അധികം കുലച്ച വാഴകൾ നശിപ്പിച്ചു. തട്ടിൽ സാബുവിന്റെ പതിനൊന്ന് ഏക്കറിലാണ് വൻതോതിൽ കൃഷിനാശം സംഭവിച്ചത്. തെങ്ങ്, കവുങ്ങ്, റംബുട്ടാൻ തുടങ്ങിയവയും കാട്ടാനകളുടെ വിളയാട്ടത്തെത്തുടർന്നു നിലംപൊത്തി. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കർഷകൻ അറിയിച്ചു. തോട്ടം നനയ്ക്കുന്ന പൈപ്പ്, സ്പ്രിൻക്ലർ എന്നിവ പൊട്ടി തകർന്നു. മരം തള്ളിയിട്ട് തോട്ടത്തിന്റെ അതിർത്തിയിൽ സ്ഥാപിച്ചിരുന്ന സോളർ സുരക്ഷാ വേലിയുടെ കമ്പി പൊട്ടിച്ചാണ് ആനക്കൂട്ടം പറമ്പിൽ പ്രവേശിച്ചത്.
തോട് വഴിയെത്തിയ ആനകൾ പിന്നീട് മതിൽ പൊളിച്ച് കാട്ടിലേക്കു കടന്നു. കഴിഞ്ഞ വർഷം കൃഷിയിടത്തിന്റെ ചുറ്റുമതിൽ 25 മീറ്ററോളം കാട്ടാനകൾ പൊളിച്ചു. തുടർച്ചയായി ഉണ്ടായ ആക്രമണങ്ങളിൽ ആയിരം വാഴ നട്ടതിൽ 300 വാഴകൾ മാത്രമാണ് തോട്ടത്തിൽ ശേഷിക്കുന്നത്. നഷ്ട പരിഹാരം ലഭിക്കുന്നതിന് വേണ്ടി പലവട്ടം അപേക്ഷകൾ സമർപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. കൊന്നക്കുഴി സ്റ്റേഷനിലെ വനപാലകർ കൃഷിയിടം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.