പുത്തൂർ മൃഗശാല ഓണത്തിന് മുൻപ് തുറക്കുമെന്നു മന്ത്രിമാർ

Mail This Article
പുത്തൂർ ∙ ഓണത്തിനു മുൻപ് പുത്തൂർ മൃഗശാല നാടിനു സമർപ്പിക്കുമെന്നു മന്ത്രിമാരായ എ.കെ ശശീന്ദ്രനും കെ.രാജനും അറിയിച്ചു. പാർക്കിന്റെ നിർമാണ പുരോഗതി വിലയിരുത്താനായി ചേർന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും. മൃഗങ്ങളെ എത്തിക്കുന്നത് ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ ഓഗസ്റ്റിനു മുൻപ് പൂർത്തിയാക്കും.പാർക്കിലേക്കുള്ള റോഡിന്റെയും പാലത്തിന്റെയും നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും മന്ത്രിമാർ അറിയിച്ചു. കിഫ്ബി സിഇഒ കെ.എം. ഏബ്രഹാം യോഗത്തിൽ പങ്കെടുത്തു.
യോഗത്തിന് ശേഷം മന്ത്രിതല സംഘം സുവോളജി പാർക്ക് സന്ദർശിച്ചു.പുത്തൂർ സുവോളജിക്കൽ പാർക്കിലെ പരിശീലനം പൂർത്തിയാക്കിയ 13 ആനിമൽ കീപ്പർക്കു സർട്ടിഫിക്കറ്റുകൾ മന്ത്രിമാർ വിതരണം ചെയ്തു.പരിശീലനത്തിനിടെ മരിച്ച അമൽദേവിന്റെ ,കുടുംബത്തിന് ധനസഹായവും കൈമാറി. സ്‌പെഷൽ ഓഫിസർ കെ. ജെ വർഗീസ്, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ, അഡിഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ.പി പുകഴേന്തി, സെൻട്രൽ സർക്കിൾ സി.സി.എഫ് ഡോ. ആർ ആടലരശൻ, ഡി.എഫ്.ഒ രവികുമാർ മീണ, സുവോളജിക്കൽ പാർക്ക് ഡയറക്ടർ കെ. കെ സുനിൽകുമാർ, ബി.എൻ. നാഗരാജു, സി.പി.ഡബ്ല്യു.ഡി സൂപ്രണ്ടിങ് എൻജിനീയർ മധുസൂദനൻ റാവു എന്നിവർ പ്രസംഗിച്ചു.