കണ്ണിനോ വിരലിനോ പരുക്കേറ്റാൽ ഇൻഷുറൻസ് ‘കോമയിൽ’ !

Mail This Article
തൃശൂർ ∙ സീതാറാം മില്ലിലായിരുന്നു ബാബുരാജിനു (28) ജോലി. മിൽ പൂട്ടിയപ്പോൾ ഓൺലൈൻ ഭക്ഷണ വിതരണമായി ഉപജീവനമാർഗം. നവംബർ 11ന് അയ്യന്തോളിലുണ്ടായ ബൈക്ക് അപകടത്തിലേറ്റത് ഗുരുതര പരുക്ക്. ബോധരഹിതനായി 19 ദിവസം ഗവ.മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന (ആർഎസ്ബിവൈ) ആനുകൂല്യം കിട്ടുമെന്നതിനാൽ കുടുംബം പണത്തെക്കുറിച്ചു തലപുകച്ചില്ല. എന്നാൽ, ബോധരഹിതനായി കിടന്നിരുന്നതിനാൽ കണ്ണിന്റെ സ്കാനിങ് നടന്നില്ല. അതിനാൽ ആനുകൂല്യവും കിട്ടിയില്ല. പല പരിശോധനകൾക്കും കുടുംബം പണം കണ്ടെത്തേണ്ടി വന്നു. കാലിൽ ശസ്ത്രക്രിയ നടത്തി.
പ്ലാസ്റ്റിക് സർജറി നടത്താൻ കോട്ടയം മെഡിക്കൽ കോളജിലെത്തിയെങ്കിലും ഏറെ ദിവസങ്ങൾ കാത്തിരിക്കേണ്ടി വരുമെന്നതിനാൽ ശസ്ത്രക്രിയ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാക്കി. ഇവിടെ ആർഎസ്ബിവൈ കാർഡ് സ്വീകരിക്കാത്തതിനാൽ കുടുംബത്തിനുണ്ടായത് വലിയ ബാധ്യത. വീട് 1300 ചതുരശ്ര അടി ഉള്ളതിനാൽ റേഷൻ കാർഡ് മുൻഗണനാ പട്ടികയിൽനിന്ന് ഈ കുടുംബത്തെ 3 വർഷം മുൻപ് മാറ്റിയിരുന്നു. അതോടെ, ആ ആനുകൂല്യങ്ങളും ഇല്ലാതായി. ചികിത്സയുമായി എങ്ങനെ മുന്നോട്ടുപോകുമെന്നറിയാതെ വിഷമിക്കുകയാണ് കുടുംബം. വിൽവട്ടം കുറ്റുമുക്ക് എളേടത്തുപറമ്പിൽ രാജുവിന്റെയും ശോഭയുടെയും മകനാണ് ബാബുരാജ്. ഫോൺ: 8589818639.
വിചിത്ര വ്യവസ്ഥ; വലഞ്ഞ് ജനം
രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന (ആർഎസ്ബിവൈ) ആനുകൂല്യം കിട്ടാൻ വിചിത്രമായൊരു വ്യവസ്ഥയുണ്ട്. ഇൻഷുറൻസിൽ ചേരുമ്പോൾ ബയോ മെട്രിക് സംവിധാനത്തിൽ ചേർത്ത അടയാളം ചികിൽസാ ആവശ്യം വരുമ്പോൾ വീണ്ടും രേഖപ്പെടുത്തണം. കണ്ണോ പെരുവിരലോ ആണ് രേഖപ്പെടുത്തേണ്ടത്. കണ്ണാണ് രേഖപ്പെടുത്തിയതെങ്കിൽ അപകടത്തിൽ ബോധം നഷ്ടപ്പെട്ടാൽ ആനുകൂല്യം കിട്ടില്ല. പെരുവിരൽ രേഖപ്പെടുത്തിയവർക്ക് വിരലിനു സാരമായി പരുക്കു പറ്റിയാൽ ആനുകൂല്യം നഷ്ടം. തട്ടിപ്പു തടയാനാണ് ഇതെന്നാണു വിശദീകരണം. എന്നാൽ, പാവപ്പെട്ട പലരും ആശുപത്രിയിൽ എത്തുമ്പോഴാണ് ഈ സങ്കീർണത അറിയുന്നത്.