പുതുക്കാട് പഞ്ചായത്തിലെ ജനകീയ ഹോട്ടലിൽ തീപിടിത്തം

Mail This Article
പുതുക്കാട് ∙ദേശീയപാതയോരത്തെ പഞ്ചായത്ത് ഓഫിസിനോട് ചേർന്നുള്ള കുടുംബശ്രീ ജനകീയ ഹോട്ടലിൽ തീപിടിത്തം. അടുക്കള പൂർണമായും കത്തിനശിച്ചു.ആർക്കും പരുക്കില്ല.ഇന്നലെ വൈകിട്ട് നാലിനായിരുന്നു അപകടം.സിലിണ്ടർ മാറ്റിപ്പിടിപ്പിച്ച് ഗ്യാസ് അടുപ്പ് കത്തിച്ചയുടൻ തീ ആളിപ്പടരുകയായിരുന്നു. ഈ സമയം 2 പേർ അടുക്കളയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇവർ ഓടിമാറിയതിനാൽ രക്ഷപ്പെട്ടു.അടുക്കളയിലെ ഭക്ഷണസാധനങ്ങൾ, ഇലക്ട്രിക് വയറിങ്, കസേരകൾ, പാത്രങ്ങൾ, മിക്സി എന്നിവയടക്കം കത്തിനശിച്ചു.
തീ പടർന്ന് ചൂടുകൂടിയതോടെ അടുക്കളയിലെ ടൈൽസ് അടക്കം പൊട്ടി തെറിച്ചു പോയി.പുതുക്കാട് നിന്നും അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.പഞ്ചായത്ത് ഓഫിസ്, സബ് ട്രഷറി എന്നിവയും ഈ കെട്ടിടത്തോടനുബന്ധിച്ചാണ് പ്രവർത്തിക്കുന്നത്.തൊട്ടടുത്താണ് പുതുക്കാട് കെഎസ്ആർടിസി സ്റ്റാൻഡും ഉള്ളത്.അപകടം നടന്നയുടൻ ഓഫിസിലുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ബാബുരാജ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. പുതുക്കാട് തെക്കേ തൊറവ് സ്വദേശിനി ഉഷാ ബാലനാണ് ഹോട്ടൽ നടത്തുന്നത്.