ADVERTISEMENT

പുല്‍പള്ളി ∙ ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന ആനയും കടുവയുമുൾപ്പെടെയുള്ള മൃഗങ്ങളെ ‘പുനരധിവസിപ്പിക്കാൻ’ ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ ആധുനിക സൗകര്യമൊരുക്കുന്നു. ഇതിനായി വനത്തിൽ 100 ഏക്കർ സ്ഥലം കണ്ടെത്തി പദ്ധതി തയാറാക്കിയതായി കടുവ സങ്കേതം ഡപ്യൂട്ടി കൺസർവേറ്റർ അറിയിച്ചു. പരുക്കേറ്റും മയക്കുവെടി നൽകിയും കൂട് സ്ഥാപിച്ചുമൊക്കെ പിടികൂടുന്ന മൃഗങ്ങളെ തുറന്നുവിടാൻ നിലവിൽ ഫലപ്രദമായ ഇടങ്ങളില്ലാത്തതിനാലാണു തീരുമാനം.

നിലവിൽ പിടികൂടുന്ന വന്യമൃഗങ്ങളെ ചികിത്സിക്കാനും പരിചരിക്കാനും മൈസൂരു മൃഗശാലയിലേക്ക് അയയ്ക്കുകയാണ്. ഒരു കടുവയുടെ പരിചരണത്തിനു വർഷം 7.5 ലക്ഷം രൂപ മൃഗശാലയിൽ അടയ്ക്കണം. മുറിവേറ്റ മൃഗത്തെ മൈസൂരുവിൽ എത്തിക്കുമ്പോഴേക്ക് ദൂരെയാത്രയും കാലാവസ്ഥാ മാറ്റവും മൂലം ഇവയുടെ ആരോഗ്യ സ്ഥിതി വഷളാവുകയും ചെയ്യും. മൃഗശാലയിലെ സ്ഥലപരിമിതിയും പ്രതിസന്ധിയാണ്.

പരുക്കേറ്റ മൃഗങ്ങൾക്കു ചികിത്സ നൽകി വനത്തിലേക്കു മടക്കിവിടുന്ന സംവിധാനമാണു പുതിയ കേന്ദ്രത്തിൽ ഒരുക്കുക. പ്രായമായ മൃഗങ്ങൾക്ക് ഇവിടെത്തന്നെ കഴിയാൻ സാഹചര്യമൊരുക്കും. വന്യമൃഗങ്ങളെ വനത്തിന്റെ സ്വാഭാവികതയിൽ ചികിത്സിക്കുന്നതും പരിചരിക്കുന്നതുമാണ് ഉത്തമമെന്നു ബോധ്യപ്പെട്ടതിനാലാണ് ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ അനുമതിയോടെ കേന്ദ്രം നിർമിക്കുന്നത്.

വയനാട്ടിലും വേണം പരിചരണ കേന്ദ്രം 

വന്യമൃഗശല്യം പരിധിവിടുന്ന വയനാട്ടില്‍ ഇത്തരമൊരു കേന്ദ്രം വേണമെന്ന ആവശ്യം ഏറെക്കാലമായുണ്ട്. വനാതിര്‍ത്തിയില്‍ ശല്യമുണ്ടാക്കുന്ന കടുവയടക്കമുള്ള മൃഗങ്ങളെ പിടികൂടിയാല്‍ അവയെ വിടാനും പരിചരിക്കാനും നിലവിൽ ഇവിടെ സൗകര്യമില്ല. വന്യജീവി സങ്കേതത്തിലും സൗത്ത്, നോര്‍ത്ത് വനം ഡിവിഷനുകളിലും മൃഗങ്ങളെ ഏറ്റെടുക്കേണ്ടി വരുമ്പോള്‍ ഉദ്യോഗസ്ഥര്‍ വലയുകയാണ്. 

കൂട് സ്ഥാപിച്ച് മൃഗങ്ങളെ പിടികൂടിയാല്‍ ജില്ലയിലൊരിടത്തും വിടാനാവില്ല. മൃഗശാലയിലോ മറ്റു വനപ്രദേശത്തോ പ്രവേശനാനുമതി ലഭിക്കാറില്ല. കടുവയുടെ കാര്യത്തില്‍ തീരുമാനമുണ്ടാകാന്‍ കാലതാമസമുണ്ടാകുന്നത് കൂട്ടിലാകുന്ന മൃഗത്തിന്റെ ജീവന്‍ അപകടത്തിലാക്കും. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com