ചില കുഴികളിൽ ഒരാൾക്ക് ഇറങ്ങി നിൽക്കാം; കോട്ടവയൽ– ചെമ്പകപ്പറ്റ റോഡിൽ ആളെ മൂടാവുന്ന കുഴി!

Mail This Article
പനമരം ∙ പൂതാടി പഞ്ചായത്തിലെ കോട്ടവയൽ – ചെമ്പകപ്പറ്റ റോഡിലെ വൻ കുഴികൾ അടയ്ക്കാൻ നടപടിയില്ല. വർഷങ്ങൾക്കു മുൻപ് ടാറിങ് നടത്തിയ റോഡിൽ ഇന്നു ടാറിന്റെ പൊടി പോലും കാണാനില്ല. റോഡിൽ രൂപപ്പെട്ട ചില കുഴികളിൽ ഒരാൾക്ക് ഇറങ്ങി നിൽക്കാം. ഇതുകൊണ്ടു തന്നെ വാഹനങ്ങൾ പോയിട്ടു കാൽനടയാത്ര പോലും പറ്റാത്ത അവസ്ഥയാണ്. ദിവസേന നൂറുകണക്കിനു യാത്രക്കാരും സ്കൂൾ ബസ് അടക്കം സർവീസ് നടത്തിയിരുന്ന റോഡാണ് ഇത്തരത്തിൽ തകർന്നു കിടക്കുന്നത്.

മഴക്കാലത്തിന് മുൻപ് റോഡിലെ 800 മീറ്റർ ദൂരം നവീകരിക്കുന്നതിന് കരാറായിരുന്നു. എന്നാൽ തുടക്കത്തിൽ തന്നെ പണി നിലച്ചതോടെ റോഡിൽ ചെളിനിറഞ്ഞു യാത്ര വഴിമുട്ടി. കരാറുകാരന്റെയും അധികൃതരുടെയും അനാസ്ഥയാണ് റോഡ് ഇത്തരത്തിലാകാൻ കാരണം. ഉടനടി റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ പഞ്ചായത്ത് ഓഫിസ് ഉപരോധമുൾപ്പെടെയുള്ള സമരവുമായി രംഗത്തിറങ്ങാനാണു നാട്ടുകാരുടെ തീരുമാനം.
കുഴികൾ അടയ്ക്കാൻ കലക്ടറുടെ നിർദേശം
കൽപറ്റ ∙ ജില്ലയിലെ റോഡുകളിൽ കുഴികൾ രൂപപ്പെട്ട് അപകട സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ കുഴികൾ ഉടൻ നികത്തി ഗതാഗത യോഗ്യമാക്കാൻ കലക്ടർ എ. ഗീതയുടെ നിർദേശം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ചു നിർദേശം നൽകിയത്. റോഡുകളുടെ നിലവിലുള്ള അവസ്ഥയും അതു പരിഹരിക്കാൻ സ്വീകരിച്ച നടപടികളും സെപ്റ്റംബർ 3ന് വൈകിട്ട് 3ന് അകം ലഭ്യമാക്കാൻ കേരള റോഡ് ഫണ്ട് ബോർഡ്, പൊതുമരാമത്ത് ദേശീയപാത വിഭാഗം,
പൊതുമരാമത്ത് റോഡുകളും പാലങ്ങളും വിഭാഗം ഡിവിഷനുകളുടെ എക്സ്ക്യൂട്ടീവ് എൻജിനീയർമാരോടു നിർദേശിച്ചിട്ടുണ്ട്. കുഴികൾ രൂപപ്പെട്ടതും ഉടൻ അറ്റകുറ്റപ്പണി ആവശ്യമുള്ളതുമായ റോഡുകളുടെ വിവരങ്ങൾ, കരാർ നൽകിയിട്ടുണ്ടെങ്കിൽ കരാറുകാരന്റെ പേരും വിലാസവും, ഇല്ലെങ്കിൽ റോഡ് ഗതാഗതയോഗ്യമാക്കുന്നതിനു സ്വീകരിച്ച നടപടികൾ എന്നിവ റിപ്പോർട്ട് ചെയ്യണം.നിർദേശങ്ങൾ പാലിക്കാതിരിക്കുകയോ കാലതാമസം കാരണം റോഡിൽ അപകടം സംഭവിക്കുകയോ ചെയ്താൽ ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടികൾ സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.