അടിപ്പാത നിർമാണത്തിനായി അടച്ചുകെട്ടൽ: മുരിങ്ങൂരിൽ പ്രതിഷേധം

Mail This Article
മുരിങ്ങൂർ ∙ ദേശീയപാത അടിപ്പാത നിർമാണത്തിനായി രണ്ടാമത്തെ ഭാഗവും അടച്ചു കെട്ടി നിർമാണം ആരംഭിച്ചതോടെ പ്രതിഷേധം ശക്തം. കരാർ കമ്പനി ജീവനക്കാർ എത്തി റോഡ് പൊളിച്ചതോടെ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സുനിതയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത് എത്തി. പഞ്ചായത്ത് പ്രസിഡന്റ് റോഡിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തു. സംഘർഷാവസ്ഥയെ തുടർന്നു ഡിവൈഎസ്പി കെ.സുമേഷിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തിയിരുന്നു. പ്രാദേശിക പ്രതിഷേധങ്ങൾക്ക് ദേശീയപാത അതോറിറ്റിയും കരാറുകാരും ചെവി കൊടുക്കുന്നില്ലെന്നാണു പരാതി. നേരത്തെ കലക്ടറുടെ ചേംബറിൽ ചർച്ച നടത്തിയിരുന്നെങ്കിലും സമവായമുണ്ടായില്ല.

മുൻപും പ്രധാന പൊളിക്കാനുള്ള നീക്കം പ്രതിഷേധങ്ങൾക്കു വഴിയൊരുക്കിയിരുന്നു. ജനകീയ പ്രതിരോധ സമിതി തടയാൻ ശ്രമിച്ചെങ്കിലും നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുകയായിരുന്നു. അധികൃതരുടെ നീക്കത്തിന് എതിരെ തിരുവനന്തപുരത്തു മന്ത്രിമാരെ കണ്ടു ചർച്ച നടത്തിയിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഇതു സംബന്ധിച്ചു കേസും നിലവിലുണ്ട്. തീരുമാനം വരും മുൻപു ദേശീയപാതയുടെ രണ്ടാമത്തെ പാതയിലും നിർമാണം ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ ദിവസവും ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ തുടർന്നു. ദേശീയപാതയിൽ ഇരു ഭാഗത്തേക്കും സർവീസ് റോഡ് ഉപയോഗപ്പെടുത്തി ബദൽ പാതയിലൂടെയാണ് വാഹനങ്ങൾ തിരിച്ചു വിടുന്നത്. ഇതിനിടെ മഴ പെയ്തതോടെ വെള്ളക്കെട്ടു രൂപപ്പെട്ടതും യാത്രാദുരിതത്തിനു വഴിയൊരുക്കി.