ചാലക്കുടി നഗരസഭ ആധുനിക മത്സ്യ, മാംസ മാർക്കറ്റ് കെട്ടിടം നിർമാണം പുരോഗമിക്കുന്നു

Mail This Article
ചാലക്കുടി ∙ കിഫ്ബി ഫണ്ടിൽ നിന്നുള്ള 3.5 കോടി രൂപ ചെലവിൽ നിർമിക്കുന്ന നഗരസഭയുടെ ആധുനിക മത്സ്യ, മാംസ മാർക്കറ്റ് കെട്ടിടം പണിയിൽ പുരോഗമതി. മന്ദിരത്തിന്റെ തൂണുകളുടെ കോൺക്രീറ്റിങ് ജോലികൾ പുരോഗമിക്കുകയാണ്. നിർമാണത്തിലെ മെല്ലെപ്പോക്ക് ചൂണ്ടിക്കാട്ടി മലയാള മനോരമ വാർത്ത നൽകിയിരുന്നു. ഇതേ തുടർന്ന് സനീഷ്കുമാർ ജോസഫ് എംഎൽഎയും നഗരസഭാധികൃതരും ഇടപെടൽ നടത്തിയതോടെ നിർമാണ പ്രവർത്തനങ്ങൾക്കു ചൂടേറുകയായിരുന്നു.
നേരത്തെ മാർക്കറ്റിനകത്തെ മെയിൻ ഡ്രെയിൻ കടന്നു പോയിരുന്നതു നിർദിഷ്ട മന്ദിരത്തിന്റെ സ്ഥലത്തു കൂടിയായിരുന്നു. ഇതു മാറ്റി സ്ഥാപിക്കുന്നതു സംബന്ധിച്ച ആശയക്കുഴപ്പം കാലത്താമസത്തിനു കാരണമായി. പിന്നീടു ഡ്രെയ്നേജ് കിഴക്കു ഭാഗത്തേക്കു മാറ്റി പുനർനിർമിച്ചു. ഇതു പൂർത്തിയായതോടെ നേരത്തെ പൈലിങ് ജോലികൾ നടത്തിയ ഭാഗത്തു തൂണുകളുടെ നിർമാണം ആരംഭിക്കുകയായിരുന്നു. ഒക്ടോബറിലാണ് നിർമാണം ആരംഭിച്ചത്. കെട്ടിട നിർമാണം ആരംഭിക്കുന്നതിനു മുന്നോടിയായി ഈ ഭാഗത്തുണ്ടായിരുന്ന പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയിരുന്നു. ഈ കെട്ടിടങ്ങളിൽ കച്ചവടം നടത്തിയിരുന്നവരെ താൽക്കാലിക സ്റ്റാളുകൾ നിർമിച്ചു മാറ്റിയ ശേഷമാണ് 25 കടമുറികൾ പൊളിച്ചത്.
943 ചതുരശ്ര മീറ്റർ വിസ്തീർണത്തോടെയാണു കെട്ടിടം നിർമിക്കുന്നത്. ഉൾഭാഗത്തും പുറം ഭാഗത്തും മുറികളുണ്ടാകും. ഓഫിസ് മുറി, 20 കടമുറികൾ, 28 മത്സ്യ–മാംസ സ്റ്റാളുകൾ, 4 കശാപ്പുശാലകൾ, കോൾഡ് സ്റ്റോറേജ് റൂം, വെയ്റ്റിങ് ഏരിയ, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുമെന്ന് അധികൃതർ പറയുന്നത്. അകത്തേക്കു പോകാനായി 4 ഭാഗത്തു നിന്നു വഴിയും സജ്ജമാക്കും. അതിൽ രണ്ടു വഴികളിലൂടെ വാഹനങ്ങൾക്കും പോകാനാകും. ശുചിമുറി ബ്ലോക്കും ഒരുക്കും.
നഗരസഭാധ്യക്ഷൻ ഷിബു വാലപ്പൻ, നഗരസഭാ എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് സി.എസ്.സുരേഷ്, നഗരസഭാ യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് ബിജു എസ്.ചിറയത്ത്, നഗരസഭ സ്ഥിരസമിതി അധ്യക്ഷരായ എം.എം.അനിൽകുമാർ, ദീപു ദിനേശ് എന്നിവർ സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തി. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ, ജനറൽ സെക്രട്ടറി ബിനു മഞ്ഞളി, ട്രഷറർ ഷൈജു പുത്തൻപുരയ്ക്കൽ, വൈസ് പ്രസിഡന്റുമാരായ ചന്ദ്രൻ കൊളത്താപ്പിള്ളി, എം.ഡി.ഡേവിസ് എം.ഡി, റെയ്സൻ ആലൂക്ക ജോബി മേലേടത്ത് എന്നിവരും സ്ഥലത്തെത്തിയിരുന്നു.