കാട്ടാനയെ ഭയന്ന് പൂതാടിയും പനമരവും

Mail This Article
പനമരം ∙ പൂതാടി, പനമരം പഞ്ചായത്തുകളിൽ കാട്ടാനശല്യം രൂക്ഷം. ജനവാസകേന്ദ്രങ്ങൾക്കൊപ്പം ടൗണിലും ഇറങ്ങുന്ന കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. പുലർച്ചെ യാത്രയ്ക്കായി ഇറങ്ങുന്നവർക്കും ഭീഷണിയാകുന്നു. തലനാരിഴയ്ക്കാണു പലരും രക്ഷപെടുന്നത്. ഇന്നലെ രാത്രി പാതിരി സൗത്ത് സെക്‌ഷൻ വനത്തിലെ കോച്ചേരിക്കടവ് ഭാഗത്തുനിന്നിറങ്ങിയ കാട്ടാന 3 പഞ്ചായത്തുകളുടെ അതിർത്തിയായ നടവയൽ ടൗണിലെ ആരോഗ്യകേന്ദ്രത്തിന്റെ സമീപമെത്തി നാശനഷ്ടമുണ്ടാക്കി. ആരോഗ്യ ഉപകേന്ദ്രത്തിനു സമീപത്തെ കൃഷിയിടത്തിൽനിന്ന് നടവയൽ പുൽപള്ളി റോഡിലേക്ക് ഇറങ്ങിയ കാട്ടാന ഇന്നലെ പുലർച്ചെ 4.15ന് ബസ് കയറുന്നതിനായി ടൗണിലേക്ക് വന്ന അധ്യാപകനായ നടവയൽ തോട്ടത്തിൽ ശിവദാസൻ (46) നെ ഓടിച്ചു.
സമീപത്തെ വീടിന് പിറകിലേക്ക് ഓടിക്കയറിയതിനെത്തുടർന്നു രക്ഷപെട്ടു. കനത്ത മഞ്ഞ് ആയതിനാൽ തൊട്ടടുത്തെത്തിയപ്പോഴാണ് ശിവദാസൻ കാട്ടാനയെ കണ്ടത്. തുടർച്ചയായി ഇറങ്ങുന്ന കാട്ടാന കൃഷികൾ നശിപ്പിച്ച് വെളുപ്പിന് പ്രധാന വഴിയേ മടങ്ങുന്നതിനാൽ പാൽ അളവിന് സൊസൈറ്റിയിലേക്കു പോകുന്നവർക്കും യാത്രക്കാർക്കും സഞ്ചരിക്കാൻ പറ്റാത്ത സാഹചര്യമാണ്. പൂതാടി പഞ്ചായത്തിൽ കാട്ടാനശല്യം രൂക്ഷമായിട്ട് 4 ആഴ്ചയിലേറെയായി.
ഭയം കാരണം പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ്. കഴിഞ്ഞദിവസം ഇറങ്ങിയ കാട്ടാനകളുടെ വിളയാട്ടത്തെത്തുടർന്നു നടവയൽ ടൗണിനു സമീപത്തെ മഠത്തിൽ സണ്ണി, പരത്തനാൽ തങ്കച്ചൻ, ചെള്ളിയിൽ റോബിൻ, വെണ്ണയപ്പള്ളിൽ ജോസഫ്, പട്ടേട്ട് ബേബി, കുന്നത്ത് ജോയി, പരത്തനാൽ അലക്സാണ്ടർ, റോബിൻസ് കിഴക്കൻഞ്ചേരി തുടങ്ങി ഒട്ടേറെ കർഷകരുടെ വീട്ടുമുറ്റത്തെ ജലസേചനത്തിനൊരുക്കിയ പൈപ്പുകളും ചെടികളും പച്ചക്കറികൃഷിയടക്കം നശിപ്പിച്ചു. തുടർച്ചയായി കാട്ടാനയിറങ്ങി നാശനഷ്ടം തീർത്തിട്ടും അധികൃതർക്ക് അനക്കമില്ലാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
വനംവകുപ്പ് വർഷങ്ങൾക്ക് മുൻപ് നിർമിച്ച വൈദ്യുത വേലിയും കിടങ്ങുകളും തകർന്നുകിടക്കുന്നതാണ് കാട്ടാന ശല്യം വർധിക്കാൻ കാരണം. കാട്ടാനശല്യത്തെക്കുറിച്ച് വനപാലകരോട് പരാതിപ്പെട്ടാൽ പലപ്പോഴും മറുപടി പോലും ലഭിക്കാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. തുടർച്ചയായ ദിവസങ്ങളിൽ കാട്ടാനയിറങ്ങിയിട്ടും അനങ്ങാപ്പാറനയം സ്വീകരിക്കുന്ന വനംവകുപ്പിനെതിരെ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ സമരം ആരംഭിക്കാനുള്ള നീക്കത്തിലാണ് കർഷകർ.