കൺവൻഷൻ സെന്ററും മൾട്ടിപ്ലക്സ് തിയറ്ററും; പീച്ചിക്ക് പുതിയ വൈബ്, 9 സോണുകളിലായി വികസന പദ്ധതി

Mail This Article
പീച്ചി ∙ ഡാമിന്റെ അധീനതയിലുള്ള 86 ഏക്കർ ഭൂമിയിൽ പീച്ചി വിനോദസഞ്ചാര കേന്ദ്രത്തിന്റെ ബൃഹദ് വികസന പദ്ധതി തയാറാക്കുന്നതായി മന്ത്രി കെ.രാജൻ അറിയിച്ചു. പദ്ധതി ആസൂത്രണം ചെയ്യുന്നതിനായി മന്ത്രിമാരായ കെ.രാജൻ, റോഷി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ഒന്നാംഘട്ട പ്രവർത്തനം ഈ വർഷം തന്നെ ആരംഭിക്കും. 9 സോണുകളിലായാണ് വികസന പദ്ധതിയുടെ നിർമാണം നടക്കുക.
പ്രവേശന കവാടത്തിനോട് ചേർന്ന ആദ്യ സോണിൽ രാജ്യാന്തര കൺവൻഷൻ സെന്റർ, മൾട്ടിപ്ലക്സ് തിയറ്റർ കോംപ്ലക്സ്, പാർക്കിങ് ഏരിയ എന്നിവയും രണ്ടാം സോണിൽ എൻട്രൻസ് പ്ലാസയും ടിക്കറ്റ് കൗണ്ടറും മൂന്നാം സോണിൽ കെഇആർഐ അഡ്മിൻ ബ്ലോക്ക്, ഹോസ്റ്റൽ, ട്രേഡിങ് സെന്റർ, ലാബ്, ക്വാർട്ടേഴ്സ്, പാർക്കിങ് എന്നിവയും നാലാം സോണിൽ സെൻട്രൽ പാർക്കിങ് സോൺ, പൊതു ശുചിമുറി സമുച്ചയം, ക്ലിനിക് എന്നിവയുണ്ടാകും. ഷോപ്പിങ് സ്ട്രീറ്റ്, കിയോസ്ക്, ഫുഡ് കോർട്ടുകൾ, റസ്റ്ററന്റുകൾ എന്നിവ സോൺ അഞ്ചിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
അമ്യൂസ്മെന്റ് പാർക്ക്, അഡ്വഞ്ചർ പാർക്ക്, റോളർ കോസ്റ്റർ എന്നിവയോടെയാണ് സോൺ ആറ് ഒരുക്കുന്നത്. സോൺ ഏഴിൽ ഓപ്പൺ എയർ തിയറ്റർ, പ്രീ വെഡ്ഡിങ് ഷൂട്ടിങ് സ്പോട്ട്, സൈക്കിളിങ് ട്രാക്ക്, ലാൻഡ്സ്കേപ്ഡ് പാർക്ക്, മ്യൂസിക്കൽ ഫൗണ്ടൻ എന്നിവയുണ്ടാകും. സോൺ എട്ടിലാണ് പീച്ചി ഹൗസ് റെസ്റ്റൊറേഷൻ. അഡിഷനൽ മുറികൾ ഉള്ള കെട്ടിടം, റസ്റ്ററന്റുകൾ, കിച്ചൺ, ഗാർഡൻ എന്നിവയും ഈ സോണിൽ ഉണ്ട്.
സോൺ ഒൻപതിൽ ഡാം ലൈറ്റിങ്, പനോരമിക് ഗ്ലാസ് ലിഫ്റ്റ്, ഡാം സൗൺസ്ട്രീം ഗാർഡൻ, വാച്ച് ടവർ, ഗ്ലാസ് ബ്രിജ്, സ്വിമ്മിങ് പൂൾ, ഹെൽത്ത് ക്ലബ്, ഇൻഡോർ ഗെയിംസ്, കഫെറ്റീരിയ എന്നിവയുണ്ടാകും. മുഴുവൻ റോഡുകളുടെയും നവീകരണവും സംയോജനവും പദ്ധതിയിൽ ഉൾപ്പെടുത്തും. വിവിധ സ്ഥലങ്ങളിലുള്ള ഓഫിസുകൾ ഒറ്റ കെട്ടിടത്തിലേക്കു മാറ്റി സ്ഥാപിക്കാനും പദ്ധതിയുണ്ട്.