ഗതാഗതക്കുരുക്ക് രൂക്ഷമാക്കി ഏനാമാവിലെ ‘കുപ്പിക്കഴുത്ത് ’

Mail This Article
ഏനാമാവ് ∙ സർവേകൾ പലത് നടത്തിയിട്ടും പള്ളിക്ക് സമീപമുള്ള ‘കുപ്പിക്കഴുത്തി’ന് ശാപമോക്ഷമായില്ല. തൃപ്രയാർ - കാഞ്ഞാണി - ചാവക്കാട് മരാമത്ത് റോഡിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്ന ഏനാമാവ് ‘കുപ്പിക്കഴുത്ത്’. ഇവിടെ ഒരു വാഹനം കടന്നു വരുന്നതിനിടെ മറ്റൊരു വാഹനത്തിന് എതിർദിശയിൽ കടന്നു പോകാനാകില്ല. ഇവിടത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കുപ്പിക്കഴുത്ത് നീക്കി റോഡ് വീതി കൂട്ടണമെന്നുള്ളത് ദീർഘ നാളായുള്ള ആവശ്യമാണ്. ഇതിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ വർഷങ്ങൾക്ക് മുൻപ് തുടങ്ങിയെങ്കിലും ഇതുവരെ നടപ്പിലായില്ല.
മരാമത്ത് വലപ്പാട് സെക്‌ഷന്റെ കീഴിലാണ് ഇൗ റോഡ്. കുപ്പിക്കഴുത്ത് ഒഴിവാക്കാൻ പല ഘട്ടങ്ങളിലായി സർവേകൾ പലത് കഴിഞ്ഞു. വീതി കൂട്ടാനുള്ള സ്ഥലം അളന്ന് മാർക്ക് ചെയ്ത് കല്ലുകളും സ്ഥാപിച്ചു. മതിയായ നഷ്ടപരിഹാരം ലഭിച്ചാൽ പരിസരത്തുള്ള വീട്ടുകാർ സ്ഥലം ഒഴിയാൻ തയാറുമാണ്. എന്നാൽ നടപടികളൊന്നും ഉണ്ടായില്ല. ഏനാമാക്കൽ സ്വദേശി താണിക്കൽ വീട്ടിൽ ടി.പി.ജോസഫ് ഇൗ വിഷയം നവകേരള സദസ്സിൽ പരാതിയായി ഉന്നയിച്ചു.
ഇതിന് മറുപടിയായി ലഭിച്ച കത്തിൽ സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായി ജില്ലാ ലാൻഡ് അക്വിസിഷൻ തഹസിൽദാർ സ്ഥലം സന്ദർശിക്കുകയും ഭൂമി ഏറ്റെടുക്കുന്നതിനായി 1.60 കോടി രൂപ ആവശ്യമായി വരുമെന്ന് അറിയിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ തുകയുടെ 5 ശതമാനം വരുന്ന തുക കണ്ടിൻജൻസി ചാർജ് ഇനത്തിൽ സ്പെഷൽ തഹസിൽദാരുടെ അക്കൗണ്ടിൽ അടവാക്കി രശീതി തയാറാക്കി നൽകിയെന്ന വിവരമാണ് ലഭിച്ചത്. എന്നാൽ പിന്നീട് ഇത് സംബന്ധിച്ച് വിവരമൊന്നും ലഭിച്ചില്ല.
ഇതേ തുടർന്ന് മുഖ്യമന്ത്രിക്ക് പരാതി അയച്ചു. കഴിഞ്ഞ ഡിസംബറിൽ ഗുരുവായൂരിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിലേക്ക് പരാതിക്കാരനെ വിളിച്ച് വരുത്തി. തുടർന്ന് ലഭിച്ച മറുപടിയിൽ സ്ഥലം ഏറ്റെടുക്കുന്നതിനായി 1.30 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും എന്നാൽ 52.50 ലക്ഷം രൂപ മാത്രമാണ് അനുവദിച്ചതെന്നും ബാക്കി വരുന്ന 1.18 കോടി രൂപ അനുവദിച്ച് ഭരണാനുമതി പുതുക്കണമെന്നാവശ്യപ്പെട്ട് സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ടെന്നും അറിയിച്ചു.
ഭരണാനുമതിയിൽ അധികരിച്ച് വരുന്ന 50 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച് കിട്ടുന്നതിന് മരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിലേക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. സർക്കാരിൽ നിന്ന് ഭരണാനുമതി പുതുക്കി ലഭിക്കുന്ന സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നു. പ്രശ്നത്തിൽ അടിയന്തര നടപടി വേണമെന്നാണ് പരാതിക്കാരന്റെയും നാട്ടുകാരുടെയും ആവശ്യം.